ശബാബ് ഒമാന്‍ രണ്ടാമനുമായി തരംഗിണി മടങ്ങിയെത്തി

Posted on: December 4, 2015 5:48 am | Last updated: December 4, 2015 at 12:49 am

കൊച്ചി: എട്ട് മാസം മുമ്പ് കൊച്ചി വിട്ട തരംഗിണി പതിനാല് രാജ്യങ്ങളിലൂടെ പര്യടനം നടത്തി മടങ്ങിയെത്തിയത് ശബാബ് ഒമാന്‍ രണ്ടാമനെയും കൂട്ടി. പതിനാല് രാജ്യങ്ങളിലൂടെ പര്യടനം നടത്തി 17000 നോട്ടിക്കല്‍ മൈല്‍ കടല്‍ താണ്ടിയെത്തിയ ഇരുവര്‍ക്കും കൊച്ചി നാവികസേന ആസ്ഥാനത്ത് നല്‍കിയതാകട്ടെ പ്രൗ ഢോജ്ജ്വല സ്വീകരണവും.
ഒമാന്‍ നാവികസേനയുടെ പുതിയ പായ്ക്കപ്പലാണ് ആര്‍ണോവ് ശബാബ് ഒമാന്‍ രണ്ടാമന്‍. ഐ എന്‍ എസ് തരംഗിണി ഇന്ത്യന്‍ നാവികസേനയുടെയും. ആഗസ്റ്റില്‍ യുറോപ്പില്‍ നടന്ന കപ്പലോട്ട മത്സരത്തിലും (ടാള്‍ ഷിപ്) അന്താരാഷ്ട്ര കപ്പല്‍ പരിശീലന സംഘടനകളുടെ വിവിധ പരിശീലന പരിപാടികളിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ പോയതായിരുന്നു ഐ എന്‍ എസ് തരംഗിണി. ക്യാപ്റ്റന്‍ ദീപക് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ എട്ട് ഓഫീസര്‍മാരും 41 നാവികരും എട്ട് ഒഫീഷ്യല്‍സുമായി കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് യാത്ര പുറപ്പെട്ടത്.
ലോകയാന്‍-15 എന്ന് പേരിട്ട ദൗത്യവുമായി പുറപ്പെട്ടയാത്രയില്‍ വഴിമധ്യേ 14 രാജ്യങ്ങളളിലായി 17 തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടയിലായിരുന്നു ഒമാനിലുമെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ സൗഹൃദം സ്വീകരിച്ച ഒമാന്‍ സേന തങ്ങളുടെ 60 വര്‍ഷം പഴക്കമുള്ള ഇന്ത്യയുമായുള്ള നാവികസൗഹൃദം പുതുക്കാന്‍ കൂടെപ്പോരുകയായിരുന്നു.
മസ്‌കറ്റ് തീരത്ത് നിന്ന് നവംബര്‍ 24നാണ് ഇരുവരും ഒരുമിച്ച് യാത്ര തിരിച്ചത്. ഐ എന്‍ എസ് തരംഗിണിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഒമാന്റെ പുതിയ പടുകൂറ്റന്‍ പരിശീലന പായ്ക്കപ്പലായ ശബാബ് ഒമാനാണ് ഈ ഗൃഹാതുര യാത്രക്ക് തരംഗിണിക്കൊപ്പം ചേര്‍ന്നത്. 87 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. പ്രധാന പായയുടെ ഉയരം 50 മീറ്ററോളം വരും. 2013ല്‍ റുമോനിയയില്‍ നിര്‍മിച്ചതാണ് ഈ പുതിയ പായ്ക്കപ്പല്‍. 1997ല്‍ ഗോവയില്‍ നിര്‍മിച്ചതാണ് ഐ എന്‍ എസ് തരംഗിണി. ക്യാപ്റ്റന്‍ സെയ്ഫ് ബിന്‍ നാസര്‍ ബിന്‍ മൊഹ്‌സിന്‍ നയിച്ച കപ്പലില്‍ ആറ് വനിതകള്‍ ഉള്‍പ്പെടെ 36 താത്കാലിക ഉദ്യോഗസ്ഥരും 54 സേനാംഗങ്ങളുമാണ് ശബാബിലുണ്ടായിരുന്നത്. ഇന്ത്യയയും ഒമാനും തമ്മിലുള്ള സാംസ്‌കാരിക- കച്ചവട ബന്ധത്തിന്റെ 60ാം വാര്‍ഷികത്തിന്റെ ഓര്‍മ പുതുക്കുന്ന യാത്രക്ക് മൗസം എന്നായിരുന്നു ഒമാന്‍ നാവിക സേന പേരിട്ടത്.
ഇരു കപ്പലിലെയും നാവികരെ പരസ്പരം കൈമാറിയും പരിശീലനങ്ങളില്‍ പങ്കാളികളാക്കിയും ഒരാഴ്ച പ്രണയജോഡികളെ പോലെ ഒരുമിച്ച് യാത്ര ചെയ്ത ഇരു കപ്പലുകളും ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊച്ചി തീരത്തെത്തിയത്. വാദ്യമേളങ്ങളും ആനയും അമ്പാരിയുമെല്ലാമായി കേരളീയത്തനിമയില്‍ പ്രൗഢോജ്ജ്വല സ്വീകരണമാണ് ഇരുവര്‍ക്കും നല്‍കിയത്. ഇരു രാജ്യങ്ങളുടെയും പതാകയേന്തിയ കുട്ടികളും ശബാബ് ഒമാന്‍ കീ ജയ് വിളിച്ച് തൊപ്പി ഉയര്‍ത്തിക്കാണിച്ച് സേനാംഗങ്ങളും തീരത്തടുക്കാറായ കപ്പലുകളെ അഭിവാദ്യം ചെയ്തു. മുറ്റത്ത് പൂക്കളവും നിറപറയുമൊരുക്കിയും മുല്ലപ്പൂമാലയിട്ടും ഇരു സേനാംഗങ്ങളെയും സ്വീകരിച്ചാനയിച്ചു. കളരിപ്പയറ്റ്, ചെണ്ടമേളം എന്നിവയും ഒമാന്‍ നാവികസേനാംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനായി ഒരുക്കിയിരുന്നു.
ഇന്ത്യയിലെ ഒമാന്‍ സ്ഥാനപതി സെയ്ഫ് അബ്ദുല്‍ അസീസ് അല്‍ റാവാഹി, റിയര്‍ അഡ്മിറല്‍ എസ് കെ ഗ്രേവാള്‍, ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആര്‍ ബി പണ്ഡിറ്റ്, എയര്‍ കമ്മഡോര്‍ മുര്‍ഷിദ് അബ്ദുല്‍ അല്‍ ലോഹന്‍, കമ്മഡോര്‍ അബ്ദുല്ല അല്‍ സുലൈമാന്‍ യാഹ്യാ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായി ശബാബ് ഒമാന്‍ നാളെ ഒമാനിലേക്കു തിരിച്ചുപോകും.