ഭാരതീയ ധര്‍മജന സേനയെ കാത്തിരിക്കുന്നത് ജനകീയ വേദിയുടെ വിധിയോ

Posted on: December 6, 2015 4:45 am | Last updated: December 6, 2015 at 12:46 am

BDJSആലപ്പുഴ: എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തിന്റെ ഇന്നലെ ശംഖുമുഖത്ത് പിറവിയെടുത്ത ഭാരതീയ ധര്‍മജന സേനയുടെ ആയുസ്സ് എത്രനാള്‍ എന്ന് മാത്രമാണ് കേരളീയ സമൂഹത്തിന് അറിയാനുള്ളത്. യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അകാല ചരമം പ്രാപിച്ച ചരിത്രമാണുള്ളത്.
വെള്ളാപ്പള്ളി എസ് എന്‍ ഡി പി യോഗം നേതൃത്വത്തിലെത്തിയ ശേഷം വളരെ വിപുലമായി തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം നടന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. താലൂക്ക് യൂനിയനുകളുടെ സമ്പൂര്‍ണ സഹകരണത്തോടെ അന്നത്തെ യോഗം വൈസ് പ്രസിഡന്റ് കൂടിയായിരുന്ന എം ബി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ജനകീയവേദി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചത്.
യോഗത്തിന്റെ നേരിട്ടുള്ള നിയന്ത്രണവും പാര്‍ട്ടിക്കുണ്ടായിരുന്നെങ്കിലും അധികനാള്‍ ഇതിന് നിലനില്‍ക്കാനോ തിരഞ്ഞെടുപ്പുകളില്‍ സാന്നിധ്യമറിയിക്കാനോ കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യോഗത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് യൂനിയനുകള്‍ക്ക് ഓരോ ജീപ്പും നല്‍കിയിരുന്നു. ഈ ജീപ്പുകള്‍ പോലും പലയിടങ്ങളിലും ഇന്ന് അവശേഷിക്കുന്നില്ല. മുന്നണി ബന്ധങ്ങളോ മറ്റോ ചര്‍ച്ച ചെയ്യപ്പെടുകയോ തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി അകാല ചരമം പ്രാപിച്ചു. കേരള രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞ എസ് ആര്‍ പി, എസ് എന്‍ ഡി പി യോഗത്തിന്റെ നേതാക്കള്‍ മുന്‍കൈയെടുത്തുണ്ടാക്കിയ പാര്‍ട്ടിയാണ്.
എസ് ആര്‍ പിക്ക് നിയമസഭയില്‍ പ്രാതിനിധ്യവും മന്ത്രി സ്ഥാനവുമൊക്കെ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അധികം വൈകാതെ ഇതും ചരമം പ്രാപിച്ചു. പിന്നീട് ഈ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ ആര്‍ എസ് എസ് പ്രേരണയില്‍ എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യോഗം പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.പുതിയ പാര്‍ട്ടി ഏറെ തയ്യാറെടുപ്പുകളോടെയാണ് രൂപം കൊണ്ടതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാവി നിര്‍ണയിക്കുക.പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും വരെ ഇന്നലെ ശംഖുമുഖത്ത് അവതരിപ്പിച്ചു കൈയടി നേടിയെങ്കിലും പാര്‍ട്ടിയെ ജനങ്ങളിലേക്കെത്തിച്ച് അംഗീകാരം നേടുകയെന്ന ഭാരിച്ച ഉത്തരവാദിത്തം യോഗത്തിന് സാധ്യമാകുമോയെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഭാവി.
സമത്വ മുന്നേറ്റ യാത്ര തന്നെ വിവാദമാകുകയും ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കാന്‍ അവരുടെ കാര്‍മികത്വത്തിലാണിതെന്ന വിമര്‍ശം ഉയരുകയും ചെയ്തതിന് പിന്നാലെ രൂപം കൊണ്ട ബി ജെ ഡിഎസിന്റെ ആയുസ്സ് എത്രകാലമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.