Connect with us

National

കോണ്‍ഗ്രസുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്പി പ്ലീനം

Published

|

Last Updated

ന്യൂഡല്‍ഹി :ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറിയായി ടി ജെ ചന്ദ്രചൂഢനെ വീണ്ടും തിരഞ്ഞെടുത്തു. ഷിബു ബേബി ജോണിനെ കേന്ദ്രസെക്രട്ടറി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 51 അംഗ കേന്ദ്രകമ്മിറ്റിയെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് ആര്‍ എസ് പി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഷിബു ബേബി ജോണടക്കം മൂന്ന് പേര്‍ പുതുതായി പ്രഖ്യാപിച്ച കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിലെ ആര്‍ എസ് പിയുടെ കോണ്‍ഗ്രസുമായിയുള്ള ബന്ധത്തെക്കുറിച്ച് പ്രത്യേകമായി പ്ലീനം ചേരാനും ദേശീയ സമ്മേളനം തീരുമാനിച്ചു.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം ചന്ദ്രചൂഢന്‍ ഒഴിഞ്ഞേക്കുമെന്ന് സൂചനകള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം മാറി നില്‍ക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്ത് ചന്ദ്രചൂഢന്‍ സജീവമല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം കോണ്‍ഗ്രസുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ് പി പ്രത്യേക പ്ലീനം ചേരും. ആറ് മാസത്തിന് ശേഷമാണ് പ്ലീനം വിളിക്കുന്നത്. കടുത്ത ഭിന്നതയാണ് ദില്ലിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലുണ്ടായത്. കേരള ഘടകത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. കേരളത്തിലെ ആര്‍ എസ് പി ഇടതുപക്ഷത്തോടൊപ്പം തന്നെ നില്‍ക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ഇടതു പാര്‍ട്ടികളുടെ ഐക്യം ഉണ്ടാകണം. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ കേരള ഘടകം പോയതു കൊണ്ടാണ് യു ഡി എഫുമായി കൂട്ടു ചേര്‍ന്നത്. ഇത് പാടില്ലെന്നും ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിന് പുറമെ ത്രിപുര, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേരള ഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെതിരെ ആഞ്ഞടിച്ചു.