മുന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ക്യാന്‍സര്‍ വിമുക്തനായി

Posted on: December 8, 2015 5:41 am | Last updated: December 7, 2015 at 11:42 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായതായി അറിയിച്ചു. 91 കാരനായ കാര്‍ട്ടറുടെ തലച്ചോറില്‍ നാല് കുരുക്കള്‍ കണ്ടെത്തുകയും കരളില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തലച്ചോറിന്റെ ഏറ്റവും പുതിയ എം ആര്‍ ഐ സ്‌കാനിംഗില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൂന്നാഴ്ച കൂടുമ്പോഴെടുക്കുന്ന ഇമ്യൂണോതെറാപ്പി ചികിത്സ തുടരുമെന്നും കാര്‍ട്ടര്‍ ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ട്ടറുടെ ജന്മദേശമായ അറ്റ്‌ലാന്റയില്‍ ക്രിസ്ത്യാനികളുടെ ഞായറാഴ്ച സ്‌കൂള്‍ ക്ലാസെടുക്കുന്നതിനിടെയാണ് കാര്‍ട്ടര്‍ രോഗവിമുക്തനായ വിവരം പുറത്ത് വിട്ടത്. മധ്യ ഏഷ്യയില്‍ 1977-1981 കാലഘട്ടത്തില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ കാര്‍ട്ടര്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ഇസ്‌റാഈലി-അറബ് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തിരുന്നു.