കാലംതെറ്റിയ മഴ കര്‍ഷകരെ ദുരിതത്തിലാക്കി

Posted on: November 21, 2015 10:10 am | Last updated: November 21, 2015 at 10:10 am
SHARE

കല്‍പ്പറ്റ: കാലം തെറ്റിയ മഴ വയനാടന്‍ കര്‍ഷകരെ ദുരിതത്തിലാക്കി. കാര്‍ഷിക വിളകള്‍ പറിച്ചെടുത്ത് ഉണങ്ങാനും റബര്‍ ടാപ്പിംഗ് നടത്താനും കഴിയാതെയും വിളഞ്ഞു കിടക്കുന്ന നെല്ല് കൊയ്‌തെടുക്കാന്‍ പറ്റാതെയുമാണ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്.
വില കുറവാണെങ്കില്‍ തന്നെ നിരവധി റബര്‍ കര്‍ഷകര്‍ കുടിയേറ്റ മേഖലയില്‍ ഇപ്പോഴും റബര്‍ ടാപ്പിംഗ് ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടാഴ്ചയില്‍ അധികമായി ഇടവിട്ട് പെയ്യുന്ന ചെറിയ മഴ ടാപ്പിംഗിന് തടസമായിരിക്കുകയാണ്. രാവിലെ മഴയില്ലെങ്കില്‍ തന്നെയും ടാപ്പിംഗ് കഴിയുമ്പോഴേക്കും പലപ്പോഴും മഴ പെയ്യുകയാണ്. അതിനാല്‍ പാല്‍ എടുക്കാന്‍ കഴിയാതെയും എടുത്ത പാല്‍ ഉറയൊഴിച്ച് ഉണക്കാന്‍ കഴിയാതെയും കര്‍ഷകര്‍ വിഷമിക്കുകയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല കര്‍ഷകരും ടാപ്പിംഗ് ഒഴിവാക്കിയിരിക്കുകയാണ്.
അരിയുടെ വില ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷി നടത്തിയിരുന്നു. തരിശുനിലങ്ങള്‍ ഒറ്റക്കും സംഘം ചേര്‍ന്നും പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരും അനവധിയാണ്. അത്തരത്തില്‍ കൃഷിചെയ്ത നെല്‍പാടങ്ങളൊക്കെ ഇപ്പോള്‍ കൊയ്ത്തിന് പാകമായി കിടക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെല്‍ കൃഷിക്ക് ഇത്തവണ ഉദ്പാദന ചെലവ് ഇരട്ടിയായിരുന്നു. കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷിയുമായി രംഗത്തുവന്നതോടെ ജോലിക്കാരെ ലഭിക്കാതെ വന്നതും യന്ത്ര സാമഗ്രിഹകള്‍ സമയത്ത് കിട്ടാത്തതും ചെലവ് വര്‍ധിക്കാന്‍ കാരണമായി. വന്‍ തുക ചെലവാക്കി കൃഷി ചെയ്ത കര്‍ഷകരെല്ലാം അങ്കലാപ്പിലാണ്. അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നതും ഇടക്കിടെ മഴ പെയ്യുന്നതുമൂലം കര്‍ഷകര്‍ക്ക് നെല്ല് കൊയ്‌തെടുക്കാന്‍ പേടിയാണ്.
നെല്ല് കൊയ്‌തെടുത്താന്‍ കറ്റകള്‍ മെതിച്ചെടുക്കാന്‍ കഴിയാതെ നെല്ലും വൈക്കോലും വയലില്‍ കിടന്ന് നശിച്ചുപോകും. വിളഞ്ഞ നെല്ല് കൊയ്‌തെടുത്തില്ലെങ്കില്‍ ചെടികള്‍ മറിഞ്ഞ് വീണ് വൈക്കോലും നെല്ലും വെള്ളത്തില്‍ കിടന്ന് നശിക്കും. ഈ സാഹചര്യത്തില്‍ എന്ത്‌ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. വിളഞ്ഞ് പാകമായ അടക്ക പറിച്ചെടുക്കാന്‍ കഴിയാതെ കണ്ണീരിലാണ് കമുക് കര്‍ഷകര്‍. വിളഞ്ഞ് പഴുത്ത അടക്ക പലതും കമുകില്‍ നിന്നും കൊഴിഞ്ഞ് വീഴാന്‍ തുടങ്ങി.
മിക്കവാറും അടക്ക കച്ചവടക്കാരൊക്കെ അടക്കയുടെ കച്ചവടവും നിര്‍ത്തി. കച്ചവടക്കാര്‍ക്ക് അടക്ക വിറ്റൊഴിവാക്കാന്‍ കഴിയാത്തതാണ് കച്ചവടക്കാര്‍ അടക്ക വാങ്ങുന്നത് നിര്‍ത്തിയത്. മഴ തുടരുന്നതും കാലാവസ്ഥയില്‍ മാറ്റം വരുന്നതിനാലും പൊളിച്ചെടുത്ത അടക്ക പുഴുങ്ങി ഉണക്കാന്‍ പറ്റാത്തതിനാല്‍ കമ്പനിക്കാരും അടയ്ക്കവാങ്ങുന്നത് നിര്‍ത്തി. ഇനി മഴയും കാലാവസ്ഥയും മാറി നല്ലവെയില്‍ ഉണ്ടായാല്‍ മാത്രമേ അടക്ക കച്ചവടം നടക്കുകയുള്ളൂ. എന്നാല്‍ അപ്പോഴേക്കും തോട്ടങ്ങില്‍ അടക്ക പഴുത്തു താഴെ വീണ് നശിക്കും. കഴിഞ്ഞ ആഴ്ച വരെ 32 രൂപ വരെ വിലയുണ്ടായിരുന്ന പൊളിക്കാത്ത അടയ്ക്കക്ക് ഇന്നലെ 20 രൂപ ആണ് വില. അതുതന്നെ വാങ്ങാന്‍ പല കച്ചവടക്കാര്‍ക്കും മടിയായിരുന്നു. മഴയും കാലാവസ്ഥയും മാറുന്നതുവരെ കമുക് കര്‍ഷകരും ആശങ്കയിലാണ്.
കാപ്പി കര്‍ഷകരുടെ സ്ഥിതിയും വിഭിന്നമല്ല. പഴുത്ത് പണ്ടേ പറിച്ചെടുക്കേണ്ട കാപ്പിക്കുരു പലതോട്ടങ്ങളിലും നശിച്ച് തുടങ്ങി. വിളഞ്ഞ് മഴനനഞ്ഞ് നശിച്ചു തുടങ്ങിയ കാപ്പിതോട്ടങ്ങള്‍ കുടിയേറ്റ മേഖലയില്‍ നിരവധി സ്ഥലത്തുണ്ട്. കാപ്പിക്കുരു എങ്ങനെ പറിച്ചെടുക്കുമെന്നും പറിച്ചെടുത്താല്‍ കാപ്പിക്കുരു എങ്ങനെ ഉണക്കിയെടുക്കുമെന്നുമാണ് കാപ്പി കര്‍ഷകരുടെ ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here