സൈനിക രഹസ്യം ചോര്‍ത്തല്‍: വിമുക്ത ഭടനും അധ്യാപകനും അറസ്റ്റില്‍

Posted on: December 6, 2015 12:31 am | Last updated: December 6, 2015 at 12:31 am

isi-suspect-in-rajouri_ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക രഹസ്യം പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐക്ക് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ വിമുക്ത ഭടന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. വിമുക്ത ഭടനായ മുനവ്വര്‍ അഹ്മദ് മിറിനെയും കാശ്മീരിലെ രജൗരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സാബിറിനെയുമാണ് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിമുക്ത ഭടന്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്. ഇതോടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിടിയിലായവരുടെ എണ്ണം അഞ്ചായി. ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈം ബ്രാഞ്ചും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മിര്‍ അറസ്റ്റിലാകുന്നത്. പിടിയിലായ മുനവ്വര്‍ അഹ്മദ് മിറിന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലെ സൈനികവിന്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയതിന് ബി എസ് എഫ് ജവാന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ചാരപ്രവര്‍ത്തനത്തിനെത്തിയ ഐ എസ് ഐ ഏജന്റ് മുഹമ്മദ് ഇജാസിന്റെ സഹോദരന്‍ ഫവാദ് പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖര്‍, പാക് ക്രിക്കറ്റ് താരം ശഹീദ് അഫ്രീദി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ മിര്‍ നിഷേധിച്ചിട്ടുണ്ട്.