സേവന മേഖലയില്‍ മുപ്പത് വര്‍ഷം പിന്നിട്ടവര്‍ക്ക് മലയാളി ജിദ്ദയുടെ പ്രവാസിരത്‌ന പുരസ്‌കാരം

Posted on: December 8, 2015 7:08 pm | Last updated: December 8, 2015 at 7:08 pm
jidda pravasi
മലയാളി ജിദ്ദ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ജിദ്ദ: പ്രവാസ ലോകത്ത് സാമൂഹ്യ സേവന രംഗത്ത് മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ 25 പേര്‍ക്ക് ജിദ്ദയിലെ മലയാളികളുടെ പൊതുവേദിയായ മലയാളി ജിദ്ദ പ്രവാസിരത്‌ന പുരസ്‌കാരം സമ്മാനിക്കും. പ്രവാസികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും നിസ്വാര്‍ഥമായി ഇടപെട്ടവരെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുകയെന്നും സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രാരാബ്ദങ്ങളുടെ ചുമലിലേറി നാടുംവീടും ഉറ്റവരെയും വിട്ട് പ്രവാസിയാവേണ്ടി വന്നിട്ടും പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാന്‍ പഴയകാല പ്രവാസികള്‍ നടത്തിയ സേവനത്തിന് അര്‍ഹമായ അംഗീകരമോ പ്രോല്‍സാഹനമോ ലഭിച്ചിട്ടില്ല. ആശയ വിനിമയ മാര്‍ഗങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും കുറവായ 1985 ന് മുമ്പുള്ള കാലഘട്ടത്തില്‍ സാമൂഹ്യ സേവനം നടത്തിയവര്‍ സമൂഹത്തിന്റെ ആദരവിന് അര്‍ഹതപ്പെട്ടവരാണ്. ഈ സാമൂഹ്യ ബാധ്യത നിറവേറ്റുന്നതിനാണ് മലയാളി ജിദ്ദ പ്രവാസിരത്‌ന പുരസ്‌കാരം ഏര്‍പെടുത്തുന്നത്.

മാധ്യമ പ്രവര്‍ത്തകരായ വി.എം ഇബ്രാഹിം, പി.എം മായിന്‍കുട്ടി, എഴുത്തുകാരനും പ്രഭാഷകനുമായ രായിന്‍കുട്ടി നീറാട് എന്നിവരടങ്ങിയ സമതിയാണ് പ്രവാസിരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. നോമിനേഷന്‍ ലഭിക്കുന്നവരുടെ പൊതുപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ പുരസ്‌കാര സമിതി പരിശോധിക്കും. ജിദ്ദയില്‍ സാമൂഹ്യ സേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ പ്രൊഫൈല്‍ അയക്കേണ്ടതാണ്. പ്രവാസം മൂന്ന് പതിറ്റാണ്ട് പിന്നിടുകയും സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകരെയും വ്യവസായികളെയും പ്രവാസി രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കുന്നതാണ്. പഴയകാല പ്രവാസി മലയാളികള്‍ക്കും പുരസ്‌കാരത്തിന് പരിഗണിക്കേണ്ടവരെ നിര്‍ദേശിക്കാവുന്നതാണ്.

2015 ഡിസമ്പര്‍ 31 വരെ നോമിനേഷന്‍ സ്വീകരിക്കും. 2016 ജനുവരി അവസാനത്തോടെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. തെരഞ്ഞൈടുക്കപ്പെടുന്നവര്‍ക്ക് ഫെബ്രുവരിയില്‍ ജിദ്ദയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നും സംഘാടകരായ സി.കെ ശാക്കിര്‍, ബശീര്‍ തൊട്ടിയന്‍, സി.എം അഹമ്മദ്, വി.പി ഹിഫ്‌സുറഹ്മാന്‍, വി.പി ശിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.