സ്കൂള്‍ കായികമേള: എറണാകുളം മുന്നേറ്റം തുടരുന്നു, ബിബിന് ഇരട്ട സ്വര്‍ണം

Posted on: December 7, 2015 3:45 pm | Last updated: December 7, 2015 at 4:24 pm
bibin
ഇരട്ട സ്വര്‍ണം നേടിയ ബിബിന്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മൂന്നാം ദിനവും എറണാകുളത്തിന്റെ മുന്നേറ്റം. 60 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 150 പോയിന്റുമായി എറണാകുളം ബഹുദൂരം മുന്നിലാണ്. 128 പോയിന്റുമായി പാലക്കാട്, 65 പോയിന്റുമായി കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച് എസ് എസ് 71 പോയിന്റുമായി മുന്നില്‍ തുടരുന്നു. പറളി എച്ച് എസ് എസ് 66 പോയിന്റുമായി രണ്ടാം സ്ഥാനത്തും കെ എച്ച് എസ് കുമരംപുത്തൂര്‍ 43 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

ബിബിന് ഇരട്ട സ്വര്‍ണം

കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് ഇന്ന് ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. ആദ്യ ദിനം അയ്യായിരം മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബിബിന്‍ ഇന്ന് 1500 മീറ്ററിലും പൊന്നണിഞ്ഞു. 800 മീറ്ററിലും ബിബിന്‍ മത്സരിക്കുന്നുണ്ട്. ഇതുകൂടി സ്വര്‍ണമായാല്‍ ഹാട്രിക്ക് ട്രിപ്പിള്‍ എന്ന ബഹുമതിക്ക് ബിബിന്‍ ഉടമയാകും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 800, 1500, 3000 മീറ്ററുകളില്‍ ബിബിന്‍ സ്വര്‍ണം നേടിയിരുന്നു.