Connect with us

Editorial

വിലക്കയറ്റത്തില്‍ ഞെരുങ്ങുന്ന ജീവിതം

Published

|

Last Updated

വിലക്കയറ്റമായിരുന്നു ബുധനാഴ്ച നിയമസഭയിലെ മുഖ്യചര്‍ച്ച. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍, വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഫലപ്രദമായി വിപണിയിലിടപെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെയും അവകാശവാദം. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലാണ് ഒടുവില്‍ ചര്‍ച്ച അവസാനിച്ചത്. മുഖ്യമന്ത്രിക്കെതിരെ സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ ബിജു രാധാകൃഷ്ണന്റെ മൊഴി പുറത്ത് വന്നതോടെ അതിനെ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടുത്ത ദിവസത്തെ നിയമസഭാ ചര്‍ച്ച. വിലക്കയറ്റം അവര്‍ കൈവിട്ടു.
മറ്റൊരു ആയുധവുമില്ലാത്തപ്പോള്‍ സര്‍ക്കാറിനെ അടിക്കാനുള്ള വിഷയം മാത്രമാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വിലക്കയറ്റമെങ്കില്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതല്ല സ്ഥിതി. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ഇടപാടിലോ സോളാര്‍ കേസിലോ അല്ല, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലയില്‍ താളം തെറ്റുന്ന കുടുംബ ബജറ്റിലാണ് അവരുടെ ആശങ്ക. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മത്സ്യമാംസാദികള്‍ക്കുമെല്ലാം വില അനുദിനം കുതിക്കുകയാണ് സംസ്ഥാനത്ത്. പയര്‍വര്‍ഗങ്ങള്‍ക്കും ചിലയിനം പച്ചക്കറികള്‍ക്കും മൂന്നിരട്ടി വരെയാണ് അടുത്തിടെയായി വില വര്‍ധിച്ചത്. പരിമിതമായ ദിവസവരുമാനം കൊണ്ട് കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരന്റെ കുടുംബങ്ങളെയാണ് ഇത് കൂടുതല്‍ പ്രയാസത്തിലാക്കുന്നത്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ പേമാരിയും പ്രകൃതിക്ഷോഭവും സ്ഥിതി ഇനിയും സങ്കീര്‍ണമാക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഉത്പാദനക്കുറവും ദൗര്‍ലഭ്യതയും അതിലുപരി പൂഴ്ത്തിവെപ്പുമാണ് പയര്‍വര്‍ഗങ്ങളുടെയും ചിലയിനം പച്ചക്കറികളുടെയും വിലക്കയറ്റത്തിന് കാരണം. പയര്‍ വര്‍ഗങ്ങളുടെ ഉത്പാദനം മുന്‍ വര്‍ഷത്തേക്കാള്‍ 20 ലക്ഷം ടണ്‍ കുറവാണ് രാജ്യത്ത്. ഇത് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യഥാസമയം ഇറക്കുമതി ചെയ്യാനോ സംഭരിച്ചുവെക്കാനോ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. മുന്‍കാലങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഇറക്കുമതിയിലൂടെയാണ് പരിഹരിച്ചിരുന്നത്. ഇത്തവണ ഇറക്കുമതിക്ക് അനുമതി നല്‍കിയത് വളരെ വൈകിയാണ്. ഈ അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്ത പയര്‍ വര്‍ഗങ്ങള്‍ പല സ്വകാര്യ ഏജന്‍സികളും വിപണിയിലിറക്കാതെ പൂഴ്ത്തിവെച്ച് വിലക്കയറ്റം പിന്നെയും രൂക്ഷമാക്കുകയും ചെയ്തു. തുടര്‍ന്ന് ധാന്യവര്‍ഗങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാനും ലഭ്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്തു സൂക്ഷിക്കുന്ന ധാന്യശേഖരത്തിനും കയറ്റുമതിക്കാര്‍ പിടിച്ചുവെക്കുന്ന ധാന്യശേഖരത്തിനും പരിധി ഏര്‍പ്പെടുത്തിയെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കാനുമായില്ല. ഈ തീരുമാനത്തിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ പൂഴ്ത്തിവെപ്പ് പിടികൂടിയിരുന്നു. പ്രധാനമന്ത്രി മിക്ക സന്ദര്‍ഭങ്ങളിലും വിദേശത്തായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. പാര്‍ട്ടിയിലെ മറ്റു നേതാക്കളാണെങ്കില്‍ ഗോമാതാവിനെ സംരക്ഷിക്കുന്ന തിരക്കിലുമാണല്ലോ.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പതിവ് സംഭവമാണെങ്കിലും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ വലിയൊരളവോളം അവയെ നേരിടാന്‍ സാധിച്ചിരുന്നു മുന്‍കാലങ്ങളില്‍. ഇന്നിപ്പോള്‍ പൊതുവിതരണ സംവിധാനം കാര്യക്ഷമമല്ല. സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങള്‍ പലതവണയായി സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ അവയുടെ സ്ഥാപിത ലക്ഷ്യം തന്നെ അട്ടമറിക്കപ്പെടുകയായിരുന്നു. നിലവില്‍ സബ്‌സിഡിയുള്ള സാധനങ്ങളാകട്ടെ മിക്ക സമയത്തും സ്റ്റോക്കുണ്ടാകാറുമില്ല. സംസ്ഥാനത്ത് 797 നന്മ സ്‌റ്റോറുകളും 231 ത്രിവേണി സ്‌റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
സാമ്പത്തിക മാന്ദ്യമാണ് പൊതുവിതരണം ശക്തിപ്പെടുത്തുന്നതിന് തടസ്സമായി പറയപ്പെടുന്നത്. ദൈനംദിന ഭരണ കാര്യങ്ങള്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും അടിക്കടി വായ്പയെയും കടപ്പത്രങ്ങളെയും ആശ്രയിക്കുന്ന സര്‍ക്കാറിന് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കെവിടെ പണം? അരിമില്ലുകാര്‍ക്ക് ഭീമമായ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ അരി വിതരണം താറുമാറായിരിക്കുകയാണ്. എന്നാലും ഭരണ, ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന ധൂര്‍ത്തിനും അഴിമതിക്കും യാതൊരു കുറവുമില്ല. ഇക്കാര്യത്തില്‍ പണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. അഴിമതിക്കാരും കുറ്റാരോപിതരുമായ മന്ത്രിമാരുടെ കേസുകള്‍ നടത്താന്‍ പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ചെലവാക്കുന്ന വാര്‍ത്തയും നാം കേട്ടുവരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി.

Latest