Connect with us

Articles

ഇതാണ് മാധ്യമ ഗുണ്ടായിസം

Published

|

Last Updated

“ആനക്ക് മാത്രമേ തുമ്പിക്കൈ ഉള്ളൂ” എന്ന് പറഞ്ഞാല്‍ അതൊരു സാധാരണ കാര്യമാണ്, ഇതില്‍ വിവാദത്തിന് ഒരു സാധ്യതയുമില്ല. ഇതേ പ്രസ്താവന ഒന്ന് തല തിരിച്ചിട്ട് “ആനക്ക് തുമ്പിക്കൈ മാത്രമേയുള്ളൂ” എന്ന് പറഞ്ഞാലോ? അതൊരു അവാസ്തവ പ്രസ്താവനയായി. വേണമെങ്കില്‍ ഒരു വിവാദത്തിന് സാധ്യതയുമുണ്ട്. ലിംഗസമത്വം സംബന്ധിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ വമ്പിച്ചൊരു അട്ടിമറി നടത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും വ്യത്യസ്തമായ കഴിവുകളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ “പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ” എന്നാണ് കാന്തപുരം പറഞ്ഞത്. നിമിഷങ്ങള്‍ക്കകം ബ്രേക്കിംഗ് ന്യൂസുകള്‍ മിന്നി. “സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ” എന്ന് കാന്തപുരം. ആനയുടെ തുമ്പിക്കൈയെ കുറിച്ച് പറഞ്ഞതുപോലെ വെറുമൊരു തമാശയല്ലല്ലോ ഇത്. അതുകൊണ്ട് പിന്നാലെ കാന്തപുരത്തിന്റെ തിരുത്ത് വന്നു. എന്റെ പ്രസംഗം തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, അതൊന്നും ചാനലുകള്‍ ഗൗനിച്ചതേയില്ല, അവര്‍ പണി തുടങ്ങിക്കഴിഞ്ഞിരുന്നു.
ബ്രേക്കിംഗിനു പിന്നാലെ ചാനല്‍ കിളികള്‍ ചിലച്ചു. അവതാരകര്‍ നിരന്നു. ഒരേ അഭിപ്രായമേ പറയൂ എന്നുറപ്പുള്ള മോള്‍ഡ് ചെയ്ത പാനലുകളെ നിരത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. എതിരഭിപ്രായം പറഞ്ഞവരെ അവതാര പുരുഷന്മാര്‍ വെട്ടി. ഇതിനിടക്കാണ് ഫേസ്ബുക്കിലും യു ട്യൂബിലും കാന്തപുരത്തിന്റെ പ്രസംഗത്തിന്റെ യഥാര്‍ഥ ടേപ്പ് പുറത്ത് വരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ കള്ളത്തരങ്ങള്‍ കൈയോടെ പിടിക്കപ്പെട്ടു. തെറ്റായ വാര്‍ത്തയുടെ മറ പറ്റി കാന്തപുരത്തിന്റെ ചോര കുടിക്കാനിറങ്ങിയ തത്പര കക്ഷികളെ സോഷ്യല്‍ മീഡിയ ഓടിച്ചുവിട്ടു. സോഷ്യല്‍ മീഡിയ ഒരു കുത്തക മുതലാളിയുടെയും മീഡിയാ സിന്‍ഡിക്കേറ്റിന്റെയും നിയന്ത്രണത്തിലല്ലല്ലോ.
ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ ആശങ്കാകുലനായിട്ടാണ് വാര്‍ത്ത വായിച്ചത്. സംഭവിക്കാന്‍ പോകുന്ന വലിയൊരപരാധത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള വെപ്രാളത്തോടെ പല പ്രമുഖരെയും വിളിച്ച് അയാള്‍ അഭിപ്രായം തേടിക്കൊണ്ടിരുന്നു. ആശങ്കയുടെ വായു അടിച്ചു കയറ്റിയ ബലൂണ് പോലെ അയാളങ്ങനെ വീര്‍ത്തു പൊട്ടാറായിരിക്കുമ്പോഴായിരുന്നു അഡ്വ. ജയശങ്കറിനെ വിളിച്ചത്. കണക്കിന് കൊടുക്കും എന്ന് ജയശങ്കറിനെ അറിയാവുന്ന ഏതൊരാളും വിശ്വസിക്കുന്ന പോലെ അയാളും വിചാരിച്ചു.
അഡ്വ. ജയശങ്കര്‍ പറഞ്ഞതിങ്ങനെ: “”കാന്തപുരത്തിന് ഒറ്റ നിലപാടേയുള്ളൂ. നമ്മുടെ മറ്റു പല മത- സമുദായ നേതാക്കളയും അപേക്ഷിച്ച് അദ്ദേഹം നിഷ്‌കളങ്കനാണ്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം തുറന്നുപറയുന്നുവെന്നേയുള്ളൂ. കാന്തപുരത്തിന്റെ അഭിപ്രായം ഖുര്‍ആനും ഹദീസും അനുസരിച്ചുള്ളതാണ്. അദ്ദേഹം വളച്ചുകെട്ടില്ലാതെ പറയുന്നു. അതേസമയം, മറുപക്ഷത്തുള്ള പണ്ഡിതന്മാര്‍ കാലോചിതമായി ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നു എന്ന രീതിയില്‍ ആധുനികമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നു. മതങ്ങള്‍ പൊതുവെ പുരുഷാധിപത്യപരമാണ്. ഇസ്‌ലാമും പുരുഷാധിപത്യം പ്രൊപഗേറ്റ് ചെയ്യുന്ന മതമാണ്. കാന്തപുരം ഖുര്‍ആനിലും ഹദീസിലും കാണുന്നത് അതേപടി പറയുന്നു. മറ്റുള്ളവര്‍ അതില്‍ മായം ചേര്‍ത്ത് പുരോഗമന വാദികളായി അഭിനയിക്കുന്നു. കാന്തപുരം ആര്‍ജവമുള്ള ആളായതുകൊണ്ട് തുറന്നു പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ സ്വകാര്യമായി ചെവിയില്‍ പറഞ്ഞു തരും, ഇതാണ് വ്യത്യാസം.””
അഡ്വ. ജയശങ്കര്‍ ഇങ്ങനെ പറഞ്ഞുകയറിയപ്പോള്‍ അവതാര പുരുഷന്റെ ബലൂണിന് തുള വീണു. അവതാരകന്‍ പ്ലിംഗ്. ജയശങ്കറിന്റെ സംസാരം അവസാനിപ്പിക്കാനുള്ള തിടുക്കം ആ ശബ്ദം കേട്ടവര്‍ക്ക് വേഗം പിടികിട്ടി.
മാധ്യമം ഓണ്‍ലൈന്‍ എഡിഷനാണ് തെറ്റായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തെറ്റ് ബോധ്യപ്പെട്ടതോ പ്രതീക്ഷിച്ച ടാര്‍ജറ്റ് പൂര്‍ത്തിയായതോ രണ്ടുമാകാം, മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍ ഇടക്ക് വാര്‍ത്ത പിന്‍വലിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു ചാനലില്‍ നിന്ന് മര്‍കസ് മീഡിയക്ക് ക്ഷണം വന്നു. തിരുത്തയച്ചിട്ടുണ്ടെന്നും ആള് വരില്ലെന്നും അറിയിച്ചിട്ടും ആ ചാനല്‍ തെറ്റായ വാര്‍ത്ത പുറത്തുവിട്ടു. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നു പറഞ്ഞിട്ടും ആള്‍ വന്നില്ലെന്നും ഇപ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ലെന്നുമായിരുന്നു അവതാരകന്റെ പരാതി.
ഇതിനകം പ്രിന്റ് മീഡിയ അച്ച് നിരത്തിത്തുടങ്ങിയിരുന്നു. ലിംഗ സമത്വം ഇസ്‌ലാമിനും മനുഷ്യത്വത്തിനും എതിര്” എന്ന് കാന്തപുരം പറഞ്ഞതായി കോഴിക്കോട് എഡിഷനില്‍ തലവാചകം കൊടുത്ത മാതൃഭൂമി “സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രം കഴിയുന്നവര്‍” എന്ന് വാര്‍ത്തയുടെ ഉടലില്‍ എഴുതിച്ചേര്‍ത്തു. ഇതേ വാര്‍ത്ത തെക്കോട്ടെത്തിയപ്പോള്‍ ഉടല് തലയായിമാറി. എറണാകുളം എഡിഷന്റെ ഒന്നാം പേജിനു മുകളില്‍ ലീഡ് ന്യൂസിനേക്കാള്‍ പ്രാധാന്യത്തോടെ ചിത്ര സഹിതം ഭീതിജനകമായ വാര്‍ത്ത കൊടുത്തു: “സ്ത്രീകള്‍ക്ക് കഴിയുന്നത് പ്രസവിക്കാന്‍ മാത്രം” എന്ന് കാന്തപുരം.
വിഷലിപ്തമായ ഈ അട്ടിമറി വാര്‍ത്ത മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ്, കെ പി സി സി പ്രസിഡന്റ്, സി പി ഐ നേതാവ് തുടങ്ങിയവരില്‍ നിന്ന് പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തി അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, ഈ പേപ്പട്ടിയാണ് കടിച്ചതെന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ പേ വിഷബാധ കുത്തിവെപ്പ് എടുപ്പിക്കുക. യഥാര്‍ഥ പത്രം ശരിക്കും ശക്തി തെളിയിച്ചു. സ്ത്രീകള്‍ പ്രസവിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് എന്ന് കാന്തപുരം പറയേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. നിര്‍ഭാഗ്യത്തിന് കാന്തപുരം അങ്ങനെ പറഞ്ഞില്ല. എന്നുവെച്ച് തത്പര കക്ഷികള്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? സ്ത്രീ, പ്രസവം തുടങ്ങിയ ചില പദങ്ങള്‍ കാന്തപുരം പറഞ്ഞല്ലോ. അത് വെച്ച് അവര്‍ പണി തുടങ്ങി. ഇതാണ് പുതിയ മാധ്യമ സംസ്‌കാരം; മാധ്യമ ഗുണ്ടായിസം എന്നും പറയാം.
വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍, പിഴവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. ബോധ്യപ്പെട്ടാല്‍ തെറ്റ് തിരുത്തുകയാണ് മാന്യത. കാന്തപുരവും അദ്ദേഹത്തിന്റെ ഓഫീസും തിരുത്ത് എഴുതിക്കൊടുത്തിട്ടും പലരും അത് ഗൗനിച്ചില്ല. ഗുരുതരമായ തെറ്റ് വരുത്താതിരുന്നിട്ടും ദി ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും മാന്യമായി തിരുത്ത് പ്രസിദ്ധീകരിച്ചു. തെറ്റായ വാര്‍ത്ത മൂന്ന് ദിവസം ആഘോഷിച്ച മാതൃഭൂമി തിരുത്ത് ശരിയാം വിധം പ്രസിദ്ധീകരിച്ചില്ല. കാന്തപുരം ആദ്യം അങ്ങനെ പറഞ്ഞു, ഇപ്പോള്‍ ഇങ്ങനെയും പറഞ്ഞു എന്ന തരത്തിലായിരുന്നു തിരുത്ത്. നിങ്ങള്‍ മരിച്ചെന്ന് ഒരു ദിവസം വാര്‍ത്ത കൊടുക്കും. ഞാന്‍ മരിച്ചിട്ടില്ലെന്ന് നിങ്ങള്‍ തിരുത്ത് കൊടുത്താല്‍ “നിങ്ങള്‍ മരിച്ചിട്ടില്ലെന്ന് നിങ്ങള്‍ അറിയിച്ചു” എന്ന് പിറ്റേന്ന് മറ്റൊരു വാര്‍ത്ത കൊടുക്കും. അപ്പോഴും പത്രത്തിന് ഒരു തെറ്റും പറ്റിയിരിക്കുകയില്ല. ആര്‍ക്കാണ് തെറ്റ് പറ്റിയതെന്ന് വായനക്കാര്‍ക്ക് മനസ്സിലാകുകയുമില്ല. ഇതാണ് യഥാര്‍ഥ പത്രത്തിന്റെ ശക്തി!
പാതാളം വരെ തുരന്ന് വാര്‍ത്ത ശേഖരിക്കുന്ന മിടുക്കന്മാര്‍ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ സ്വന്തം കൈവശമുള്ള പ്രസംഗത്തിന്റെ യഥാര്‍ഥ ടേപ്പ് പരിശോധിക്കാന്‍ കൂടി തയ്യാറായില്ല. മാത്രമല്ല, അസത്യവാര്‍ത്തയുടെ തുടര്‍ചലനങ്ങള്‍ രണ്ട് ദിവസങ്ങളിലായി ഒരറപ്പുമില്ലാതെ വെച്ചുവിളമ്പുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമായപ്പോള്‍ ആ പ്രസംഗം അതേപടി പെട്ടിക്കോളം വാര്‍ത്തയാക്കിയവര്‍ കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായപ്പോള്‍ അങ്ങനെ ഒരു പെട്ടിക്കോളം ഇട്ടില്ല. കാര്‍ട്ടൂണുകളായും പ്രതികരണങ്ങളായും കത്തുകളായും തുടര്‍വാര്‍ത്തകള്‍ ആവര്‍ത്തിച്ച് നല്‍കി ഒരു പണ്ഡിതനെ പരമാവധി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസത്യമേവ ജയതേ.
നവംബര്‍ 28ന് ശനിയാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ എസ് എസ് എഫ് ക്യാമ്പസ് മീറ്റില്‍ കാന്തപുരം ചെയ്ത പ്രസംഗമാണ് ഇത്തരത്തില്‍ മാധ്യമ ബലാത്കാരത്തിനിരയായത്. എന്താണ് കാന്തപുരം പറഞ്ഞത്? ചില മീഡിയകള്‍ വിഷം ചേര്‍ത്ത് വിളമ്പിയ ആ പ്രസംഗം അതേപടി താഴെ പകര്‍ത്തുകയാണ്. മാതൃഭൂമി ഒന്നാം പേജില്‍ ഉലക്ക മുക്കി എഴുതിയ തലവാചകം ഈ പ്രസംഗത്തില്‍ എവിടെയാണുള്ളതെന്ന് നാട്ടുകാര്‍ പത്രക്കാരോട് ചോദിച്ചുനോക്കണം:
“”……ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞാല്‍ ആ കുട്ടിയെ വളര്‍ത്താന്‍, വിനയത്തോടെ വളര്‍ത്താന്‍, ക്ഷമയോടെ വളര്‍ത്താന്‍ സ്ത്രീകള്‍ക്കുള്ള കഴിവ് പുരുഷന്മാര്‍ക്കുണ്ടോ?, ഒരിക്കലുമില്ല. നിങ്ങള്‍ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ നോക്കുക. ഒരു കുഞ്ഞ് പിറന്നാല്‍ ആശ്ചര്യത്തിന് വേണ്ടി പിതാവ് ഒന്ന് വാരിയെടുത്താല്‍ അഞ്ച് മിനുട്ട് കഴിയുമ്പോഴേക്ക് തിരിച്ച് കൊടുക്കുകയാണ്. ആ കുഞ്ഞിനെ വളര്‍ത്താനും ആ കുഞ്ഞിനെ വൃത്തിയായി കൊണ്ടുനടക്കാനും അവനെ ഉറക്കാനും പാല് കൊടുക്കാനും ഭക്ഷണം കൊടുക്കാനും സ്ത്രീകള്‍ക്കുള്ളതുപോലുള്ള കഴിവ് പുരുഷന്മാര്‍ക്ക് ഇല്ലേ ഇല്ല. പിന്നെ എങ്ങനെയാണ് സമം എന്ന് പറയുന്നത്? പ്രസവിക്കാനുള്ള കഴിവ് പുരുഷന്മാര്‍ക്കില്ലെന്നുള്ളത് ഉറപ്പല്ലേ? അതുകൊണ്ട് അതേതായാലും പ്രത്യേകം പറയേണ്ടതില്ല. അത് സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. അവിടം മുതല്‍ക്കു തന്നെ തുടങ്ങുന്നുണ്ട് സമത്വമില്ലായ്മ. ഗര്‍ഭം ചുമക്കലും പ്രസവിക്കലുമൊക്കെ സ്ത്രീകള്‍ക്കുള്ളതാണ്. അതു പറയേണ്ടതില്ലാത്തത് കൊണ്ട് ഇവിടെ പറയുന്നില്ല. പ്രസവിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ സ്ത്രീക്കു കഴിയുന്നതു പോലെ പുരുഷനു കഴിയില്ല തന്നെ…””
മി. അച്യുതാനന്ദന്‍, ഇതിലെ ഏത് പരാമര്‍ശത്തിനാണ്, കാന്തപുരം മാപ്പ് പറയേണ്ടത്? സ്വന്തം മാതാവിന്റെ മാതൃത്വത്തെ വരെ കാന്തപുരം നിന്ദിച്ചു എന്നാണല്ലോ താങ്കള്‍ പറഞ്ഞത്. എവിടെയാണ് സഖാവേ, ഈ വാക്കുകളില്‍ മാതൃനിന്ദയുടെ പദങ്ങള്‍? ആരെങ്കിലും എഴുതിത്തരുന്നത് തപ്പിത്തടഞ്ഞ് വായിച്ചൊപ്പിക്കുന്നതിനു മുമ്പ് വസ്തുതകള്‍ അറിഞ്ഞു പ്രതികരിക്കുന്നതല്ലേ ആ പ്രായത്തിന് ചേരുക? സിംഹമോ കഴുതയോ എന്ന് തീരുമാനമാകാത്ത സ്ഥിതിക്ക് താങ്കളുടെ അത്യാവേശ പ്രകടനത്തെക്കുറിച്ച് ഇനിയെന്താണ് പറയുക? പത്രക്കാര്‍ വിളിച്ച് പ്രതികരണങ്ങള്‍ ആരായുമ്പോള്‍ കേട്ട വാക്കിന് വെടിവെക്കുന്നത് രാഷ്ട്രീയത്തില്‍ പതിവ് രീതിയാണ്. അതൊരു മതപണ്ഡിതനെ ക്കുറിച്ചാകുമ്പോള്‍ വസ്തുതകള്‍ അറിഞ്ഞു പ്രതികരിക്കണമെന്ന് പറയാന്‍ എന്തുകൊണ്ടാണ് ആദരണീയനായ വി എം സുധീരനും സഖാവ് പന്ന്യന്‍ രവീന്ദ്രനും തോന്നാതെ പോയത്? ഫസല്‍ ഗഫൂറിനെ വിട്, അതൊരു ദ്രവിച്ച കീറച്ചാക്കാണ്. അവശേഷിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. ഇവ്വിഷയത്തില്‍ കാന്തപുരം അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി ഉന്നയിച്ചിട്ടുണ്ട്. എതിരഭിപ്രായമുള്ളവരെ ആരോഗ്യകരമായ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്. ലിംഗ നീതി എന്ന ആശയത്തോട് യോജിക്കാം. എന്നാല്‍, ലിംഗ സമത്വം സാധ്യമാണോ? ചരിത്രവും ജീവശാസ്ത്രവും വസ്തുതകളും മുന്‍നിര്‍ത്തിയാണ് കാന്തപുരം വെല്ലുവിളിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് സൗഹാര്‍ദപരമായ ആശയ സംവാദത്തിലേര്‍പ്പെടാം. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ്.

---- facebook comment plugin here -----

Latest