ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവം ആരംഭിച്ചു

Posted on: December 10, 2015 6:21 pm | Last updated: December 10, 2015 at 6:21 pm
SHARE

dubai international film festivalദുബൈ: 12-ാമത് ദുബൈ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് (ഡിഫ്) ദുബൈ മദീനത് ജുമൈറയില്‍ തിരശ്ശീല ഉയര്‍ന്നു. ഇന്ത്യന്‍ താരം നസറുദ്ദീന്‍ ഷാ, ഹോളിവുഡ് നടി കാതറിന്‍ ഡെന്യൂവ് എന്നിവരാണ് റെഡ് കാര്‍പറ്റ് ഉദ്ഘാടനം ചെയ്തത്. കലാകാരന്മാരും സംഘാടകരും വിരുന്നില്‍ പങ്കെടുത്തു. ഇനി എട്ടുനാള്‍ ലോകോത്തര ചിത്രങ്ങളുടെ ഉത്സവമാണ്. മദീനത് ജുമൈറ കൂടാതെ, മദീന അറേന, മദീന തിയറ്റര്‍, സൂഖ് മദീന ജുമൈറ, വോക്‌സ് സിനിമ, മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, ദ ബീച്ച് (ഓപണ്‍ എയര്‍) എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. 60 രാജ്യങ്ങളില്‍നിന്ന് 135 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
കൊലയാളി സ്രാവ് പ്രധാന കഥാപാത്രമാകുന്ന സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ‘ജോവ്‌സ്’, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം പ്രമേയമാക്കി ജാക്ക് ഓഡിയ സംവിധാനം ചെയ്ത ‘ധീപന്‍’ എന്നിവയുള്‍പെടെ ലോക പ്രശസ്ത ചിത്രങ്ങളും കൂട്ടത്തിലുണ്ട്. എമ്മാ ഡനഫിന്റെ റൂം എന്ന നോവലിനെ ആസ്പദമാക്കി ലെന്നി ഏബ്രഹാം സണ്‍ സംവിധാനം ചെയ്ത ‘റൂമാ’യിരുന്നു ഉദ്ഘാടന ചിത്രം. രാത്രി എട്ടിനു മദീനത് ജുമൈറ തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രദര്‍ശനം. രാത്രി എട്ടിനു ജുമൈറയിലെ ദ ബീച്ചില്‍ പൊതുജനങ്ങള്‍ക്കു ഹല്‍കൗത് മുസ്തഫ ഒരുക്കിയ ഇറാഖി ചിത്രം അല്‍ ക്ലാസിക്കൊ പ്രദര്‍ശിപ്പിച്ചു. മുഹ്ര്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സംവിധായിക ദീപാ മേത്തയാണ് അധ്യക്ഷ. ആദം മക്കി ഒരുക്കിയ ‘ദ ബിഗ് ഷോര്‍ട്ട്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ 16നു ചലച്ചിത്രോത്സവം സമാപിക്കും. പൊതുജനങ്ങള്‍ക്കും സിനിമ കാണാം. പ്രവേശനം പാസ് മൂലം. ഡിഫ് ബോക്‌സ് ഓഫിസില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയും മറ്റു കേന്ദ്രങ്ങളില്‍നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. വെബ്‌സൈറ്റ്: www.dubaifilm fest.co m.
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സംവിധായകര്‍ ഒരുക്കിയ ആറു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ലോക സിനിമാ വിഭാഗത്തില്‍ റിങ്കു കല്‍സി സംവിധാനം ചെയ്ത തമിഴ് ഡോക്യുമെന്ററി ഫോര്‍ ദ ലവ് ഓഫ് എ മാന്‍, അനു മേനോന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘വെയ്റ്റിംഗ്’ കമല്‍ സ്വരൂപ് ഒരുക്കിയ ഹിന്ദി ഡോക്യുമെന്ററി ‘ദ ബാറ്റ്ല്‍ ഫോര്‍ ദ ബനാറസ്’, റാം റെഡ്ഡി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘തിതി’, ദീപാ മേത്തയുടെ ‘ബീബാ ബോയ്‌സ്’ എന്നിവയും കുട്ടികളുടെ വിഭാഗത്തില്‍ നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ധനക്കും പ്രദര്‍ശിപ്പിക്കും.
ഇന്നത്തെ പ്രദര്‍ശനങ്ങള്‍: മദീന അറേന രാത്രി 10ന് ധീപന്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് വൈകീട്ട് 6.15 സവ്വ ഹാര്‍ട് ഓഫ് ദ് വാരിയര്‍, ദ ബീച്ച് വൈകീട്ട് ഏഴിന് എ സിറിയന്‍ ലവ് സ്റ്റോറി, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് രാത്രി 10ന് ദ എന്‍ഡ്‌ലസ് റിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here