കോഴിക്കോട് – പാലക്കാട് റൂട്ടില്‍ ഓര്‍ഡിനറി ബസുകളുടെ ‘സൂപ്പര്‍ കൊള്ള’

Posted on: December 1, 2015 9:46 am | Last updated: December 1, 2015 at 9:46 am

മലപ്പുറം: ഓര്‍ഡിനറി ബസുകള്‍ സൂപ്പര്‍ ഫാസ്‌റ്റെന്ന പേരില്‍ യാത്രക്കാരെ പിഴിയുന്നു. സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് അവസാനിച്ചിട്ടും ഇതിന്റെ പേരു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
കോഴിക്കോട്, തൃശൂര്‍, പാലക്കാട് റൂട്ടിലാണ് സൂപ്പര്‍ സര്‍വീസെന്ന വ്യാജേന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ പകല്‍കൊള്ള നടത്തുന്നത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നിരവധി സൂപ്പര്‍ സര്‍വീസ് ബസുകള്‍ക്ക് ഓര്‍ഡിനറിയായിട്ടാണ് പെര്‍മിറ്റുള്ളത്. ഇത് മറച്ചുവെച്ച് വ്യാജ സ്റ്റിക്കര്‍ പതിച്ചും ബസിന്റെ പേരോ നമ്പറോ ഇല്ലാത്ത ടിക്കറ്റ് നല്‍കിയുമാണ് യാത്രക്കാരെ വഞ്ചിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്ത് തുടങ്ങിയതോടെ സര്‍വീസ് അവസാനിപ്പിക്കേണ്ടവയാണ് ഈ ബസുകള്‍. യാത്രക്കാരില്‍ നിന്ന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുകയും ചെയ്യുന്നുണ്ട്.
ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കി ലിമിറ്റഡ് സ്‌റ്റോപ്പ് വണ്ടിയുടെ സ്‌റ്റോപ്പില്‍ നിര്‍ത്താതിരിക്കാനും വേണ്ടിയാണ് സ്വകാര്യ ബസുകള്‍ കബളിപ്പിക്കല്‍ തുടരുന്നത്. ഏത് വിഭാഗത്തിലുള്ള ബസുകളാണെന്ന് യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സംവിധാനം ഒരുക്കണമെന്നും വ്യാജ ബസുകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ യാത്രക്കാരെയും വിദ്യാര്‍ഥികളെയും സംഘടിപ്പിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പൊതു സംരക്ഷണ സമിതി ഭാരവാഹികളായ സദറുദ്ദീന്‍ പുല്ലാളൂര്‍, കൂഞ്ഞാലന്‍ വെന്നിയൂര്‍, മൊയ്തീന്‍കൊയ വെളിമുക്ക്, കെ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു