Connect with us

Gulf

ഖത്വറും തുര്‍ക്കിയും പ്രകൃതി വാതക സംഭരണ പദ്ധതിക്ക്‌

Published

|

Last Updated

അമീരി ദിവാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സമീപം

ദോഹ: ഖത്വറുമായി ചേര്‍ന്നുള്ള പ്രകൃതി വാതക സംഭരണ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ തുര്‍ക്കി അനുകൂല നിലപാട് പ്രകടിപ്പിച്ചു. റഷ്യയുമായുള്ള ബന്ധം പ്രതികൂലമായതിനാല്‍ ഇത്തരം ഇടപാടുകള്‍ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് ഖത്വറിലുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാന്‍ സൂചിപ്പിച്ചു.
പ്രകൃതി വാതക സംഭരണ നിക്ഷേപത്തെയും മറ്റ് നടപടികളെയും സംബന്ധിച്ച് ഖത്വറുമായി ചര്‍ച്ച നടത്തിയെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. വന്‍തോതില്‍ ഊര്‍ജ ഇറക്കുമതി നടത്തുന്ന തുര്‍ക്കി, ഇത്തരമൊരു പദ്ധതിയുടെ സാധ്യത റഷ്യയോട് ആരാഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ കടന്ന റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടയിലാണ് ഖത്വറുമായി ഇത്തരമൊരു പദ്ധതിക്ക് തുര്‍ക്കി അനുകൂല നിലപാട് പ്രകടിപ്പിച്ചത്.
അതേസമയം, ഖത്വരി- ടര്‍ക്കിഷ് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ പ്രഥമ യോഗം അമീരി ദിവാനില്‍ നടന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും മേല്‍നോട്ടം വഹിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു. പ്രസിഡന്റിനൊപ്പമുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. ഇരു രാഷ്ട്രങ്ങളുടെയും പൊതു വികസനത്തിനും ബന്ധം ശക്തമാക്കാനും സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി കാരണമാകും.
അതിനിടെ, ഐ എസില്‍ നിന്ന് തങ്ങള്‍ ഇന്ധനം വാങ്ങുന്നുണ്ടെന്ന് ആരോപിച്ച് തുര്‍ക്കിക്കെതിരെ അപഖ്യാതി പരത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ മോശമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest