Connect with us

Gulf

പത്തനംതിട്ടയില്‍ വിമാനത്താവളത്തിന് ഇന്ത്യക്കാരുടെ കൂട്ടായ്മ

Published

|

Last Updated

“ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്” ഭാരവാഹികള്‍
ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സുരക്ഷിതത്വവും ഉപഭോക്തൃ സൗഹൃദവുമായ വിമാനത്താവള പദ്ധതി ആരംഭിക്കുമെന്ന് ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രാജീവ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമായിബന്ധപ്പെട്ട കമ്പനി രജിസ്‌ട്രേഷന്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിദേശ ഇന്ത്യക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്. പത്തനംതിട്ട കേന്ദ്രീകരിച്ച് മധ്യതിരുവിതാംകൂറിലാണ് വിമാനത്താവളം യാഥാര്‍ഥ്യമാക്കുക.
ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംരംഭത്തില്‍ വിദേശ മലയാളികളുടെ പങ്കില്‍ ആദ്യ വിമാനത്താവളമായിരിക്കും. മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ നിന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ പ്രവാസികള്‍ക്ക് ഈ സംരംഭം വലിയ സഹായകരമാകും.
പരിസ്ഥിതി, സാംസ്‌കാരിക സാമൂഹിക പ്രശ്‌നങ്ങളോ ജനവാസ മേഖലകളിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളോ ഒന്നുംതന്നെ ഈ സംരംഭത്തിന് തടസമാകില്ല. ഇതിനുപുറമെ പത്തനംതിട്ട ജില്ലയുടെയും മധ്യതിരുവിതാംകൂര്‍ പ്രദേശത്തിന്റെയും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ കേന്ദ്രങ്ങള്‍ ആസ്ഥാനമാക്കി ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഉടന്‍ തന്നെ സമീപിക്കുമെന്നും രാജീവ് ജോസഫ് പറഞ്ഞു. ജ്യോതിഷ് തങ്കച്ചന്‍, സ്റ്റാന്‍ലി തങ്കച്ചന്‍, കെ വി കെ വെങ്ങര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.