അങ്കണ്‍വാടി വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക പച്ചമുളക് തേച്ചതായി പരാതി

Posted on: December 2, 2015 5:33 am | Last updated: December 2, 2015 at 12:34 am

childകൊട്ടാരക്കര: കുസൃതികാട്ടിയ അങ്കണ്‍വാടി വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക പച്ചമുളകു തേച്ചതായി പരാതി. വെട്ടിക്കവല പഞ്ചായത്ത് ഇരണൂര്‍ അങ്കണവാടിയിലെ വിദ്യാര്‍ഥി ഇരുണൂര്‍ ലക്ഷംവീട് കോളനിയിലെ ആദ്യത്യ ഭവനില്‍ പ്രസാദ്- ബീന ദമ്പതികളുടെ മകന്‍ മൂന്നര വയസ്സുകാരന്‍ കാശിനാഥന്റെ മുഖത്താണ് പച്ചമുളക് തേച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകിട്ട് കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ മുഖത്ത് പൊള്ളലേറ്റ പാട് കണ്ട് മാതാവ് അങ്കണവാടിയിലെത്തി അന്വേഷിച്ചപ്പോഴാണ് മുളക് തേച്ച സംഭവം പുറത്തറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാതാവിനോട് അങ്കണ്‍വാടി അധ്യാപിക അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. അങ്കണ്‍വാടിയുടെ മുന്നിലുള്ള മുളക്‌ചെടിയില്‍ നിന്ന് മുളക് പറിച്ചെടുത്താണ് കുട്ടിയുടെ മുഖത്ത് തേച്ചതെന്ന് മാതാവ് പറയുന്നു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടില്‍ലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ഇതിന്റെ റിപ്പോര്‍ട്ട് ചൈല്‍ഡ് ലൈന്‍ കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവമറിഞ്ഞ് കൊട്ടാരക്കര എസ് ഐ. ബെന്നിലാലുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.