Connect with us

Sports

ബാഴ്‌സ, ബയേണ്‍ പ്രീ ക്വാര്‍ട്ടറില്‍

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍ മഴ കണ്ട രാത്രിയില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്‌സലോണയും ജര്‍മന്‍ ചാമ്പ്യന്‍മാര്‍ ബയേണ്‍ മ്യൂണിക്കും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. മികച്ച വിജയവുമായി ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ നോക്കൗട്ട് സ്വപ്‌നം പൊലിയാതെ നോക്കിയതും ശ്രദ്ധേയം. എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലായി നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ 27 ഗോളുകളാണ് പിറന്നത്. ബാഴ്‌സലോണ 6-1ന് എ എസ് റോമയെ തരിപ്പണമാക്കിയപ്പോള്‍ ബയേണ്‍ മ്യൂണിക്കും ചെല്‍സിയും എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് യഥാക്രമം ഒളിമ്പ്യാകോസിനെയും മക്കാബി ടെല്‍അവീവിനെയും തകര്‍ത്തുവിട്ടു. ആഴ്‌സണല്‍ 3-0ന് ഡൈനാമോ സാഗ്രെബിനെ പരാജയപ്പെടുത്തിയതാണ് മറ്റൊരു വലിയ ജയം. ഡൈനാമോ കീവ് 2-0 എഫ് സി പോര്‍ട്ടോയെയും സെനിത് സെന്റ് പീറ്റഴ്‌സ്ബര്‍ഗ് 2-0ന് വലന്‍ഷ്യയെയും തോല്‍പ്പിച്ചു. ജെന്റ് 2-1ന് ലിയോണിനെ വീഴ്ത്തിയപ്പോള്‍ ബാറ്റെ ബോറിസോവും ബയെര്‍ലെവര്‍കൂസനും 1-1ന് പിരിഞ്ഞു.

27 പാസുകള്‍ക്കൊടുവില്‍ ഗോള്‍ !
സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തിടത്ത് നിന്നാണ് ബാഴ്‌സ തുടങ്ങിയത്. അതിവേഗ പാസിംഗുകള്‍, അപാരമായ ഫിനിഷിംഗുകള്‍, ഇറ്റലിയില്‍ നിന്നെത്തിയ എ എസ് റോമയുടെ കണ്ണ് കലങ്ങിപ്പോകാന്‍ ഇത്രയും ധാരാളമായിരുന്നു. തിരിച്ചുവരവ് ആഘോഷിച്ച് മെസിയും ഫോം ആസ്വദിച്ച് ലൂയിസ് സുവാരസും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍ പെനാല്‍റ്റി പാഴാക്കി മുഖം പൊത്തി. പീക്വെയും അഡ്രിയാനോയുമാണ് മറ്റ് സ്‌കോറര്‍മാര്‍. അവസാന മിനുട്ടില്‍ സെക്കോ റോമയുടെ ആശ്വാസ ഗോളടിച്ചു.
15,44 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ സ്‌കോറിംഗ്. എന്നാല്‍, പതിനെട്ടാം മിനുട്ടില്‍ മെസി നേടിയ ഗോളാണ് ചര്‍ച്ചാവിഷയം. 27 പാസുകള്‍ ഇഴമുറിയാതെ ആ ഗോളിന് പിന്തുണയേകി. റോമ താരങ്ങളുടെ തലചുറ്റിച്ച് മെസി നേടിയ ഗോള്‍ ബാഴ്‌സയുടെ ടീം വര്‍ക്കിന്റെ മഹനീയതയും അപാരതയും വരച്ച്കാണിച്ചു. അതുപോലെ സുവാരസ് നേടിയ രണ്ടാം ഗോള്‍ ഗംഭീരമായിരുന്നു. ഫസ്റ്റ് ടൈം വോളിയിലൂടെ സുവാരസ് കണ്ണഞ്ചിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ബാഴ്‌സ നോക്കൗട്ടിലെത്തിയത്. റോമക്കും ബയെര്‍ലെവര്‍കൂസനും അഞ്ച് പോയിന്റ് വീതം. ബാറ്റെ ബോറിസോവിന് നാലും. മൂന്ന് പേര്‍ക്കും നോക്കൗട്ടിലേക്ക് തുല്യസാധ്യത. എന്നാല്‍, ലെവര്‍കൂസന് അവസാന മത്സരത്തില്‍ ബാഴ്‌സലോണയാണ് എതിരാളിയെന്നത് റോമയുടെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നു.

കോസ്റ്റയും മൗറിഞ്ഞോയും
കൊമ്പുകോര്‍ത്തു !
ഇസ്രാഈല്‍ ക്ലബ്ബ് മക്കാബി ടെല്‍ അവീവിനെതിരെ ചെല്‍സി അനായാസ ജയം നേടിയെങ്കിലും ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ അതൃപ്തനാണ്. ഏറെ പ്രതീക്ഷ പുലര്‍ത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയുടെ മോശം ഫോം മൗറിഞ്ഞോയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. മത്സരത്തിനിടെ താരത്തെ ലൈനരികിലേക്ക് വിളിച്ചുവരുത്തി മൗറിഞ്ഞോ ശാസിച്ചു. ഇതേ തുടര്‍ന്ന് കോസ്റ്റയും കയര്‍ത്തു. ഇത് മാധ്യമശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍, ഹാഫ് ടൈമിന് പിരിഞ്ഞപ്പോള്‍ ഡ്രസിംഗ് റൂമില്‍ പ്രശ്‌നം പരിഹരിച്ചുവെന്ന് പിന്നീട് മൗറിഞ്ഞോ പറഞ്ഞു. എദെന്‍ ഹസാദിന്റെ കൗണ്ടര്‍ അറ്റാക്കിംഗിനൊപ്പം ഓടിച്ചെല്ലാതെ കോസ്റ്റ മടിച്ചു നിന്നതാണ് മൗറിഞ്ഞോയെ ക്ഷിപ്രകോപിയാക്കിയത്.
ഗ്രൂപ്പ് ജിയില്‍ മക്കാബിക്കെതിരെ ചെല്‍സി ആദ്യപാദത്തിലും രണ്ടാം പാദത്തിലും 4-0നാണ് ജയിച്ചത്. കാഹില്‍, വില്യന്‍, ഓസ്‌കര്‍, സൗമ എന്നിവരാണ് എവേ മാച്ചായ രണ്ടാം പാദത്തില്‍ സ്‌കോര്‍ ചെയ്തത്. ഹോംഗ്രൗണ്ടിലെ ആദ്യപാദത്തിലും ഓസ്‌കറും വില്യനും സ്‌കോര്‍ ചെയ്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ഗ്രൂപ്പില്‍ എഫ് സി പോര്‍ട്ടോയും ചെല്‍സിയും ഒപ്പത്തിനൊപ്പം. ഡൈനാമോ കീവ് എട്ട് പോയിന്റോടെ തൊട്ടു പിറകില്‍. മക്കാബിക്ക് പോയിന്റൊന്നുമില്ല.

ഒസിലിന്റെ തിളക്കത്തില്‍ ഗണ്ണേഴ്‌സ് !
42.4 ദശലക്ഷം പൗണ്ടിന് റയല്‍മാഡ്രിഡില്‍ നിന്ന് ആഴ്‌സണലിലെത്തിയ ജര്‍മന്‍ പ്ലേ മേക്കര്‍ മെസുറ്റ് ഒസില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം ആവര്‍ത്തിച്ചു. സീസണില്‍, ഗണ്ണേഴ്‌സിന്റെ ഏറ്റവും സ്ഥിരതയുള്ള പ്ലെയര്‍ ഒസിലാണെന്ന് ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചുവരവ് അടിവരയിടുന്നു.
ഡൈനാമോ സാഗ്രെബിനെതിരെ ഇരുപത്തൊമ്പതാം മിനുട്ടില്‍ ഒസിലാണ് ആഴ്‌സണലിനെ മുന്നിലെത്തിച്ചത്. മറ്റ് രണ്ട് ഗോളുകള്‍ സാഞ്ചസിന്റെ വക. ഈ ഗോളുകളിലും ഒസിലിന്റെ സ്പര്‍ശമുണ്ടായിരുന്നു. തുടരെ ഏഴാം മത്സരത്തിലാണ് ഒസില്‍ ഗോളിന് അസിസ്റ്റ് ചെയ്യുന്നത്. ഗ്രൂപ്പ് എഫില്‍ ആറ് പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തും ഒമ്പത് പോയിന്റുമായി ഒളിമ്പ്യാകോസുമാണ് രണ്ടാമതുമാണ്. ഇവര്‍ തമ്മിലാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന അവസാന മത്സരം. രണ്ട് ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ആഴ്‌സണലിന് നോക്കൗട്ട് ഉറപ്പിക്കാം. ഗ്രൂപ്പില്‍ പന്ത്രണ്ട് പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍മാരായാണ് നോക്കൗട്ടിലെത്തിയത്.
ഒളിമ്പ്യാകോസിനെ ബയേണ്‍ തകര്‍ത്തതാണ് ആഴ്‌സണലിന്റെ സാധ്യത സജീവമാക്കിയത്. ഡഗ്ലസ് കോസ്റ്റ, ലെവന്‍ഡോസ്‌കി, മുള്ളര്‍, കോമാന്‍ എന്നിവരാണ് ബയേണിനായി വല നിറച്ചത്.

Latest