Connect with us

National

ചെന്നൈ നഗരം സാധാരണ നിലയിലേക്ക്; ആശങ്കയുയര്‍ത്തി വീണ്ടും മഴ

Published

|

Last Updated

ചെന്നൈ: കനത്ത മഴക്ക് ശമനമായതിനെത്തുടര്‍ന്ന് സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്ന ചെന്നൈയില്‍ വീണ്ടും മഴയെത്തി. തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും മഴ പൂര്‍ണമായും വിട്ടുനിന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നത്.

അതേസമയം ചെന്നൈയുടെ തീരദേശ മേഖലകളില്‍ യാതൊരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുയര്‍ന്നു. കൊട്ടൂര്‍ പുരം, മുടിച്ചൂര്‍, പള്ളിക്കരണൈ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ഇവിടെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്ക് കടുത്ത ഭക്ഷണം ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വെള്ളം പൂര്‍ണമായി ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് രാവിലെ മഴയെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.വ്യോമ, റെയില്‍, റോഡ് ഗാതഗതം പുന:സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മുതല്‍ വിമാനത്താവളം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. പുറപ്പെടുന്നതിനും പകല്‍ സര്‍വീസുകള്‍ക്കും മാത്രമായിരിക്കും അനുമതിയുണ്ടാകുക. ഇന്ന് രാവിലെ ആറ് മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചു.
പ്രതിരോധ, ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ 400 പേരെ രക്ഷപ്പെടുത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്നലെയും വ്യാമ സേനാംഗങ്ങള്‍ രംഗത്തെത്തി. 13 ഐ എ എഫ് ഹെലികോപ്റ്ററുകളാണ് ദുരുതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ദക്ഷിണ റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ നടത്തി. ചെന്നൈയില്‍ നിന്ന് മധുരൈ, തിരുച്ചിറപ്പള്ളി, തിരുച്ചെണ്ടൂര്‍, കാരയ്ക്കല്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് ഇന്നലെ പ്രത്യേക ട്രെയിനുകള്‍ ഓടിയത്.
ദുരിതാശ്വാസ പ്രവര്‍ത്തകരെ തടയുകയും ദുരിതാശ്വാസ സാമഗ്രികള്‍ക്ക് മേല്‍ “അമ്മ” സീല്‍ പതിക്കാന്‍ ശ്രമിക്കുകയും ചെയ്ത എ ഐ ഡി എം കെ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. നാളെയോടെ പാല്‍ വിതരണം സാധാരണ നില കൈവരിക്കുമെന്ന് പൊതുമേഖലാ പാല്‍വിതരണ സംരംഭമായ ആവിന്‍ അറിയിച്ചു.