യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് എട്ട് ഗോള്‍ ജയം

Posted on: December 9, 2015 11:43 pm | Last updated: December 9, 2015 at 11:43 pm

cr7യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായപ്പോള്‍, യുനൈറ്റഡ് ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മന്‍ ക്ലബ്ബ് വോള്‍സ്ബര്‍ഗും ഡച്ച് ക്ലബ്ബ് പി എസ് വി ഐന്തോവനും ആരാധകരെ ആഹ്ലാദത്തിലാറാടിച്ച് നോക്കൗട്ട് റൗണ്ട് യോഗ്യത കരസ്ഥമാക്കി.
ഗ്രൂപ്പ് എയില്‍ നിന്ന് നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ റയല്‍മാഡ്രിഡും പി എസ് ജിയും അവസാന മത്സരത്തില്‍ മികച്ച വിജയം നേടി. റയല്‍മാഡ്രിഡ് സ്വീഡിഷ് ക്ലബ്ബ് മാമോ എഫ് സിയെ 8-0ന് തകര്‍ത്തപ്പോള്‍ പി എസ് ജി 2-0ന് ഷാക്തര്‍ ഡോനെസ്‌കിനെയും വീഴ്ത്തി.
അതേസമയം ഗ്രൂപ്പ് സിയില്‍ ഗ്രൂപ്പ് ജേതാവിനെ നിര്‍ണയിക്കുന്ന പോരില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് ബെനഫിക്കക്ക് മേല്‍ ജയം നേടി. ഗ്രൂപ്പ് ഡിയില്‍ നിന്ന് നേരത്തെ യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ സിറ്റി 4-2ന് മോന്‍ചെന്‍ഗ്ലാഡ്ബാചിനെ തോല്‍പ്പിച്ച് കൊണ്ട് ഗ്രൂപ്പ് റൗണ്ട് അവസാനിപ്പിച്ചപ്പോള്‍ നോക്കൗട്ട് യോഗ്യത നേടിയ യുവെന്റസ് അവസാന മത്സരത്തില്‍ സെവിയ്യയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു.

പ്രതിരോധപ്പിഴവില്‍ മാഞ്ചസ്റ്റര്‍ വീണു
സ്‌കൂള്‍ നിലവാരം പോലുമില്ലാത്ത ഡിഫന്‍സായിരുന്നു വിജയം അനിവാര്യമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എട്ടിന്റെ പണി കൊടുത്തത്. പത്താം മിനുട്ടില്‍ മാര്‍ഷ്വലിന്റെ ഗോളില്‍ മുന്നിലെത്തിയ യുനൈറ്റഡ് ആതിഥേയ ടീമിനെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്. എന്നാല്‍, ലൂയിസ് വാന്‍ ഗാലിന്റെ ചെമ്പടയുടെ ആഹ്ലാദാരവങ്ങള്‍ക്ക് അല്‍പായുസായിരുന്നു.
പതിമൂന്നാം മിനുട്ടില്‍ നാല്‍ഡോയും ഇരുപത്തിനാലാം മിനുട്ടില്‍ വിയറീഞ്ഞയും ജര്‍മന്‍ ക്ലബ്ബിനെ 2-1ന് മുന്നിലെത്തിച്ചു. മത്സരത്തിലെ നാടകീയത അരങ്ങേറിയത് അവസാന പത്ത് മിനുട്ടിലാണ്. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഗ്യുലാവോഗിയുടെ സെല്‍ഫ് ഗോളില്‍ വോള്‍സ്ബര്‍ഗ് ഇംഗ്ലീഷ് ക്ലബ്ബിന് സമനിലയുടെ ആശ്വാസം സമ്മാനിച്ചു (2-2). ഇതോടെ, മാഞ്ചസ്റ്ററിന്റെ നോക്കൗട്ട് സാധ്യതകള്‍ വീണ്ടും തെളിഞ്ഞു. വിജയഗോളിനായി ദാഹിച്ചു നടക്കവെ യുനൈറ്റഡിന്റെ വലയില്‍ വോള്‍സ്ബര്‍ഗിന്റെ മൂന്നാം ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്ന് ബോക്‌സിനുള്ളില്‍ ഊര്‍ന്നിറങ്ങിയ പന്ത് നാല്‍ഡോ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു.
യുനൈറ്റഡിനായി ആന്റണി മാര്‍ഷ്വല്‍ നേടിയ ആദ്യ ഗോളിന്റെ സൗന്ദര്യം മിഡ്ഫീല്‍ഡില്‍ നിന്ന് സ്പാനിഷ് താരം യുവാന്‍ മാറ്റ തള്ളിക്കൊടുത്ത ത്രൂപാസായിരുന്നു. വോള്‍സ്ബര്‍ഗിന്റെ പ്രതിരോധത്തെ കീറി മുറിച്ച പാസ് ഓഫ്‌സൈഡ് കെണിയില്‍പെടാതെ ആന്റണി കൈക്കലാക്കി ലക്ഷ്യത്തിലെത്തിച്ചു. വോള്‍സ്ബര്‍ഗ് തിരിച്ചടിച്ചത് ഫ്രീകിക്കിലൂടെയാണ്. ബോക്‌സിലേക്ക് ഊര്‍ന്നിറങ്ങിയ ഫ്രീകിക്ക് ബോള്‍ നാള്‍ഡോ വലങ്കാലനടിയില്‍ വലക്കുള്ളിലെത്തിക്കുമ്പോള്‍ നാല് യുനൈറ്റഡ് ഡിഫന്‍ഡര്‍മാര്‍ മുഖാമുഖം നോക്കിനില്‍ക്കുകയായിരുന്നു.
വോള്‍സ്ബര്‍ഗിന്റെ രണ്ടാം ഗോള്‍ വാന്‍ ഗാലിന്റെ ടീമിന്റെ പ്രതിരോധനിരയെ പരിഹസിക്കുന്നതായിരുന്നു. ഡ്രാക്‌സലര്‍ സ്വന്തം ഹാഫില്‍ നിന്ന് ഇടത് വിംഗിലുള്ള ആന്ദ്രെ ഷുറെയിലേക്ക് ലോംഗ് പാസ് നല്‍കി.
ഡ്രാക്‌സലര്‍ വലത് വിംഗിലേക്ക് ഓടിക്കയറി ഷുറെയില്‍ നിന്ന് മറ്റൊരു ലോംഗ് പാസിലൂടെ പന്ത് തിരികെ വാങ്ങി. മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ചൊഴിഞ്ഞ് ഡ്രാക്‌സലര്‍ ബോക്‌സിലേക്ക് കയറവെ പന്ത് ക്രൂസെക്ക് നല്‍കി. വണ്‍ ടു ഗെയിമില്‍ പന്ത് ഡ്രാക്‌സലറുടെ കാലിലേക്ക് തന്നെ വീണ്ടും. തളികയിലെന്ന വണ്ണം ഡ്രാക്‌സലര്‍ പന്ത് വിയറിഞ്ഞക്ക് നല്‍കി. യുനൈറ്റഡ് ഗോളി ഡി ഗിയ കാഴ്ചക്കാരനായി നിന്നു.മനോഹരമായ ടീം വര്‍ക്ക് ഗോള്‍ അവിടെ പിറന്നു.

പി എസ് വിയുടെ തോല്‍വിക്കായി പ്രാര്‍ഥിച്ച് മാഞ്ചസ്റ്റര്‍ ആരാധകര്‍

വോള്‍സ്ബര്‍ഗ് ജയിച്ച് നില്‍ക്കുമ്പോഴും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം, ഹോളണ്ടില്‍ പി എസ് വി ഐന്തോവന്‍ റഷ്യന്‍ ക്ലബ്ബ് സി എസ് കെ എ മോസ്‌കോക്കെതിരെ തോല്‍വി മുഖാമുഖം കാണുന്നുവെന്നതായിരുന്നു. എഴുപത്താറാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ മോസ്‌കോ ക്ലബ്ബ് 1-0ന് ലീഡെടുത്തു. മോസ്‌കോ ടീം നേരത്തെ പുറത്തായതിനാലും പി എസ് വി പരാജയത്തിലേക്ക് വഴുതുന്നതും യുനൈറ്റഡിന് പരാജയത്തിലും നോക്കൗട്ട് പ്രതീക്ഷ നല്‍കുന്നതായി.
എന്നാല്‍, നാടകീയമായി പി എസ് വി തിരിച്ചുവരവ് നടത്തി. എഴുപത്തെട്ടാം മിനുട്ടില്‍ ഡിജോംഗിലൂടെ സമനിലയെടുത്ത ഡച്ച് ക്ലബ്ബ് എണ്‍പത്താറാം മിനുട്ടില്‍ പ്രോപറിന്റെ ഗോളില്‍ ജയം പിടിച്ചെടുത്തു. 2006-07ന് ശേഷം ആദ്യമായി ഒരു ഡച്ച് ടീം നോക്കൗട്ട് റൗണ്ടിലെത്തുന്ന ആവേശകരമായ കാഴ്ചയാണ് പി എസ് വി ഐന്തോവന്‍ താരങ്ങള്‍ സമ്മാനിച്ചത്.

ക്രിസ്റ്റാനോക്ക് നാല്; റയലിന് എട്ട്
ചാമ്പ്യന്‍സ് ലീഗിലെ കുഞ്ഞന്‍ ക്ലബ്ബായ മാമോ എഫ് സിയെ റയല്‍ 8-0ന് തകര്‍ത്തത് രണ്ട് ഹാട്രിക്ക് ബലത്തില്‍. ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയപ്പോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ മൂന്നെണ്ണം വലയിലെത്തിച്ചു.
കൊവാസിചാണ് മറ്റൊരു സ്‌കോറര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ 2007 ല്‍ തുര്‍ക്കി ക്ലബ്ബ് ബെസിക്താസിനെതിരെ ലിവര്‍പൂള്‍ നേടിയ മഹാവിജയത്തിനൊപ്പമെത്തി റയലും. 8-0 മാര്‍ജിനില്‍ മറ്റൊരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ചിട്ടില്ല. രസകരമെന്ന് പറയട്ടെ, രണ്ടവസരത്തിലും പരിശീലകന്റെ റോളില്‍ റാഫേല്‍ ബെനിറ്റസായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പതിനൊന്ന് ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോയും റെക്കോര്‍ഡ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ പത്തിലധികം ഗോള്‍ നേടുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ.