ജ്വല്ലറി ഉടമയെ വഞ്ചിച്ച് സ്വര്‍ണഭരണങ്ങള്‍ വാങ്ങിമുങ്ങിയെന്ന പരാതിയില്‍ രണ്ട്‌പേര്‍കൂടി അറസ്റ്റില്‍

Posted on: December 3, 2015 8:31 pm | Last updated: December 3, 2015 at 8:31 pm

arrestപേരാമ്പ്ര: ജ്വല്ലറി ഉടമയെ വഞ്ചിച്ച് സ്വര്‍ണഭരണങ്ങള്‍ വാങ്ങിമുങ്ങിയെന്ന പരാതിയില്‍ ഒന്നാം പ്രതിയായ സ്ത്രീയുടെ ബന്ധുക്കളായ രണ്ട് പേര്‍ കൂടി പോലീസ് അറസ്റ്റ്‌ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ജമീലയെ നേരത്തെ പേരാമ്പ്ര സി.ഐ. കെ.കെ. ബിജു അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിനിടയില്‍ ജാമ്യത്തിലിറങ്ങിയ ഇവരെ മറ്റൊരു വിശ്വാസ വഞ്ചനക്കേസില്‍ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇവര്‍ റിമാന്റിലാണുള്ളത്. മൂലാട് സ്വദേശികളും, ജമീയുടെ ബന്ധുക്കളുമായ അസയിനാര്‍ (54) യൂസഫ് (47) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവിനും കേസില്‍ പങ്കുണ്ടെന്നും, ഇയാള്‍ ഒളിവിലാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. ടണില്‍ ടാക്‌സി സ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ നിന്നാണ് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണഭരണങ്ങള്‍ വാങ്ങി സ്ത്രീ മുങ്ങിയത്. ജമീല പ്രതിയായ സമാന പരാതികള്‍ ഇവര്‍ക്കെതിരെ വേറെയുണ്ടെന്നും, ഏതാണ്ട് ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചതായാണറിയുന്നത്. നേരത്തെ പല തവണ പേരാമ്പ്രയിലെ ജ്വല്ലറി ഉടമയുമായി ഇടപാട് നടത്തുകയും, അവധി തെറ്റാതെ കൃത്യമായി പണം നല്‍കുകയും ചെയ്ത് വിശ്വാസ്യത നേടിയശേഷമാണ് വന്‍ തുകയുടെ ആഭരണം ഇവര്‍ കൈക്കലാക്കിയതെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി.