മുഖ്യമന്ത്രി പണം വാങ്ങിയത് പല തവണയായി: ബിജു

Posted on: December 2, 2015 11:59 pm | Last updated: December 3, 2015 at 9:31 am

കൊച്ചി: നൂറ് കോടിയോളം ലഭിക്കാവുന്ന പദ്ധതികളില്‍ നിന്നു കിട്ടുന്ന ലാഭത്തിന്റെ 30 ശതമാനം തുകയില്‍ 60 ശതമാനം ടീം സോളാറിനും 40 ശതമാനം മുഖ്യമന്ത്രിക്കും എന്ന വാക്കാല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പലതവണയായി മുന്‍കൂര്‍ പണം നല്‍കിയതെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനോട് പറഞ്ഞു. ആദ്യം മൂന്ന്‌കോടി രൂപ രണ്ട് തവണയായാണ് നല്‍കിയത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍വെച്ചാണ് ഒരുതവണ തുക നല്‍കിയത്. അപ്പോള്‍ ജിക്കുമോനും സലിംരാജും വീട്ടിലുണ്ടായിരുന്നു. രണ്ടാമത് ഔദ്യോഗിക വസതിയില്‍വെച്ച് നേരിട്ട് തുക കൈമാറി. അപ്പോഴും ജിക്കുമോനുണ്ടായിരുന്നു സമീപം. പിന്നീട് തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് ഒന്നരകോടി രൂപ നല്‍കിയത്. അതിനുശേഷം ഒരു കോടി രൂപയും പലതവണയായി നല്‍കി. ഇതില്‍ 60 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നേരിട്ടും 40 ലക്ഷം രൂപ ജിക്കുമോന്‍, ജോപ്പന്‍ എന്നിവര്‍ മുഖേനയുമാണ് നല്‍കിയതെന്നും ബിജു പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ താനും മുഖ്യമന്ത്രിയുമായി ചില വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഇതില്‍ ഒന്നരകോടി രൂപ കൊടുത്തത്. സരിതയും കെ ബി ഗണേഷ്‌കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് മാത്രമല്ല അന്ന് സംസാരിച്ചത്. താനും ഗണ്‍മാന്‍ സലിംരാജുമായി വ്യക്തിപരമായ ഒരു പ്രശ്‌നമുണ്ടെന്നും അത് തീര്‍ക്കാന്‍ അടിയന്തരമായി ഒന്നരകോടി രൂപ വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഒഴിവാക്കാനാകാത്ത ആവശ്യമായതിനാല്‍ നാലഞ്ച് ദിവസം കൊണ്ടാണ് തുക സ്വരൂപിച്ച് രാമനിലയത്തില്‍ വെച്ച് കൈമാറിയത്. ഈ തുകയൊക്കെ കൈമാറിയത് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നുള്ള തുക വകമാറ്റിയാണ്. ഇത് കമ്പനിയുടെ പ്രതിസന്ധിക്ക് കാരണമായെന്നും ബിജു ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെക്കുകള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ മല്ലേലില്‍ ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രിയെ കാണാന്‍ സരിത പോയപ്പോഴാണ് ചെക്ക് നല്‍കിയത്. മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ കിട്ടിയ സന്ദര്‍ശന സമയമനുസരിച്ചാണ് മല്ലേലില്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത പോയത്. ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയശേഷം തുക പണമായി സരിതയും കമ്പനിയുടെ ജനറല്‍ മാനേജരും ചേര്‍ന്ന് സെക്രട്ടേറിയറ്റിലെത്തി കൈമാറി. പുതുപ്പള്ളിയിലെ ‘ആശ്രയ ചാരിറ്റബിള്‍’ ട്രസ്റ്റിനായി തുക നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം കൂടി പങ്കെടുത്ത കടപ്ലാമറ്റത്തെ ചടങ്ങില്‍ വെച്ച് കൈമാറി. 15 ലക്ഷം രൂപയാണ് നല്‍കിയത്.
ടീം സോളാര്‍ കമ്പനിയുടെ വളര്‍ച്ചക്കും തകര്‍ച്ചക്കും പ്രധാന കാരണം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലെ ചിലരുമാണ്. ഇതില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ജോപ്പനെതിരെ മാത്രമാണ് അന്വേഷണം നടക്കുന്നത്. ജോപ്പന്‍ ഒരു വാലറ്റം മാത്രമാണ്. മുഖ്യമന്ത്രിയുടെ യഥാര്‍ഥ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ പണമിടപാടില്‍ ജോപ്പനേക്കാള്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ജിക്കുമോനും സലിംരാജും പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ആര്‍ കെ ബാലകൃഷ്ണന്‍ എന്നയാളുമാണ്. താന്‍ മനസ്സിലാക്കിയതനുസരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനും അവരുടെ കൂട്ടാളികളും രാഷ്ട്രീയക്കാരേക്കാളുപരി വിദഗ്ധരായ ബിസിനസുകാരാണ്. ബിസിനസ് വളരുമ്പോള്‍ തന്റെ മകന്‍ ചാണ്ടി ഉമ്മനെ ടീം സോളാര്‍ ബിസിനസില്‍ പങ്കാളിയാക്കണമെന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി മുന്നോട്ടു വെച്ചതായും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. 2011ല്‍ സോളാര്‍ ബിസിനസ് തുടങ്ങിയപ്പോള്‍ മുതലുള്ള പരിചയമാണ് ഉമ്മന്‍ ചാണ്ടിയുമായുള്ളതെന്നും ബിജു പറഞ്ഞു.