ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി ഉത്തര കൊറിയ

Posted on: December 11, 2015 5:24 am | Last updated: December 11, 2015 at 12:25 am

സിയോള്‍: ആണവായുധങ്ങള്‍ക്ക് പുറമെ തങ്ങള്‍ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സൂചന നല്‍കി. ആണവായുധ ശേഖരത്തിലേക്കുള്ള പുതിയൊരു ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ആറ്റം ബോംബിനെയും ഹൈഡ്രജന്‍ ബോംബിനെയും നേരിടാന്‍ ഉത്തര കൊറിയ സജ്ജമാണെന്ന് ഈയിടെ നടത്തിയ പട്ടാള ക്യാമ്പ് സന്ദര്‍ശനത്തിനിടെ പറഞ്ഞതായി കൊറിയയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ന്യൂക്ലിയര്‍ ഫിഷന്‍ റിലെയുടെ ഭാഗമായി ഉത്തര കൊറിയ മൂന്ന് ആറ്റം ബോംബുകള്‍ പരീക്ഷിച്ചിരുന്നു. കിമ്മിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ സായുധ ശക്തിയില്‍ ഉത്തരകൊറിയ ഏറെ മുന്നോട്ട് പെയെന്ന അവകാശവാദത്തിന് ശക്തി പകരുന്നതാണ്. 2006ല്‍ രണ്ട് തവണയും 2009ല്‍ ഒരു തവണയും ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു.