Connect with us

Gulf

അറിവിന്റെ ഉച്ചകോടിക്ക് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈയില്‍ “അറിവിന്റെ ഉച്ചകോടി”യുടെ ഉദ്ഘാടന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, വിവര വിനിമയം എന്നീ വിഷയങ്ങളില്‍ നവീന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന “അറിവിന്റെ ഉച്ചകോടി” (നോളജ് സമ്മിറ്റ്)ക്ക് ഉജ്വല തുടക്കം.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍, ആപ്പിള്‍ കമ്പനി സഹമേധാവി സ്റ്റീവ് വോസ്‌നിയാക് തുടങ്ങിയവര്‍ സംസാരിച്ചു.
അറിവിന്റെ ഉച്ചകോടിയോടനുബന്ധിച്ച് ഏര്‍പെടുത്തിയ പുരസ്‌കാരങ്ങള്‍ ജപ്പാനീസ് റോബോട്ടിസ്റ്റ് ഹിറോഷിനി ഷോഗുറോ, യു എ ഇയിലെ മാധ്യമ പ്രവര്‍ത്തകന്‍ അഹ്മദ് ശുഖൈരി എന്നിവര്‍ ഏറ്റുവാങ്ങി. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക.
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷനാണ് (എംബി ആര്‍ എഫ്) സംഘടിപ്പിക്കുന്നത്. അറബ് സമൂഹത്തില്‍ വിജ്ഞാനത്തിന്റെ സ്വദേശിവല്‍കരണം തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വാധീനം ചെലുത്താന്‍ പ്രാപ്തിയുള്ളവര്‍, സംരംഭകര്‍ തുടങ്ങിയവരുടെ സംഗമമാണിത്.
ഫ്രഞ്ച് ബഹിരാകാശ യാത്രികന്‍ പാട്രിക് ബൗഡ്രി, നാഷനല്‍ ജിയോഗ്രാഫിക് സൊസൈറ്റി ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ ഡേവിഡ് ബെന്നറ്റ്, യു എ ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി, ലബനീസ് മന്ത്രി ഇല്യാസ് ബു സാബ്, ഡോ. അലി അല്‍ കഅബി, തുടങ്ങിയവര്‍ എത്തിയിട്ടുണ്ട്.
അറബ് നോളജ് ഇന്‍ഡക്‌സ് സൂചിക പ്രകാശനവും അറബ് നോളജ് പോര്‍ട്ടല്‍ ഉദ്ഘാടനവും ഇന്നലെ നടന്നു. നവീകരണത്തിലേക്കുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ ജമാല്‍ ബിന്‍ ഹുവൈരീബ് പറഞ്ഞു. നാളെ സമാപിക്കും.

Latest