മുഴുത്ത വര്‍ഗീയ ഭ്രാന്ത്

Posted on: December 2, 2015 6:00 am | Last updated: December 2, 2015 at 12:07 am

SIRAJ.......സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് ഉദ്‌ഘോഷിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ മേധാവിത്വത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ പോരാടി. എന്നാല്‍ ഗുരുവിന്റെ സന്ദേശ വാഹകനും അനുയായിയെന്നവകാശപ്പെടുന്ന എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ ലക്ഷ്യങ്ങളെ അവഗണിച്ചും സന്ദേശങ്ങളെ ചവറ്റു കൊട്ടിയിലെറിഞ്ഞും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള പുറപ്പാടിലാണെന്നാണ് സമത്വ മുന്നേറ്റ യാത്രയിലുടനീളം നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ ബോധ്യപ്പെടുത്തുന്നത്.
ദേശീയ തലത്തില്‍ തീക്ഷ്ണത പ്രാപിച്ചുവരുന്ന അസഹിഷ്ണുത കേരളത്തില്‍ പറയത്തക്ക ചലനങ്ങളുണ്ടാക്കിയിരുന്നില്ല. മാറാട് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇവിടെ അപൂര്‍വമാണ്. കാലങ്ങളായി ഇവിടെ നിലനിന്നു വരുന്ന സാമുദായിക സൗഹാര്‍ദത്തിനും സഹിഷ്ണുതക്കും കോട്ടം തട്ടാതെ സൂക്ഷിക്കാന്‍ സംസ്ഥാനത്തെ ബി ജെ പിനേതാക്കള്‍ പോലും നിര്‍ബന്ധിതരായിട്ടുണ്ട്. ഇത്തരമൊരു ഇടത്തിലേക്കാണ് വെള്ളാപ്പള്ളി, തൊഗാഡിയയെയും ബാല്‍താക്കറെയും കവച്ചു വെക്കുന്ന കൊടിയ വര്‍ഗീയ വിഷം ചീറ്റുന്നത്. കേരളീയ മനസ്സാക്ഷിയുടെ നൊമ്പരമായി മാറിയ നൗഷാദിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ഹീനവും നികൃഷ്ടവുമായ ഭാഷയിലാണ് അദ്ദേഹം അധിക്ഷേപിച്ചത്. മുസ്‌ലിമായത് കൊണ്ടാണത്രെ നൗഷാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ധനസഹായവും ജോലിയും പ്രഖ്യാപിച്ചത്. സര്‍ക്കാറിന്റെ ഈ മാതൃകാപരമായ തീരുമാനത്തെ സാമുദായിക പ്രീണനമായി കുറ്റപ്പെടുത്തി നാട്ടില്‍ ഹൈന്ദവ സഹോദരന്മാരുടെ മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കുകയാണ് അദ്ദേഹം. ഏത് മതക്കാരാണെന്നോ, നാട്ടുകാരാണെന്നോ അന്വേഷിച്ചറിഞ്ഞല്ല നൗഷാദ് മാന്‍ഹോളിലേക്ക് എടുത്തു ചാടിയത്, തന്നെപ്പോലെയുള്ള മനുഷ്യ സഹോദരരാണെന്നും അവരെ രക്ഷിക്കേണ്ടത് തന്റെ മാനുഷിക കടമയാണെന്നുമുള്ള ഒറ്റ ചിന്തയിലായിരുന്നു. എന്ത് തന്നെ പാരിതോഷികങ്ങള്‍ നല്‍കിയാലും ഈ മനുഷ്യ സ്‌നേഹത്തിനും വിശാലമനസ്‌കതക്കും പകരമാകില്ല. എന്നിട്ടും വെള്ളാപ്പള്ളി ഈ വിധം സംസാരിക്കുമ്പോള്‍ വര്‍ഗീയത എത്ര ആഴത്തില്‍ അദ്ദഹത്തെ ബാധിച്ചിരിക്കണം? വി എം സുധീരന്‍ അഭിപ്രായപ്പെട്ടത് പോലെ സമകാലീന കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ ഭ്രാന്തനാണദ്ദഹം. സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും സര്‍ക്കാര്‍ കേസ് ചുമത്തുകയും ചെയ്ത സാഹചര്യത്തില്‍ വെള്ളാപ്പള്ളി പിന്നീട് നിലപാട് മയപ്പെടുത്തുകയും നൗഷാദിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ ആരോപണത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് പരിഹാരമാകുന്നില്ല. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തും കോട്ടയത്തും ഒതുങ്ങിപ്പോകുന്നുവെന്ന പ്രസ്താവനക്ക് തൊട്ടുപിറകെയാണ് ആലുവയിലെ മേല്‍പ്രസ്താന എന്നത് വര്‍ഗീയ ധ്രുവീകരണം മാത്രമാണ് അദ്ദേഹത്തിന്റെ അജന്‍ഡ എന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു കാലത്ത് ആര്‍ എസ് എസിന്റെ കടുത്ത വിമര്‍ശകനായിരുന്ന അദ്ദേഹമിപ്പോള്‍ സംഘിന്റെ മെഗാഫോണായി മാറിയിരിക്കുന്നു.
ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ കേരള രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പുതിയ പുറപ്പാടിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വെള്ളാപ്പള്ളിയുമായി സഹകരിക്കാനുള്ള ബി ജെ പി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗത്തിന് വിയോജിപ്പുണ്ട്. സാമ്പത്തിക സ്വാധീനത്തിന്റെയും മറ്റും പിന്‍ബലത്തില്‍ എസ് എന്‍ ഡി പി നേതൃത്വം കൈയടക്കി വെക്കുന്നുവെന്നതല്ലാതെ ഈഴവ സമുദായത്തില്‍ വെള്ളാപ്പള്ളിക്ക് കാര്യമായ സ്വാധീനമില്ലെന്നും അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധം ബി ജെ പിക്ക് ഗുണത്തിലേറെ ദോഷം ചെയ്യുമെന്നാണ് ഇവരുടെ പക്ഷം. തദ്ദേശ ഫലം ഈ വീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബി ജെ പിയുമായുള്ള ബന്ധം തുടരാന്‍ ദേശീയ നേതൃത്വത്തിന്റെയും ആര്‍ എസ് എസിന്റെയും അനുഗ്രഹാശിസ്സുകള്‍ ആവശ്യമാണെന്ന ചിന്തയിലായിരിക്കണം ഈ വേഷംകെട്ട്.
വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ വര്‍ഗീയ പ്രസംഗത്തിന് തൊഗാഡിയക്കെതിരെ ചാര്‍ജ് ചെയ്ത കേസിലും മഹാരാജാസ് കോളജ് സംഭവത്തിലും നടന്നത് പോലെ സംഘ്പരിവാറിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ സ്ഥിതി ഉണ്ടാകരുത്. മതസൗഹാര്‍ദത്തിന് സാരമായ പോറലേറ്റിട്ടില്ലാത്ത കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ ഇത്തരം ഗുരുതരമായ വര്‍ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സ്പര്‍ധ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് നിയമത്തിന്റെ വഴിയെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്.