Connect with us

Malappuram

പത്തപ്പിരിയത്തെ ക്വാറി താത്കാലികമായി പൂട്ടും

Published

|

Last Updated

മഞ്ചേരി: എടവണ്ണ പത്തപ്പിരിയത്ത് സംഘര്‍ഷത്തിനും ഒരാളുടെ മരണത്തിനും കാരണമായ ബേക്കലക്കണ്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറി താത്കാലികമായി പൂട്ടാന്‍ തീരുമാനം. ഇവിടെ സ്ഥാപിക്കാനുദ്യേശിക്കുന്ന ടാര്‍ മിക്‌സിംഗ് യൂനിറ്റിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികള്‍ തിരിച്ചയക്കും വരെ ക്വാറി പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇന്നലെ എടവണ്ണയില്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ മന്ത്രി ടി കെ ഹംസ, ജനകീയ സമിതി നേതാക്കളായ ജാഫര്‍, രാമകൃഷ്ണന്‍, ബാബുരാജന്‍, വടക്കന്‍ സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
ഏഴു കണ്ടെയ്‌നറുകളിലായാണ് യന്ത്ര സാമഗ്രികള്‍ കൊണ്ടുവന്നിരുന്നത്. ഇതില്‍ മൂന്നെണ്ണം പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പത്തപ്പിരിയത്ത് നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ക്വാറിക്കെതിരെ ഇന്നലെയും സമരം നടന്നിരുന്നു. നാട്ടുകാര്‍ക്കുനേരെ പോലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയ സി ഐ. കെ സി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുക, മരിച്ച അയ്യപ്പന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുക, പോലീസ് അറസ്റ്റു ചെയ്തവരെ കേസെടുക്കാതെ വിട്ടയക്കുക, സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് വൈദ്യ സഹായം നല്‍കുക, ക്വാറിയിലേക്ക് കൊണ്ടുപോയ വാഹനങ്ങള്‍ തിരികെ കൊണ്ടുപോകുക, ക്വാറിയില്‍ ഗുണ്ടകളെ അറസ്റ്റു ചെയ്യുക, അയ്യപ്പന്‍ മരണം നിജസ്ഥിതി അന്വേഷിക്കുക, തുടങ്ങിയവയാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയെ തുടര്‍ന്ന് കിണറ്റില്‍ വീണ് മരിച്ച അയ്യപ്പന്റെ മൃതദേഹം സബ് കലക്ടറുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. സി ഐ ക്കെതിരെ നടപടിക്ക് ഡി ജി പിക്ക് ശിപാര്‍ശ ചെയ്യാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അയ്യപ്പന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് നടപടി എടുക്കും.
സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരെ വിട്ടയക്കാമെന്നും ഉറപ്പിന്‍മേല്‍ ഉച്ചക്ക് 12നാണ് സമരം അവസാനിപ്പിച്ചത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. സബ് കലക്ടര്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ക്വാറിയിലേക്ക് കടന്നുപോയ ലോറികള്‍ തിരികെ കൊണ്ടുവരുന്നതിന് നിയമ സാധുതകള്‍ ആരാഞ്ഞ് നടപടി എടുക്കാമെന്നും കലക്ടര്‍ ഉറപ്പു നല്‍കി. പോലീസ് അതിക്രമത്തെ തുടര്‍ന്ന് നാശം സംഭവിച്ച സി പി എം പത്തപ്പിരിയം ബ്രാഞ്ച് കമ്മിറ്റി ഓഫീസും കലക്ടര്‍, ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു.