ഐ എസ് എല്‍ സെമിഫൈനലിന് തുടക്കം:ബസീലിയന്‍ പോരാട്ടം

Posted on: December 11, 2015 5:39 am | Last updated: December 11, 2015 at 12:40 am

ziconewdec10ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനലിന് ഇന്ന് എഫ് സി ഗോവ-ഡല്‍ഹി ഡൈനമോസ് മത്സരത്തോടെ തുടക്കം. ആദ്യ പാദമാണ് ഇന്ന് നടക്കുന്നത്. രണ്ടാം പാദം പതിനഞ്ചിന് ഗോവയിലാണ്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- ചെന്നൈയിന്‍ എഫ് സി രണ്ടാം സെമിഫൈനലിന്റെ ആദ്യപാദം നാളെ ചെന്നൈയില്‍ നടക്കും. രണ്ടാം പാദം പതിനാറിന് കൊല്‍ക്കത്തയില്‍.
ഗ്രൂപ്പ് റൗണ്ടിലെ ഒന്നാംസ്ഥാനക്കാര്‍ എന്ന ലേബല്‍ നല്‍കുന്ന ആത്മവിശ്വാസമാണ് ഗോവക്ക് മുതല്‍ക്കൂട്ട്. ഹോംഗ്രൗണ്ടില്‍ കരുത്തരാണെന്നത് ഡല്‍ഹി ഡൈനമോസിന്റെയും ആത്മവീര്യം വര്‍ധിപ്പിക്കുന്നു. ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ സീക്കോയും റോബര്‍ട്ടോ കാര്‍ലോസും പരിശീലകരുടെ റോളില്‍ നേല്‍ക്കുനേര്‍ വരുന്നുവെന്നതാണ് സെമിഫൈനലിന് ആവേശം പകരുന്നത്. ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും സീക്കോയുടെ ടീമിന് മുന്നില്‍ കാര്‍ലോസിന്റെ തന്ത്രങ്ങള്‍ പിഴച്ചിരുന്നു. ഡല്‍ഹിക്കെതിരെ വിജയം തുടരാനാകുമെന്ന് സീക്കോയും ശിഷ്യന്‍മാരും ഉറച്ച് വിശ്വസിക്കുന്നു.
അതേ സമയം കാര്‍ലോസ് തനിക്ക് പിതൃതുല്യനായ സീക്കോക്കെതിരെ ഇന്ന് യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും തന്റെ ടീം നടത്തില്ലെന്ന് വ്യക്തമാക്കുന്നു. സീക്കോയെ ഏറെ ബഹുമാനിക്കുന്നു, കളിക്കാരന്‍ എന്ന നിലയിലും കോച്ചെന്ന നിലയിലും മാത്രമല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലക്കും അങ്ങേയറ്റം ഇഷ്ടമാണ്. എന്നാല്‍, മത്സരമാകുമ്പോള്‍ ഈവിധ സ്‌നേഹമൊന്നും പ്രകടിപ്പിക്കില്ല. ജയം മാത്രമാണ് ലക്ഷ്യം – കാര്‍ലോസ് പറഞ്ഞു.
ഗ്രൂപ്പ് റൗണ്ടില്‍ പതിനെട്ട് ഗോളുകള്‍ മാത്രമാണ് ഡല്‍ഹി ടീം അടിച്ചത്. അതേ സമയം ഇരുപത് ഗോളുകള്‍ വഴങ്ങി. അവസാന രണ്ട് മത്സരങ്ങളില്‍ ആറ് ഗോളുകളാണ് വഴങ്ങിയത്. തോല്‍ക്കുന്ന മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ തോറ്റത് കൊണ്ട് മാത്രമാണ് ഗോള്‍ വഴങ്ങിയ കണക്കില്‍ മുന്നില്‍ കയറിയത്.
ഇന്ന് കുറേക്കൂടി മികച്ച പ്രതിരോധനിരയും അറ്റാക്കിംഗിന് നിരന്തരം പന്തെത്തിക്കുന്ന മധ്യനിരയുമാകും കോച്ച് കാര്‍ലോസ് വിഭാവനം ചെയ്യുക. സെന്റര്‍ ബാക്കില്‍ നോര്‍വീജിയന്‍ താരം ജോണ്‍ ആര്‍നെ റീസെയും മധ്യനിരയുടെ തലയെടുപ്പായി ഫ്രഞ്ച് താരം ഫ്‌ലോറന്റ് മലൂദയുമുണ്ടാകും.
സീക്കോ അറ്റാക്കിംഗ് ഫുട്‌ബോളിന്റെ വക്താവാണ്. ഗ്രൂപ്പ് റൗണ്ടില്‍ 29 ഗോളുകളാണ് എഫ് സി ഗോവ അടിച്ചുകൂട്ടിയത്. 7-0ന് മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തത് ഐ എസ് എല്‍ ചരിത്രത്തിലെ വലിയ വിജയമായി മാറി. ഡുഡു, ഹോകിപ്, റെയ്‌നാള്‍ഡോ എന്നീ അറ്റാക്കിംഗ് ത്രയങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുന്ന സീക്കോ മിഡ്ഫീല്‍ഡ് റോളില്‍ ഇന്ത്യന്‍ താരങ്ങളായ മന്ദര്‍ റാവുദേശായ്, റോമിയോ ഫെര്‍നാണ്ടസ് എന്നിവരില്‍ വിശ്വാസമര്‍പ്പിക്കുന്നു.