ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ആദരിച്ചു

Posted on: December 2, 2015 4:20 pm | Last updated: December 2, 2015 at 4:20 pm

FB_IMG_1448192921679ദമാം: ചുരുങ്ങിയ കാലം കൊണ്ട് കിഴക്കന്‍ പ്രവിശ്യയിലെ ജീവകാരുണ്യ രംഗതത് ശ്രദ്ധേയയായി മാറിയ മഞ്ജുമണിക്കുട്ടനെ നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് ആദരിച്ചു. നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ വാര്‍ഷികാഘോഷ പരിപാടിയായ ‘ചമയം2015’ നോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ചടങ്ങില്‍ വെച്ച് ദമാം ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ: അബ്ദുള്‍ സലാം പുരസ്‌കാരം സമ്മാനിച്ചു.
എറണാകുളം സ്വദേശിയായ മഞ്ജു മണിക്കുട്ടന്‍ നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദിയില്‍ എത്തിയത്. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്തുമായി ഉണ്ടായ സൗഹൃദമാണ് മഞ്ജു മണിക്കുട്ടനെ ജീവകാരുണ്യരംഗത്ത് എത്തിച്ചത്. വനിതാ തര്‍ഹീലിലെ അശരണരായ വനിതകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്ന സഫിയാ അജിത്തിന്റെ വലംകൈയായി മഞ്ജു മാറി. ക്യാന്‍സര്‍ രോഗബാധിതയായിരുന്ന സഫിയ അജിത് അപ്രതീക്ഷിതമായി മരണമടഞ്ഞതോടെ, വനിതാ തര്‍ഹീലില്‍ സഫിയയ്ക്ക് പൂര്‍ത്തിയാക്കാനാകാതെ പോയ കേസുകളുടെ ചുമതല മഞ്ജു ഏറ്റെടുക്കുകയായിരുന്നു. അത്തരം കേസുകള്‍ വളരെ പെട്ടെന്നു തന്നെ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വനിതാ തര്‍ഹീലിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണചുമതല നവയുഗം മഞ്ജു മണിക്കുട്ടന് നല്‍കി.