മഹാത്മാ ഗാന്ധിക്ക് ലഭിച്ച കത്തുകള്‍ സമാഹരിക്കുന്നു

Posted on: November 30, 2015 11:57 pm | Last updated: November 30, 2015 at 11:57 pm
SHARE

gandijiഅഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് വിവിധ ലോക നേതാക്കള്‍ എഴുതിയ 8,500ഓളം കത്തുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് അഹമ്മദാബാദിലെ സബര്‍മതീ ആശ്രമം. തന്റെ സമകാലികരായ ലോക നേതാക്കളുമായി മഹാത്മാ ഗാന്ധിക്കുണ്ടായിരുന്ന ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതിനാണ് പുസ്തക പ്രസിദ്ധീകരണമെന്ന് സബര്‍മതി ആശ്രമവൃത്തങ്ങള്‍ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പലര്‍ക്കായി എഴുതിയ 31,000ത്തിലധികം കത്തുകള്‍ സമാഹരിച്ച് ചേര്‍ത്തിട്ടുണ്ടെങ്കിലും ഗാന്ധിജിക്ക് ലഭിച്ച കത്തുകളുടെ സമാഹരണം ഇത് ആദ്യമാണ്.
ഗാന്ധിജിയെ ഇത്തരം കത്തുകളെഴുതാന്‍ പ്രേരിപ്പിച്ച ലോക നേതാക്കളുടെ കത്തുകള്‍ സമാഹരിക്കുന്നതുവഴി ഈ വിഷയത്തില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് സബര്‍മതി ആശ്രമം സംരക്ഷണ സ്മാരക ട്രസ്റ്റ് ഡയരക്ടര്‍ ത്രിദീപ് ശരൂദ് പറഞ്ഞു.
റൊമേന്‍ റോളണ്ട്, രബീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സരോജിനി നായിഡു, മീരാബെന്‍, എസ്‌തെര്‍ ഫെയറിംഗ് തുടങ്ങിയവര്‍ ഗാന്ധിക്കയച്ച കത്തുകളാണ് സമാഹാരത്തില്‍ ഉണ്ടാകുക. ജീവചരിത്രപരവും ചരിത്രപരവുമായ അന്വേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും ഈ പുസ്തകമെന്ന് ത്രിദീപ് ശരൂദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here