എങ്ങും ബഹുവര്‍ണ പതാകകള്‍

Posted on: December 1, 2015 8:34 pm | Last updated: December 2, 2015 at 5:08 pm

kannadiമഹത്തായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നാളെ (ബുധന്‍) ദേശീയ ദിനം ആഘോഷിക്കുകയാണ്. രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ ആഹ്ലാദിക്കുകയാണ്. അതിന് മുന്നോടിയായി, രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം പേരെ ഇന്നലെ രക്തസാക്ഷിദിനത്തില്‍ സ്മരിക്കുകയുണ്ടായി.
യമനില്‍, ഇപ്പോഴും നൂറുകണക്കിന് യു എ ഇ സൈനികര്‍ സമാധാനത്തിനുവേണ്ടിയുള്ള പോരാട്ട വഴിയിലാണ്. അവിടെ രക്തസാക്ഷിത്വം വരിച്ചവര്‍ക്കാണ് പ്രധാനമായും സ്മരണാജ്ഞലി അര്‍പിച്ചത്.
രാജ്യത്തെ സംബന്ധിച്ച്, വൈകാരികമായി വേലിയേറ്റം സൃഷ്ടിക്കപ്പെട്ട ദിവസമാണ് കടന്നുപോയത്. രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി രാജ്യം എന്നും ഉണ്ടാകുമെന്ന് ഭരണാധികാരികള്‍ അറിയിച്ചു. യു എ ഇ ചരിത്രത്തില്‍ തങ്കലിപികളാല്‍ അവരുടെ നാമങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെടുകതന്നെ ചെയ്യും.
ഒരു കോടിയോളം വരുന്ന യു എ ഇ ജനതക്ക്, അഭിമാനം പകരുന്ന പലതും സംഭവിച്ചിട്ടുണ്ട്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സൈനിക സഖ്യത്തില്‍ മുഖ്യ പങ്കാളിത്തം വഹിക്കാന്‍ യു എ ഇക്ക് കഴിഞ്ഞു. മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും വേണ്ടി ലോകരാജ്യങ്ങള്‍ക്കൊപ്പം യു എ ഇ ഊര്‍ജസ്വലതയോടെ നിലകൊണ്ടു. ഭീകരതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചു.
എണ്ണവില തകര്‍ന്നിട്ടും രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഭരണാധികാരികള്‍ ചെയ്തില്ല. തലസ്ഥാനമായ അബുദാബിയിലും വാണിജ്യ തലസ്ഥാനമായ ദുബൈയിലും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു. ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ 2020ന് അടിസ്ഥാന സൗകര്യങ്ങള്‍ തകൃതിയില്‍. പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസുകളെക്കുറിച്ചും ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ചും ഭരണാധികാരികള്‍ ഉറക്കെ ചിന്തിക്കുന്നുണ്ട്. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ ഹസ്തങ്ങള്‍ നീട്ടുന്നുണ്ട്.
വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ലോകത്ത് യു എ ഇയുടെ സഹായം ശ്രദ്ധേയം. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ 116 രാജ്യങ്ങളില്‍ 1,400ലേറെ പദ്ധതികള്‍ നടപ്പാക്കുന്നു.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തില്‍ രാജ്യം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ 44-ാം ദേശീയദിനം ആഘോഷമാവുകയാണ്. ബഹുവര്‍ണ പതാകകള്‍ എങ്ങും പാറിക്കളിക്കുകയാണ്.