ശൈഖ് മുഹമ്മദ് റിയാദ് ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സന്ദര്‍ശിച്ചു

Posted on: December 11, 2015 4:58 pm | Last updated: December 11, 2015 at 4:58 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റിയാദിലെ കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്  സന്ദര്‍ശിക്കുന്നു
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റിയാദിലെ കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സന്ദര്‍ശിക്കുന്നു

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റിയാദിലെ കിംഗ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സന്ദര്‍ശിച്ചു.
സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന 36ാമത് ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശൈഖ് മുഹമ്മദ്. ഇവിടെ നിര്‍മിക്കുന്ന ഫൈനാന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മാതൃക ശൈഖ് മുഹമ്മദ് നിരീക്ഷിച്ചു. സഊദി 2,800 കോടി റിയാലാണ് കോംപ്ലക്‌സ് നിര്‍മാണത്തിനായി മാറ്റിവെക്കുന്നത്. ഇവിടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സഊദി ഉദ്യോഗസ്ഥര്‍ ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു. മധ്യപൗരസ്ത്യ ദേശത്ത് നടപ്പാക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും ചെലവേറിയ പദ്ധതിയാണിത്. കോംപ്ലക്‌സിന്റെ വലിപ്പം, സാങ്കേതിക മികവ്, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദമായി ഉദ്യോഗസ്ഥര്‍ ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു. 16 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് 70 ഗോപുരങ്ങളോട് കൂടിയ കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കുക.
സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ ആസ്ഥാനവും ഇതിലായിരിക്കും പ്രവര്‍ത്തിക്കുക. സഊദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഫൈനാന്‍ഷ്യല്‍ അക്കാദമി, വിവിധ ബേങ്കുകളുടെ ആസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കും. നിരവധി കമ്പനികളും ഭരണനിര്‍വഹണ കേന്ദ്രങ്ങളും ഒപ്പം ഇതര സാമ്പത്തിക സ്ഥാപനങ്ങളും കോംപ്ലക്‌സിന്റെ ഭാഗമാകും. വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന നിരവധി സംരംഭങ്ങളും ഉള്‍കൊള്ളിച്ചാണ് കോംപ്ലക്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. അല്‍ വാദി പാര്‍ക്ക്, അക്വാറിയം, പരിസ്ഥിതി മ്യൂസിയം, കലാവസ്ഥാ കേന്ദ്രം, സയന്‍സ് മ്യൂസിയം തുടങ്ങിയവ ഇതില്‍ ഉള്‍പെടും. സഊദിയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ശൈഖ് മുഹമ്മദ് ആദരവും സന്തുഷ്ടിയും പ്രകടിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തികമായി പുരോഗതി കൈവരിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന് കീഴില്‍ വികസിതവും സമ്പല്‍സമൃദ്ധവുമായ സഊദി അറേബ്യയെയാണ് യു എ ഇ ആഗ്രഹിക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ സാമ്പത്തികകാര്യ സഹ മന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായര്‍, മറ്റൊരു സഹമന്ത്രിയായ റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാശിമി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു.