കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി ആശങ്കയില്‍

Posted on: November 30, 2015 4:21 am | Last updated: November 30, 2015 at 11:47 am
SHARE

karippurകൊണ്ടോട്ടി: കരിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന റണ്‍വേ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷം കഴിഞ്ഞും പൂര്‍ത്തിയാകില്ല. പ്രവൃത്തി പൂര്‍ത്തിയാകാന്‍ 18 മാസം എടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞും ഇത് പൂര്‍ത്തിയാകില്ലെന്നത് തീര്‍ച്ചയാണ്. റണ്‍വേ നവീ കരണത്തിന് മുന്നോടിയായി അനുബന്ധ ജോലികള്‍ സെപ്തംബറില്‍ തന്നെ ആരംഭിച്ചിരുന്നു. റണ്‍വേ റീ കാര്‍പെറ്റിംഗിന്റെ പേരില്‍ മെയ് മാസം മുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി കരിപ്പൂരില്‍ നിഷേധിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ രണ്ടും എമിറേറ്റ് സിന്റെ രണ്ടും സഊദി എയര്‍ലൈന്‍സിന്റെ ഒരു വിമാനവുമുള്‍പ്പെടെ പ്രതിദിനം അഞ്ച് ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വീസ് നടത്തിയിരുന്നു. ഓരോ വിമാനങ്ങളുടെയും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ പത്ത് ജംബോ വിമാനങ്ങളാണ് കരിപ്പൂരിന് നഷ്ടമായത്. എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിലച്ചതോടെ കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഇല്ലാതായി.
കരിപ്പൂരിന് നഷ്ടമായ ജംബോ സര്‍വീസുകള്‍ തിരിച്ചുവരില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായിരുന്നു. കരിപ്പൂരില്‍ ജംബോ വിമാനങ്ങള്‍ക്ക് വേണ്ട റണ്‍വേ നീളമില്ലെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതുവരെ വലി യ വിമാനങ്ങള്‍ ഇറങ്ങിയിരുന്നെങ്കിലും ‘റിസ്‌ക്’ എടുത്ത് ഈ സര്‍വീസ് പുനരാംഭിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വേണ്ടത്ര നീളമില്ലാത്ത ടാബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേയില്‍ വിമാനം ഇറക്കുന്നതിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ നിന്ന് അനുമതി ലഭിക്കില്ല. റണ്‍വേ നീളം കൂട്ടണമെന്നുണ്ടെങ്കില്‍ നൂറുകണക്കിന് മലകള്‍ നിരപ്പാക്കി മണ്ണെടുക്കേണ്ടതുണ്ട്. ഇതിനു പരിസരവാസികളോ കേന്ദ്ര പരിസ്ഥി വകുപ്പോ അനുമതി നല്‍കയില്ല.
റണ്‍വേ നവീകരണം 18 മാസംകൊണ്ട് തീര്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇക്കാലയളവില്‍ ഇത് പൂര്‍ത്തിയാകില്ലെന്നത് ആര്‍ക്കും വ്യക്തമാകുന്നതാണ്. ജൂണ്‍ മുതല്‍ മഴക്കാലം ആരംഭിക്കുന്നതോടെ ആറ് മാസത്തേക്ക് റീകാര്‍പെറ്റിംഗ് നടക്കില്ല. ഇതോടെ പ്രവൃത്തികള്‍ വീണ്ടും നീണ്ടുപോകും.
റണ്‍വേ റീകാര്‍പെറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ കരിപ്പൂരില്‍ ഭാഗികമായി വിമാനത്താവളം അടച്ചിട്ടിരിക്കയാണ്. ഉച്ചക്ക് 11ന് മുതല്‍ വൈകിട്ട് ആറ് മണി വരെ കരിപ്പൂരില്‍ വിമാന സര്‍വീസില്ല. വിമാനത്താവളം ഭാഗികമായി അടച്ചിട്ടതോടെ വിമാനത്താവളം പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. ഇതുമൂ ലം വിമാനത്താവളവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ നിത്യവൃത്തി മുടങ്ങിയിരിക്കയാണ്.
അതിനിടെ, കരിപ്പൂര്‍ വിമാനത്താവളം വെടക്കാക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. 2016 ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡിസംബറില്‍ വിമാനത്താവളം പൂര്‍ണമായും ഉദ്ഘാടനത്തിന് ഉതകുന്ന അവസ്ഥയിലേക്ക് എത്തില്ല എന്നതും തീര്‍ച്ചയാണ് .
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ നേരത്തെ തന്നെ മുംബൈ, കോയമ്പത്തൂര്‍, നെടുംമ്പാശ്ശേരി ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പട്ടികയിലേക്ക് കണ്ണൂര്‍ ലോബിയും എത്തിപ്പെട്ടു എന്നുവേണം കരുതാന്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍ വേ നവീകരണം നീട്ടിക്കൊണ്ടുപോയി വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കം ഈയടുത്ത കാലത്ത് ആക്കം കൂടിയിരിക്കയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന അഞ്ച് വിമാനത്താവളങ്ങളില്‍ ഒന്നായിട്ടുപോലും കരിപ്പൂരില്‍ ആവശ്യമായ സര്‍വീസുകള്‍ അനുവദിക്കുന്നതിനും വിമാനങ്ങള്‍ മുടങ്ങിയാല്‍ പകരം വിമാനം ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ക്ക് സന്മനസ്സുണ്ടാകാറില്ല. ഒന്നര ദിവസത്തോളം വിമാനം മുടങ്ങിയിട്ടും പകരം വിമാനം ഏര്‍പ്പെടുത്താതെ യാത്രക്കാ രെ എയര്‍പോര്‍ട്ടിലിട്ട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here