Connect with us

Kannur

കശുമാവുകള്‍ പൂത്ത് തുടങ്ങി; കര്‍ഷകര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍

Published

|

Last Updated

കണ്ണൂര്‍: റബ്ബര്‍ കൃഷിയില്‍ തിരിച്ചടിയേറ്റ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കശുമാവുകള്‍ പൂത്ത് തുടങ്ങി. റബ്ബറിന്റെ ഉയര്‍ന്ന വിലയില്‍ മനംമയങ്ങി കശുമാവുകള്‍ വെട്ടിമാറ്റി റബ്ബര്‍ കൃഷിയില്‍ വ്യാപൃതരായതിനാല്‍ ചുരുക്കം ചില കര്‍ഷകര്‍ക്ക് മാത്രമേ കശുവണ്ടിക്കാലം സന്തോഷം പകരുന്നുള്ളൂ. കശുവണ്ടി വിരിഞ്ഞു തുടങ്ങിയതോടെ കര്‍ഷക മനസ്സുകളില്‍ ഇനി പ്രതീക്ഷയുടെ നാളുകള്‍. കാലവര്‍ഷം അവസാനിച്ച് വെയിലിന് ചൂടു കൂടിയത് മുതല്‍ തളിരിട്ട കശുമാവുകള്‍ പൂവിട്ടു തുടങ്ങി. ബഡ് കശുമാവ് തോട്ടങ്ങളില്‍ കശുവണ്ടിയും കായ്ച്ച് തുടങ്ങിയിട്ടുണ്ട്. സീസണ്‍ തുടക്കത്തില്‍ കിലോഗ്രാമിന് നൂറ് രൂപയാണ് വില. അതേസമയം മേഖലയില്‍ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുഴുശല്യം കാരണം കശുമാവുകള്‍ വ്യാപകമായി നശിച്ചതും ഉത്പാദനച്ചെലവിനനുസരിച്ചുള്ള വില ലഭിക്കാത്തതും കശുവണ്ടി കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. ജനുവരി മാസത്തോടെയാണ് കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പൂര്‍ണ വിളവെടുപ്പിന് സജ്ജമാകും.
കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോക്ക് 100 രൂപ ലഭിച്ചുവെങ്കിലും വിളവെടുപ്പിന് പാകമായതോടെ 50ഉം 60 ഉം രൂപയിലേക്ക് താഴ്ന്നു. മഴയൊന്ന് പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു. മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ കശുവണ്ടി കര്‍ഷകരുടെ പ്രശ്‌നങ്ങളും കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനായി കശുമാങ്ങയില്‍ നിന്ന് വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാനുള്ള നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഫെനി എന്ന പാനീയം കശുമാങ്ങയില്‍ നിന്നാണ് നിര്‍മിക്കുന്നത്. ജാം, ജെല്ലി, സിറപ്പ്, അച്ചാര്‍ എന്നിവയും ഉണ്ടാക്കുന്നു. വ്യാവസായിക അടിസ്ഥാനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡ്ഡിംഗ് മൂലം ഉത്പാദിപ്പിച്ച തൈകളാണ് ഉപയോഗിക്കുന്നത്. അണ്ടിത്തോടില്‍ നിന്നും എടുക്കുന്ന എണ്ണ വാര്‍ണിഷ്, പെയിന്റ് എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. കശുമാങ്ങയുടെ നീരില്‍ അല്‍പ്പം കഞ്ഞിവെള്ളം ചേര്‍ത്ത് നന്നായി ഇളക്കി കുറച്ചു നേരം വെച്ചാല്‍ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്‍പ്പം പഞ്ചസാര ചേര്‍ത്താല്‍ നല്ല ഒരു പാനീയമാണ്. പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. ധാതുക്ഷയം, ലൈംഗികശേഷിക്കുറവ്, താഴ്ന്ന രക്തസമ്മര്‍ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലില്‍ അരച്ചു കഴിച്ചാല്‍ ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കശുമാവ് കര്‍ഷകരെ രക്ഷിക്കുന്നതിനായി വിളവെടുപ്പിന് മുമ്പേ തന്നെ സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് സജീവമാക്കുന്നതിന് ഒട്ടേറെ ആനുകൂല്യങ്ങളുടെ പ്രത്യേക പദ്ധതി തയ്യാറാക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവശേഷിക്കുന്ന കശുമാവ് കര്‍ഷകരെയെങ്കിലും ഈ രംഗത്ത് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുകയുള്ളൂ.
ഫെബ്രുവരി ആദ്യവാരംതന്നെ കശുവണ്ടി വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും കര്‍ഷകരും. കശുമാവ് കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിന്റെ ഭാഗമായി കശുമാങ്ങയില്‍ നിന്നും വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുന്നതിന് കുടുംബശ്രീ യൂനിറ്റുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ഒന്നര ലക്ഷം രൂപ വരെ സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ എസ് എ സി സി) ധനസഹായം നല്‍കുന്നുണ്ട്.
ഒരു യൂനിറ്റ് തുടങ്ങുന്നതിന് രണ്ട് ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നതിനാല്‍ ഇതിന്റെ എഴുപത്തഞ്ച് ശതമാനം സബ്‌സിഡി ആയി നല്‍കും.
ഇത്തരത്തില്‍ ഉത്പാദനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കുടുംബശ്രീ യൂനിറ്റുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ഇതിനായി കെട്ടിട സൗകര്യങ്ങളും, വൈദ്യുതിയും, ശുദ്ധജലവും ഉണ്ടായിരിക്കണം. കശുമാങ്ങയുടെ ലഭ്യതയും അനിവാര്യമാണ്.

Latest