വകുപ്പുകളുടെ വ്യത്യസ്ത നിലപാടുകള്‍ മൂലം കെട്ടിട നിര്‍മാണം ആറ് മാസമായി സ്തംഭനാവസ്ഥയിലെന്ന്‌

Posted on: December 2, 2015 5:38 am | Last updated: December 2, 2015 at 12:39 am

images (1)കൊച്ചി: കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വിവിധ വകുപ്പുകള്‍ വ്യത്യസ്തങ്ങളായ നിലപാടുകള്‍ സ്വീകരിക്കുന്നത് മൂലം നിര്‍മാണ മേഖല കഴിഞ്ഞ ആറ് മാസമായി സ്തംഭനാവസ്ഥയിലാണെന്ന് ഫെഡറേഷന്‍ ഓഫ് രജിസ്‌ട്രേഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജീനിയേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമൂലം ലക്ഷക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഏകീകൃത സ്വഭാവമില്ല. നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് 24 മീറ്റര്‍ വീതിയുള്ള വഴിയുണ്ടാകണം, ചുറ്റും അഞ്ച് മീറ്ററുണ്ടാകണം തുടങ്ങിയ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെയാണ് നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായത്.
ആറ് മാസമായി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും അവ പൊളിച്ചുമാറ്റാനും നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ സുരക്ഷിതമാണോ എന്ന വസ്തുതക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കാതെ മറ്റ് ചില മാനദണ്ഡങ്ങളും വാശിയുമാണ് കാണിക്കുന്നത്. 70 കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയിട്ടും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പെര്‍മിറ്റ് നിഷേധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെട്ടിട നിര്‍മാണ അനുമതികള്‍ക്ക് ഏകജാലക സംവിധാനം നിലവില്‍ വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.അനില്‍ ജോസഫ്, സെക്രട്ടറി അഭിലാഷ് ജോയ്, സജിത്ത് ജെ പാലക്കാപ്പള്ളി, ജോളി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.