ആവേശക്കുതിപ്പ്…

Posted on: December 5, 2015 11:47 pm | Last updated: December 5, 2015 at 11:47 pm

001  JINOBASTIANകോഴിക്കോട്: കന്നിയിറക്കത്തില്‍ തന്നെ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടിയെങ്കിലും സായൂജിന്റെ ജീവിതം അത്ര തിളക്കമുള്ളതല്ല. എതൊരാളുടേയും പോലെ താമസിക്കാന്‍ ഒരു വീട് വേണമെന്നത് തന്നെയാണ് സായൂജിന്റെ ആഗ്രഹം. എന്നാല്‍, താമസിക്കാന്‍ ഒരു വീടോ തുടര്‍ പരിശീലനത്തിന് പരിശീലകനോ സായൂജിനില്ല. സ്‌കൂളിലെ കായികാധ്യാപകന്റെ വെറും ഒന്നരമാസത്തെ പരിശീലനത്തിലാണ് സായൂജ് ട്രാക്കില്‍ ആദ്യമായിറങ്ങി സ്വര്‍ണം സ്വന്തമാക്കിയത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയ സായൂജ് കോഴിക്കോട് സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കോഴിക്കോട് കൂരാച്ചുണ്ട് മണ്ടേപ്പാറയാണ് സായൂജിന്റെ നാട്. കൂലിപ്പണിക്കാരനായ പിതാവ് ബാബു മക്കള്‍ക്കുവേണ്ടി കഠിനശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, മക്കളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് ബാബു പ്രയാസത്തോടെ പറയുന്നു. സഹോദരി സുതാര്യ പ്ലസ്ടുവിന് സയന്‍സ് വിഷയത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചെങ്കിലും തുടര്‍ന്ന് പഠിപ്പിക്കാന്‍ സാമ്പത്തിക അവസ്ഥ അനുവദിച്ചില്ല. ഇപ്പോള്‍ പഠനമുപേക്ഷിച്ച് വീട്ടിലിരിപ്പാണ് സുതാര്യ. അമ്മയുടെ സഹോദരന്റെ വീട്ടിലാണ് അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന ഈ കുടുംബം കഴിയുന്നത്.
ഫുട്‌ബോള്‍ കമ്പക്കാരനായ സായൂജ് ഈ വര്‍ഷം ആദ്യമായാണ് ട്രാക്കിലിറങ്ങുന്നത്. കന്നിയങ്കമാണെങ്കിലും അവിടെ സായൂജിനെ കാത്തിരുന്നത് പൊന്നിന്‍ തിളക്കമായിരുന്നു. ഇന്ന് 600, 200 മീറ്ററിലും സായൂജ് മല്‍സരിക്കുന്നുണ്ട്. ട്രാക്കില്‍ ആദ്യമാണെങ്കിലും പ്രതീക്ഷയോടെയാണ് ഇറങ്ങിയതെന്ന് ജില്ലാ കായികമേളയില്‍ ചാമ്പ്യന്‍ കൂടിയായ സായൂജ് പറഞ്ഞു. ഇന്ന് വീണ്ടും ട്രാക്കിലിറങ്ങുമ്പോള്‍ സായൂജിന് ജീവിതത്തിലും ഏറെ പ്രതീക്ഷകളാണ് കായിക മേഖല നല്‍കുന്നത്.

മെഡലുകള്‍ തോല്‍ക്കുന്നു;
അനസിന് മുന്നില്‍..
കോഴിക്കോട്:’ഇച്ഛാശക്തിയും ദൃഢനിശ്ചയവും പതറാത്ത മനസ്സുമായി മുഹമ്മദ് അനസ് കുതിച്ചപ്പോള്‍ വൈകല്ല്യങ്ങള്‍ വെറും അടയാളമായി മാറുന്ന കാഴ്ചയാണ് മെഡിക്കല്‍ കോളജിലെ ലോംഗ്ജമ്പ് പിറ്റില്‍ ഇന്നലെ കണ്ടത്.
സഹതാരങ്ങള്‍ ഇരുകൈകളും വീശി ചാട്ടത്തിന് മുന്നൊരുക്കം നടത്തുമ്പോള്‍ ജന്മനാ ഇടതുകൈ ഇല്ലാതിരുന്ന അനസ് മുഴുവന്‍ ശക്തിയും വലത് കൈയില്‍ കേന്ദ്രീകരിച്ച് കുതിപ്പിനൊരുങ്ങി. തന്റെ ഊഴത്തിനായുള്ള വെടിയൊച്ച മുഴങ്ങിയതോടെ, വലതുകൈ മാത്രം വീശി ഓടിവന്ന് വായുവില്‍ കുതിച്ചുചാടി. ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യതയോ, വലിയ റെക്കോര്‍ഡുകളോ ഒന്നും ലഭിച്ചില്ലെങ്കിലും നിറഞ്ഞ കൈയടിയാണ് കോട്ടക്കല്‍ പറപ്പൂര്‍ ഐ യു എച്ച് എസ് എസ് വിദ്യാര്‍ഥിയായ അനസിന് ലഭിച്ചത്.
സബ് ജില്ലാ കായികമേളയില്‍ ലോംഗ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയില്‍ വ്യക്തിഗത ചാമ്പ്യനായ അനസ് മലപ്പുറം ജില്ലാ കായിക മേളയില്‍ ലോംഗ്ജമ്പില്‍ രണ്ടാമനായാണ് സംസ്ഥാന കായിക മാമാങ്കത്തിന് യോഗ്യത നേടിയത്. ജില്ലയില്‍ ആറ് മീറ്ററിന് മുകളില്‍ ചാടിയിരുന്ന അനസിന് പക്ഷെ സംസ്ഥാന മേളയില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 5.85 മീറ്റര്‍ ദൂരമേ താണ്ടാനായുള്ളൂ.
റഷ്യയില്‍ നടന്ന വികലാംഗര്‍ക്കുള്ള ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും അസോസിയേഷന്റെ അംഗീകാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം അനസിന് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാന്‍ അവസരം ലഭിച്ചില്ല. കോട്ടക്കല്‍ ഒതുക്കുങ്ങിലെ നടുത്തൊടി അബ്ദു- ഖദീജ ദമ്പതികളുടെ മകനാണ്.