ബിജുവിന്റെ ആരോപണത്തില്‍ കഴമ്പില്ല, ബ്ലാക് മെയിലിംഗിന് സര്‍ക്കാര്‍ വഴങ്ങില്ല: മുഖ്യമന്ത്രി

Posted on: December 3, 2015 10:42 am | Last updated: December 3, 2015 at 6:52 pm

oommenchandy-biju-തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തിന് പോലും നില്‍ക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സോളാര്‍ കേസില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിസ് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരു തരത്തിലുള്ള ബ്ലാക് മെയിലിംഗിനും വഴങ്ങില്ല. സിഡിയുണ്ടെങ്കില്‍ ബിജു ഹാജരാക്കണം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവ ഗസ്റ്റ് ഹൗസില്‍ എംഐ ഷാനവാസ് എംപി വഴിയാണ് ബിജു തന്നെ കാണാന്‍ എത്തിയത്. ബിജു രാധാകൃഷ്ണന് താനുമായി അത്രക്ക് അടുപ്പമുണ്ടെങ്കില്‍ തന്നെ കാണാന്‍ മറ്റൊരാള്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടിയിരുന്നില്ല.

ബിജു തന്നെ കണ്ടുവെന്ന് പറയുന്ന ജൂണ്‍ മൂന്നിനും 16നും ഇടയില്‍ ബിജുവിന്റെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജുവിനെതിരെ ശക്തമായ നടപടിയെടുത്തതും ജയിലിലടച്ചതും യുഡിഎഫ് സര്‍ക്കാറാണ്. അതുകൊണ്ടാകാം ബിജു ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.