തുര്‍ക്കി നിരവധി തവണ ഖേദിക്കേണ്ടിവരും: പുടിന്‍

Posted on: December 4, 2015 5:12 am | Last updated: December 4, 2015 at 1:13 am

മോസ്‌കോ: റഷ്യന്‍ വിമാനം വെടിവെച്ചിട്ടതിന്റെ പേരില്‍ തുര്‍ക്കി നിരവധി തവണ ഖേദിക്കേണ്ടിവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ഭീകരവാദികള്‍ക്ക് തുര്‍ക്കി സഹായം നല്‍കുന്നുണ്ടെന്ന പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതക്കെതിരെ വിശാലമായ അന്താരാഷ്ട്ര സഹകരണം ആവശ്യമായിരിക്കുന്നു. ഈ വിഷയത്തില്‍ ചില രാജ്യങ്ങള്‍ നടത്തുന്ന ഇരട്ടനിലപാടും ഭീകരവാദികളെ പിന്തുണക്കുന്ന നിലപാടും അവസാനിപ്പിക്കേണ്ടതുണ്ട്. ഇസിലില്‍ നിന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ടെന്ന ആരോപണം പിന്‍വലിക്കില്ല. തുര്‍ക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ടത് നീചമായ യുദ്ധക്കുറ്റമാണെന്നും പുടിന്‍ വ്യക്തമാക്കി.
തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതുമുതല്‍ തുര്‍ക്കിക്കെതിരെ കടുത്ത ആരോപണവുമായി പുടിന്‍ രംഗത്തെത്തിയിരുന്നു. ഇസിലില്‍ നിന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ടെന്നും ഇതിന് തടസമായപ്പോഴാണ് വിമാനം വെടിവെച്ചിട്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുടിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. 9/11 ആക്രമണത്തിന് ശേഷം യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രസ്താവനയെ പോലെയാണ് ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ റഷ്യയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു.
എന്നാല്‍, റഷ്യയുടെ ആരോപണങ്ങളെ നേരത്തെ തന്നെ തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നും രാജ്യത്തിന്റെ അതിര്‍ത്തിയും ജനങ്ങളുടെ സുരക്ഷിതത്വവും സര്‍ക്കാറിന്റെ അവകാശമല്ല, ബാധ്യതയാണെന്നുമായിരുന്നു തുര്‍ക്കിയുടെ വിശദീകരണം.