പാര്‍ലിമെന്റിലെ കാഴ്ചപ്പണ്ടങ്ങള്‍

Posted on: December 11, 2015 6:00 am | Last updated: December 11, 2015 at 12:22 am

SIRAJ.......തിങ്കളാഴ്ച രാജ്യസഭയില്‍ ഒരു അത്ഭുത സംഭവം അരങ്ങേറി. തന്റെ മൂന്ന് വര്‍ഷത്തെ രാജ്യസഭാ അംഗത്വ കാലത്തിനിടിയല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്നാദ്യമായി വായ തുറന്നുവത്രെ. കൊല്‍ക്കത്ത മെട്രോക്ക് പ്രത്യേക സോണ്‍ അനുവദിക്കുന്നത് സംബന്ധിച്ചു ചോദ്യമുന്നയിച്ചായിരുന്നു സഭയില്‍ അന്നദ്ദേഹം സംസാരിച്ചത്. അടുത്ത ദിവസത്തെ പത്രങ്ങള്‍ ഇതൊരു കൗതുക വാര്‍ത്തയുടെ മട്ടിലാണ് പ്രസിദ്ധീകരിച്ചത്. സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചു കാശുണ്ടാക്കുന്ന തിരക്കിലാണ് സച്ചിന്‍, നടന്‍ മിഥുന്‍ ചക്രവര്‍ത്തി, നടി രേഖ തുടങ്ങി സിനിമാ, സ്‌പോര്‍ട്‌സ് രംഗത്ത് നിന്നു പാര്‍ലിമെന്റിലേക്ക് കടന്നു വന്നവരെല്ലാം. രാജ്യസഭയില്‍ നിന്ന് ദീര്‍ഘകാല ലീവെടുത്താണ് ഇവര്‍ സീരിയലുകളിലും പരസ്യങ്ങളിലുമെല്ലാം അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യസഭയിലെത്തിയ മിഥുന്‍ ചക്രവര്‍ത്തി ഇതിനകം രണ്ട് തവണ ലീവെടുക്കുകയും മൂന്നാമത് ലീവിനു വേണ്ടിയുള്ള അപേക്ഷക്ക് തിങ്കളാഴ്ച സഭയിലെത്തുകയും ചെയ്തു. രാജ്യസഭാ അംഗങ്ങളുടെ രൂക്ഷമായ വിമര്‍ശത്തിന് ഇത് ഇടയാക്കുകയും സഭാ നടപടികളില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന നിലപാട് ശരിയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി.
കലാ കായിക, സാഹിത്യ രംഗത്തെ പ്രതിഭകളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രസ്തുത മേഖലകളുടെ വളര്‍ച്ചക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്താനാണ്. ഈ രംഗങ്ങളില്‍ പരിഹൃതമാകേണ്ട പ്രശ്‌നങ്ങളേറെയുണ്ട്. അതേക്കുറിച്ചെല്ലാം പഠിച്ചു പാര്‍ലിമെന്റ് മുമ്പാകെ അവതരിപ്പിക്കാന്‍ സമയമിെല്ലങ്കില്‍ പിന്നെ എന്തിനാണ് ഇവരെ നോമിനേറ്റ് ചെയ്യുന്നത്? രാജ്യത്തിനോ നാടിനോ ഉപകാരമില്ലാതെ ഷോകേസിലെ കാഴ്ച വസ്തുക്കളെന്ന പോലെ ഇവരെ പാര്‍ലിമെന്റില്‍ പ്രതിഷ്ഠിക്കേണ്ടതുണ്ടോ?
മറ്റു പാര്‍ലിമെന്റ് അംഗങ്ങളുടെ പ്രകടനവും നിരാശാജനകമാണെന്നാണ് എം പിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പുറത്തു വന്ന വാര്‍ത്ത വ്യക്തമാക്കുന്നത്. നടപ്പു വര്‍ഷം ഈയിനത്തിലേക്ക് അനുവദിച്ച 1,341 കേടിയില്‍ 141 കോടി മാത്രമാണത്രെ നവംബര്‍ അവസാനം വരെ ചെലവഴിച്ചത്. സാമ്പത്തിക വര്‍ഷം എട്ട് മാസം കടന്നു പോയിട്ടും 1200 കോടി രൂപ ഇപ്പോഴും ഫണ്ടില്‍ കെട്ടിക്കിടക്കുന്നു. 1993ലാണ് പ്രാദേശിക വികസന പദ്ധതി എന്ന പേരില്‍ എം പിമാര്‍ക്ക് പ്രത്യേക ഫണ്ടനുവദിച്ചു തുടങ്ങിയത്. ഒരു വര്‍ഷത്തേക്ക് അഞ്ച് ലക്ഷമാണ് തുടക്കത്തില്‍ അനുവദിച്ചിരുന്ന തുക. അടുത്ത വര്‍ഷം ഒരു കോടിയാക്കി ഉയര്‍ത്തി. 98ല്‍ രണ്ട് കോടിയും 2011 മുതല്‍ അഞ്ച് കോടിയുമായി വര്‍ധിപ്പിച്ചു. തങ്ങളുടെ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അനിവാര്യമായതിന് മുന്‍ഗണന നല്‍കി പരിഹരിക്കാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പോലും നടപ്പാക്കാനുള്ള ഉത്തരവാദിത്വ ബോധമില്ലെങ്കില്‍ ഇവരെയൊക്കെ എന്തിനാണ് തിരഞ്ഞെടുത്തയക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.
ഫണ്ട് വിനിയോഗത്തില്‍ ഉദാസീനരാണെങ്കിലും എം പി ഫണ്ട് ഉപയോഗിച്ചു ഏതെങ്കിലും പദ്ധതി പൂര്‍ത്തിയാക്കിയാല്‍ അതിന് സ്വന്തം പേര്‍ വെച്ച ഫലകം പതിച്ചും ബാനര്‍ സ്ഥാപിച്ചും മേനി നടിക്കാന്‍ ഇവര്‍ മിടുക്കന്മാരാണ്. ഇത്തരം പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ കല്ലിലോ ലോഹത്തിലോ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പദ്ധതികളുടെ സ്വഭാവം, അനുവദിച്ച തുക തുടങ്ങിയ കാര്യങ്ങളാണ് അതിലുള്‍പ്പെടുത്തേണ്ടത്. അല്ലാതെ എം പിമാരുടെ പേരുകളല്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പിതൃത്വം ജനപ്രതിനിധികള്‍ സ്വന്തം പേരിലാക്കി തങ്ങളുടെ പ്രശസ്തിക്ക് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുന്ന കോതമംഗലം ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ലിമെന്റ് അംഗങ്ങളില്‍ അര്‍പ്പിതമായിരിക്കുന്നത്. ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന സുപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട പാര്‍ലിമെന്റിന്റെ സമയത്തെ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശ്രദ്ധാപൂര്‍വം പങ്കെടുക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരാണവര്‍. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും സാധ്യമാക്കാനാണ് അവരെ തിരഞ്ഞടുത്തയച്ചത്. അക്കാര്യം വിസ്മരിച്ചു സഭകളില്‍ കോലാഹലം സൃഷ്ടിക്കുകയും കയ്യാങ്കളി നടത്തുകയും ചെയ്യാനാണോ ഇവരെ അയച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അംഗങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനം. ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയും രാജ്യത്തിന് ദുഷ്‌പേര് വരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് നിയമനിര്‍മാണ സഭകളില്‍ അരേങ്ങറുന്നത്. മോദി അധികാരത്തിലേറിയ ഉടനെ എം പിമാര്‍ക്ക് പ്രോഗസ് കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സഭയിലെ ഹാജര്‍, സഭാ നടപടികളിലെ പങ്കാളിത്തം, ഉന്നയിക്കുന്ന ചോദ്യങ്ങളുടെ നിലവാരം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചു ഗ്രേഡ് നിര്‍ണയിക്കാനും മികച്ച പ്രകടനം കാഴച വെക്കുന്നവരെ മാത്രം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമായിരുന്നു തീരുമാനം. ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടിക്കകത്തെ എതിര്‍പ്പ് മൂലമായിരിക്കണം ആ പദ്ധതിയെപ്പറ്റി പിന്നീട് വിവരമൊന്നും കണ്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു പദ്ധതി അനിവാര്യമായിരിക്കയാണ്.