സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ?

Posted on: December 9, 2015 2:54 pm | Last updated: December 9, 2015 at 5:09 pm

sidhuഅമൃത്‌സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി മുന്‍ എംപിയുമായ നവ്‌ജോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം സിദ്ദുവിനെ എഎപിയിലേക്ക് ക്ഷണിച്ചിരുന്നു. ക്ലീന്‍ ഇമേജുള്ളവരെയാണ് ആവശ്യമെന്നും സിദ്ദുവിന് എഎപിയിലേക്ക് വരാമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സിദ്ദു എഎപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. 2017ല്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദുവിനെപ്പോലൊരാളെ ലഭിക്കുന്നത് പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് കെജ്‌രിവാളിന്റെ കണക്കുക്കൂട്ടല്‍.

എന്നാല്‍ എഎപി പഞ്ചാബ് ഘടകം നേതാവ് സഞ്ജയ് സിങ് വാര്‍ത്ത നിഷേധിച്ചു. പാര്‍ട്ടി അത്തരത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തില്‍ സിദ്ദു ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായ സിദ്ദു 2004ലാണ് അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്. 2009ലും ഇവിടെനിന്ന് വിജയിച്ച അദ്ദേഹത്തിന് കഴിഞ്ഞ തവണ ബിജെപി അവസരം നല്‍കിയിരുന്നില്ല.