Connect with us

Malappuram

വിശ്വാസികളെ സ്വീകരിക്കാന്‍ കുണ്ടൂര്‍ ഒരുങ്ങി; നേര്‍ച്ചക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദ് ഉറൂസ് മുബാറകിന് ഇന്ന് തുടക്കമാകും. ഇനിയുള്ള നാല് ദിനരാത്രങ്ങള്‍ ഗൗസിയ്യ അങ്കണവും പരിസരവും ആത്മീയത വഴിയുടെതാകും. കുണ്ടൂര്‍ ഉസ്താദിന്റെ ഗുരുനാഥരും ജീവിതത്തിലെ വഴികാട്ടികളുമായ മഹദ് പുരുഷന്മാരുടെ സന്നിധിയില്‍ സിയാറത്ത് ചെയ്ത് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉറൂസ് പരിപാടിക്ക് തുടക്കമാവുക.
കാലത്ത് പത്തിന് മമ്പുറം മഖാം, കരിങ്കപ്പാറ ഉസ്താദ് മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മഖാം എന്നിവിടങ്ങളില്‍ നടക്കുന്ന സിയാറത്തുകള്‍ക്ക് യഥാക്രമം വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഒ കെ അബ്ദുസ്സലാം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 3.30ന് തെന്നല സി എം മര്‍കസ് മണലിപ്പുഴ, അല്‍ ഇര്‍ശാദ് എന്നിവിടങ്ങളില്‍ നിന്ന് പതാക ജാഥ ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് കൊടി ഉയരും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തും.
ഡിസംബര്‍ 10 മുതല്‍ 13 കൂടിയ ദിവസങ്ങളിലായാണ് ഉറൂസ് മുബാറക് നടക്കുന്നത്. വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഡോ. കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം പ്രഭാഷണം നടത്തും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍, വാളക്കുളം ബീരാന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങി പ്രമുഖരായ പണ്ഡിതന്മാര്‍ സംബന്ധിക്കും. ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് അബ്ദുല്‍ ഖാദിര്‍ കിണാശ്ശേരി നേതൃത്വം നല്‍കും. കേരളത്തിലെ പ്രഗത്ഭ ബുര്‍ദ സംഘങ്ങള്‍ പങ്കെടുക്കും. ഉറൂസിനോടനുബന്ധിച്ച് നടന്ന ചതുര്‍ദിന പ്രഭാഷണം ഇന്നലെ സമാപിച്ചു. “”മുത്ത് നബി”” യായിരുന്നു പ്രഭാഷണ വിഷയം.