ടിപ്പുവിന്റെ ചോരക്ക് വേണ്ടി

Posted on: November 16, 2015 6:00 am | Last updated: November 16, 2015 at 7:55 pm
SHARE

Tipu-Sultanലോകത്ത് ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി വേറെയുണ്ടാകില്ല. ഇന്ത്യയിലെ തങ്ങളുടെ മുഖ്യശത്രുവായിരുന്ന ടിപ്പു സുല്‍ത്താനെ ലോകത്തിന് മുമ്പില്‍ നാണം കെടുത്താനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ വിജയമാണിത്. അതിന് വേണ്ടി ഇന്ത്യയിലെ ബ്രിട്ടീഷ് ഭക്തരായ ഭരണാധികാരികളെ മുഴുവന്‍ കൂട്ടുപിടിച്ചു. മറാത്തികള്‍, ഹൈദരാബാദ് നൈസാം, കര്‍ണാട്ടിക് നവാബ്, തിരുവിതാംകൂര്‍ രാജാവ് തുടങ്ങിയവരെ കൂട്ടുപിടിച്ചാണ് ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ തോല്‍പ്പിച്ചത്. ഇവര്‍ ടിപ്പുവിനെ സഹായിച്ചിരുന്നെങ്കില്‍ വെള്ളക്കാരെ അന്നേ കെട്ടുകെട്ടിക്കാമായിരുന്നു. തങ്ങള്‍ തോല്‍പ്പിച്ചത് ക്രൂരനായ ഒരു ഏകാധിപതിയേയും മതഭ്രാന്തനേയുമാണെന്ന് യൂറോപ്പിലും ഇന്ത്യയിലും പ്രചരിപ്പിച്ച് തങ്ങളുടെ ആക്രമണത്തിന് ന്യായം കണ്ടെത്തുക കൂടി ബ്രിട്ടീഷുകാര്‍ക്ക് ലക്ഷ്യമായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭക്തന്‍മാരായ ഫാസിസ്റ്റുകള്‍ അന്നേ ഇതേറ്റുപിടിച്ചു. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും ചെയ്യാത്ത സംഘ്പരിവാറുകാരുടെ പൂര്‍വികര്‍ അന്നേ ബ്രിട്ടീഷുകാരോടൊപ്പമായിരുന്നു. ഒരു മുസല്‍മാനും ചരിത്രത്തില്‍ ഇടം നേടരുതെന്ന സാമ്രാജ്യത്വ നിലപാടാണ് ഹിന്ദുത്വശക്തികളും സ്വീകരിച്ചു പോന്നത്. അതുകൊണ്ടാണ് ഇന്നും സംഘ്പരിവാരം ടിപ്പു സുല്‍ത്താന്റെ ചോരക്ക് ദാഹിക്കുന്നത്. ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും രാജ്യത്ത് നീതി നിഷ്ഠമായ ഭരണം കാഴ്ചവെക്കുകയും ചെയ്തതാണ് ടിപ്പു ചെയ്ത കുറ്റം. അതിന് വേണ്ടി ബ്രിട്ടീഷുകാരോടും അവരുടെ സഹായികളോടും അദ്ദേഹം മരണം വരെ പോരാടി.
ലണ്ടന്‍ ആല്‍ബര്‍ട്ട് മ്യൂസിയത്തിലും ബ്രിട്ടീഷ് ലൈബ്രറിയിലും സൂക്ഷിച്ച ടിപ്പുവിന്റെ രേഖകളാണ് സുല്‍ത്താനെ കുറിച്ചുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. ക്ഷേത്രങ്ങളിലും മറ്റും സൂക്ഷിച്ച ഗ്രാന്റ് സംബന്ധമായ രേഖകളും രജിസ്റ്ററുകളും കള്ളക്കഥകള്‍ പൊളിക്കുന്നു. ഇവ കൂടി നശിപ്പിച്ചിരുന്നെങ്കില്‍ ടിപ്പു പൂര്‍ണമായും ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടേനെ. പേര്‍ഷ്യനിലും കന്നടയിലുമുള്ള രേഖകള്‍ പഠിക്കാന്‍ ആദ്യം മുന്നോട്ടുവന്നത് യൂറോപ്യന്‍ ചരിത്ര പണ്ഡിതന്മാരാണ്. ഇന്ത്യയിലെ ശാസ്ത്രീയ പണ്ഡിതന്‍മാരും ടിപ്പുവിനെ യഥാവിധി അവതരിപ്പിച്ചു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ വക ടിപ്പു സുല്‍ത്താനെ കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ബി ഷെയ്ക് അലി, സെറ്റര്‍, സുബ്ബരായ, മുഹിബ്ബുല്‍ ഹസന്‍, ഇര്‍ഫാന്‍ ഹബീബ്, സി കെ കരീം, കെ കെ എന്‍ കുറുപ്പ്, ബ്രിറ്റല്‍ ബാങ്ക് തുടങ്ങി നിരവധി ചരിത്രകാരന്മാര്‍ ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം അനാവരണം ചെയ്തിട്ടുണ്ട്. എന്നിട്ടും വെള്ളക്കാരുടെ കള്ളക്കഥകള്‍ വെച്ച് വ്യാജം പ്രചരിപ്പിക്കുകയാണ് ഫാസിസ്റ്റുകള്‍.
ടിപ്പു സുല്‍ത്താന്‍ ഒരിക്കലും ആദരിക്കപ്പെടരുതെന്ന വാശി ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് മൈസൂര്‍ കൊട്ടാരത്തിലെ രേഖകള്‍ മുഴുവന്‍ അവര്‍ ലണ്ടനിലേക്ക് കടത്തിയത്. നിരവധി കള്ളരേഖകള്‍ ചമച്ച് അവര്‍ ടിപ്പുവിനെ മതഭ്രാന്തനായും ക്രൂരനായും ചിത്രീകരിച്ചു. ടിപ്പുവിന്റെ കുടുംബത്തെ അവര്‍ മൈസൂരില്‍ നിന്ന് കെട്ടുകെട്ടിച്ച് വെല്ലൂരിലേക്ക് നാട് കടത്തി. അവിടെ ദുരിതം സഹിക്കാതെ പിന്‍ഗാമികള്‍ പലരും ബ്രിട്ടീഷുകാരുടെ ആജ്ഞാനുവര്‍ത്തികളായി. ടിപ്പുവിന്റെ കൊട്ടാര പണ്ഡിതരെക്കൊണ്ട് തന്നെ ടിപ്പുവിനെതിരെ ചരിത്രമെഴുതിച്ചു. അങ്ങനെ ശത്രുവിനാലും സ്വന്തക്കാരാലും ടിപ്പു തമസ്‌കരിക്കപ്പെട്ടു. ടിപ്പുവിന്റെ പിന്‍ഗാമികള്‍ പലരും വെള്ളക്കാരുടെ സ്തുതിപാഠകരായി. അവരാരും മക്കള്‍ക്ക് ടിപ്പുവിന്റെ പേര് തന്നെ നല്‍കിയില്ല. അതോടൊപ്പം ടിപ്പുവിന്റെ ശത്രുവായ ഹൈദരാബാദ് നൈസാമും ടിപ്പുവിനെതിരെ കള്ളം പ്രചരിപ്പിച്ചു. മറാത്തികളും തിരുവിതാംകൂര്‍ രാജാക്കന്‍മാരും സ്വന്തക്കാരായ ജന്മിമാരും ചേര്‍ന്ന് ടിപ്പു മതഭ്രാന്തനെന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്നു.
വെല്ലൂരില്‍ നിന്നും ടിപ്പുവിന്റെ പിന്‍ഗാമികളെ പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറ്റി. അവിടെ പലരും ബ്രിട്ടീഷുകാരുടെ ആശ്രിതരായി മാറി. പൂര്‍വികനായ സുല്‍ത്താനെ അവര്‍ക്ക് വേണ്ടാതായി. എന്നാല്‍ അവരില്‍ മിക്ക കുടുംബങ്ങളും വഴിയാധാരമായി. പട്ടിണിയിലാണ്ടപ്പോള്‍ മാനം പണയം വെച്ച് തെരുവിലിറങ്ങി. കൊല്‍ക്കത്തയുടെ തെരുവുകളില്‍ ഇന്നും അവരെ കാണാം. ടിപ്പുവിന്റെ ആറാം തലമുറ റിക്ഷ വലിച്ചും ചെരുപ്പ് കുത്തിയും ചേരികളില്‍ കഴിഞ്ഞുകൂടുന്നു. ടിപ്പുവിനെ കൈയൊഴിച്ചിട്ടും അവര്‍ക്ക് മോചനമില്ല. അവരുടെ പേരുകള്‍ ചോദിച്ചു നോക്കൂ; അന്‍വര്‍ ഷാ, റഹ്മാന്‍ ഷാ, ജഹ്‌നരാ ബീഗം, സീനത് ബീഗം എന്നിങ്ങനെ. ആര്‍ക്കും ടിപ്പുവിന്റെയോ ഹൈദറലിയുടെയോ പേരില്ല. ഖബറിടങ്ങള്‍ പോലും അവര്‍ ജീവിക്കാന്‍ വേണ്ടി വിറ്റു കഴിഞ്ഞിരിക്കുന്നു. പലരും ഖബര്‍ കുടീരങ്ങളോട് ചേര്‍ത്തു വെച്ച് കെട്ടിയ ചായ്പുകളിലാണ് കഴിയുന്നത്. അവരൊക്കെ ടിപ്പുവിനെ മറന്നിരിക്കുന്നു. അവര്‍ക്ക് ജീവിച്ചുകിട്ടിയാല്‍ മതി. ചേരിയില്‍ പട്ടിണിക്കോലങ്ങളായി കഴിയുന്ന ഷാമാരേയും ബീഗങ്ങളേയും ഞാനും അബ്ബാസ് പനക്കലും നേരില്‍കണ്ടു. ഇന്ത്യയില്‍ ഒരു രാജാവിന്റെയും പിന്‍ഗാമികള്‍ ഇങ്ങനെ പട്ടിണി കിടക്കുന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാറും ഇവരെ തിരിഞ്ഞുനോക്കിയിട്ടുമില്ല. എപ്പോഴൊക്കെ ടിപ്പുവിന്റെ ശരിയായ ചരിത്രം അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ സംഘ്പരിവാരം അതിനെതിരെ കലാപക്കൊടി ഉയര്‍ത്തി. ടിപ്പുവിനെക്കുറിച്ച് സീരിയലവതരിപ്പിച്ചപ്പോഴും ടിപ്പുവിന്റെ ചരിത്രം അഭ്രപാളികളില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴും ടിപ്പുവിന്റെ പേരില്‍ കര്‍ണാടകയില്‍ സര്‍വകലാ ശാലക്ക് ശ്രമിച്ചപ്പോഴും ഇപ്പോള്‍ ടിപ്പുവിന്റെ ജയന്തി ആഘോഷിക്കുമ്പോഴും അതിനെ എതിര്‍ത്ത് സാമ്രാജ്യത്വത്തോട് ഭക്തികാണിക്കാന്‍ ഫാസിസ്റ്റുകള്‍ മറക്കുന്നില്ല. ഗാന്ധിജിയെ മാറ്റി ഗോഡ്‌സെയെ പ്രതിഷ്ഠിക്കുമ്പോഴും ഇവര്‍ കൊളോണിയലിസത്തിന്റെ പുനഃപ്രതിഷ്ഠയാണ് നടത്തുന്നത്.
രാജ്യദ്രോഹികളെ സ്‌നേഹിക്കാന്‍ ഒരു ഭരണാധികാരിയും തയ്യാറാകുകയില്ല. രാജ്യദ്രോഹി ഹിന്ദുവെന്നോ മുസല്‍മാനെന്നോ ഒരു പരിഗണനയും ടിപ്പു കാണിച്ചില്ല. തന്റെ ഭരണകാര്യത്തിലും നീതി നിര്‍വഹണത്തിലും മതപരമായ ഒരു വ്യത്യാസവും കല്‍പ്പിച്ചിട്ടുമില്ല. നൈസാമിന്റെ നിരവധി മുസ്‌ലിം തടവുകാര്‍ ടിപ്പുവിന്റെ ജയിലിലുണ്ടായിരുന്നു. നിരവധി പേരെ കൊന്നൊടുക്കിയിട്ടുമുണ്ട്. അതൊക്കെ രാഷ്ട്രീയപരമായ കാരണങ്ങളാലാണ്. ടിപ്പു നിരവധി തടവുകാര്‍ക്ക് മതം മാറാന്‍ അനുവാദം നല്‍കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിട്ടുണ്ട്. വധശിക്ഷയില്‍ നിന്നൊഴിവാകാന്‍ തടവുകാര്‍ക്ക് മതം മാറ്റം ഒരു ഓപ്ഷനായി നല്‍കിയിരുന്നു. ഇങ്ങനെ വെള്ളക്കാരടക്കമുള്ള നിരവധി തടവുകാര്‍ മതം മാറി വധശിക്ഷയില്‍ നിന്നൊഴിവായിട്ടുണ്ട്. മലബാറില്‍ നിന്നുള്ളവര്‍ ഭൂരിപക്ഷം നായര്‍ പടയാളികളായിരുന്നു. ഇങ്ങനെ മതം മാറി സ്വാതന്ത്ര്യം ലഭിച്ചവരെ ടിപ്പു തന്റെ ഉദ്യോഗസ്ഥന്മാരായി നിയമിച്ചിരുന്നു.
ഇതുപോലെ കൃഷിഭൂമി കര്‍ഷകര്‍ക്ക് വീതിച്ച് കൊടുത്തപ്പോള്‍ പല ജന്‍മിമാരും മാനക്കേട് സഹിക്കാനാകാതെ തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു. പല ജന്‍മിമാരും പിടിക്കപ്പെട്ടു. പലരും മതം മാറി ശിക്ഷയില്‍ നിന്നൊഴിവായി. മതം മാറ്റാനുള്ള ടിപ്പുവിന്റെ ഓപ്ഷന്‍ തന്റെ സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗം കൂടിയായിരുന്നു. മതം മാറുന്നവന്‍ ജാതീയതയില്‍ നിന്നും ജന്‍മിത്തത്തില്‍ നിന്നും മോചനം നേടുന്നു. അവര്‍ നാട്ടിലെ സംബന്ധമടക്കമുള്ള ദുരാചാരങ്ങളില്‍ നിന്നും താണ ജാതിക്കാര്‍ക്കെതിരേയുള്ള പീഡനങ്ങളില്‍ നിന്നും ജന്‍മിത്തത്തിന്റെ പേരിലുള്ള ദ്രോഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു. അങ്ങനെ അവരെ സാമൂഹികമായി പരിവര്‍ത്തിപ്പിക്കാന്‍ മതംമാറ്റം വഴിയൊരുക്കുമായിരുന്നു. ഹിന്ദു എന്നാല്‍ സവര്‍ണര്‍ മാത്രമല്ലല്ലോ. കുടിയാന്‍മാരായ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും ടിപ്പുവിന്റെ പരിഷ്‌കരണങ്ങളിലൂടെ കൃഷി ഭൂമി സ്വന്തമായി ലഭിച്ചല്ലോ. അന്ന് മുസ്‌ലിം കുടിയാന്‍മാരുടെ എണ്ണം വളരെ കുറവായിരുന്നു. മതം മാറിയ ശത്രു രാജാക്കന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങള്‍ തിരിച്ചുകൊടുക്കുകയും അവര്‍ ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ടിപ്പുവിന്റെ ഭരണം അവസാനിച്ച ശേഷം ജന്‍മിമാര്‍ പലരും വീണ്ടും ഹിന്ദുമതത്തിലേക്ക് മാറി ബ്രിട്ടീഷ് സഹായത്തോടെ ജാതിക്കോയ്മ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, മതം മാറി അശുദ്ധമായതിന്റെ പേരില്‍ സ്വന്തക്കാര്‍ തന്നെ പലരേയും തിരിച്ചുവരാന്‍ സമ്മതിച്ചില്ല. ചിലര്‍ സ്വമേധയാ ഇസ്‌ലാമില്‍ തുടര്‍ന്നുപോന്നു. ഈ മതം മാറ്റങ്ങളൊന്നും മതത്തിന്റെ നിയമമനുസരിച്ചാണെന്ന് പറയാന്‍ വയ്യ. ഇസ്‌ലാമിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ എവിടേയും വകുപ്പില്ല. പക്ഷേ സാമൂഹിക പരിഷ്‌കരണവും രാജ്യവികസനവും മുന്‍ നിര്‍ത്തിയായിരുന്നു ടിപ്പുവിന്റെ മതം മാറ്റങ്ങളൊക്കെ. അതിനെ മതപരമായി വ്യാഖ്യാനിക്കേണ്ടതുമില്ല.
മത പ്രചാരണമോ പള്ളി നിര്‍മാണമോ ഭരണത്തിന്റെ ഭാഗമാക്കിയിട്ടില്ല അദ്ദേഹം. തന്റെ കാലത്ത് വിരലിലെണ്ണാവുന്ന പള്ളികളേ അദ്ദേഹം നിര്‍മിച്ചുള്ളൂ. മലബാറില്‍ പോലും അദ്ദേഹം പള്ളികള്‍ നിര്‍മിച്ചിട്ടില്ല; പട്ടാളക്കാര്‍ക്ക് നിസ്‌കരിക്കാന്‍ കോഴിക്കോട് സ്ഥാപിച്ച ഒരു ചെറിയ പള്ളിയൊഴികെ. അതേ സമയം പ്രജകളായ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങള്‍ക്ക് അദ്ദേഹം സഹായം നല്‍കി. അതില്‍ ഭൂരിപക്ഷവും ക്ഷേത്രങ്ങളായിരുന്നു. മറാത്തികള്‍ ആക്രമിച്ച മഠങ്ങളും ക്ഷേത്രങ്ങളും അദ്ദേഹം പുനര്‍നിര്‍മിച്ച് കൊടുത്തു. മറാത്തികള്‍ നശിപ്പിച്ച ശൃംഗേരി മഠം ഭരണച്ചെലവില്‍ നന്നാക്കി. മറാത്തികള്‍ അപഹരിച്ച ശാരദാ ദേവിയുടെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചു. മഠാധിപതി ടിപ്പുവിന്റെ ഭരണം നിലനില്‍ക്കുന്നതിന് മഠത്തില്‍ പ്രത്യേകം പൂജകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. മഠത്തിലേക്ക് രണ്ട് പല്ലക്കുകള്‍ ടിപ്പു കൊടുത്തയച്ചു. ഒന്ന് സ്വാമിക്കും മറ്റൊന്ന് ‘ദൈവ’ത്തിനും. രാജ്യത്തെ മിക്ക ക്ഷേത്രങ്ങളില്‍ നിന്നും പ്രസാദം ടിപ്പുവിനെത്തുമായിരുന്നു. അവിടങ്ങളിലേക്കൊക്കെ സമ്മാനങ്ങളായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളും രൂപങ്ങളും കൊടുത്തയക്കുകയും ചെയ്തു. മൈസൂരിലും മലബാറിലും അദ്ദേഹം ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ ഗ്രാന്റുകളുടെ പൂര്‍ണ വിവരം നമ്മുടെ മുമ്പിലുണ്ട്. അഞ്ച് പ്രമുഖ ക്ഷേത്രങ്ങളുടെ നടുവിലാണ് അദ്ദേഹം തന്റെ കൊട്ടാരം പണിതത്. ആ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലൊക്കെ അദ്ദേഹം പങ്കുകൊള്ളുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തുപോന്നു. രാജ്യത്ത് ഭൂരിപക്ഷവും ഹൈന്ദവരായതിനാല്‍ രാജ്യക്ഷേമത്തിന് വേണ്ടി അവരെത്തന്നെയാണ് അദ്ദേഹം ആശ്രയിച്ചത്. മന്ത്രിമാരിലും ഉദ്യോഗസ്ഥരിലും ഭൂരിപക്ഷവും ഹിന്ദുക്കള്‍ തന്നെ. മലബാറില്‍ നിരവധി ക്ഷേത്രങ്ങള്‍ക്ക് ടിപ്പു ഭൂമി നല്‍കി. താനൂരിലെ കേരളാധീശ്വര പുര ക്ഷേത്രത്തിന് ആയിരം ഏക്കറാണ് നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് 800 എക്കര്‍. ടിപ്പു സുല്‍ത്താന്റെ ഭരണം അവസാനിച്ചപ്പോള്‍ ഈ ഭൂമിയൊക്കെ ജന്‍മിമാര്‍ സ്വന്തമാക്കി. പലേടത്തും ജന്മിമാര്‍ തമ്മില്‍ മത്സരിച്ച് കേസുകള്‍ നടത്തിയാണ് ഈ ഭൂമി അധീനപ്പെടുത്തിയത്. ഇതൊക്കെ സംഘ്പരിവാറുകാര്‍ കണ്ണ് തുറന്ന് പഠിക്കണം.
ആധുനിക ഇന്ത്യയുടെ ശില്‍പി എന്ന് ടിപ്പു വിശേഷിപ്പിക്കപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. അദ്ദേഹത്തെ ഹിന്ദുത്വവാദികള്‍ക്ക് കണ്ടുകൂടാ എങ്കിലും നാസയില്‍ അമേരിക്ക ടിപ്പുവിന്റെ പേര് തങ്കലിപികളാല്‍ കൊത്തിവെച്ചിട്ടുണ്ട്. ‘ആധുനിക റോക്കറ്റിന്റെ ശില്‍പി’ എന്ന നിലക്കാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. കൃഷി വികസിപ്പിക്കുന്നതിന് അദ്ദേഹം ഒരു അണക്കെട്ടു ശൃംഖല തന്നെ രൂപപ്പെടുത്തി. അതിന്റെ നിര്‍മാണവും തുടങ്ങിവെച്ചു. മുത്ത്, പട്ട് എന്നിവയുടെ വ്യവസായം വികസിപ്പിക്കാന്‍ അദ്ദേഹം പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുത്തുകള്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളേയും പട്ടുനൂല്‍ പുഴുക്കളേയും വളര്‍ത്തുന്നത് ഒരു വ്യവസായമാക്കി മാറ്റി. സഹകരണ ബേങ്കുകള്‍ സ്ഥാപിച്ചു. നേവി വികസിപ്പിച്ചു. പരിഷ്‌കൃത നാണയം നടപ്പാക്കി. ‘ദാറുല്‍ ഉമൂ’ എന്ന പേരില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. ജലശക്തി ഉപയോഗിക്കാന്‍ കൊട്ടാരത്തില്‍ സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്നു. നാല് സ്ഥലങ്ങളില്‍ ഇരുമ്പുരുക്ക് വ്യവസായം (തരാ മണ്ടൂല്‍) തുടങ്ങി. തോക്കും പീരങ്കിയും നിര്‍മിക്കുന്ന ഫാക്ടറികളുണ്ടാക്കി. ‘ഫൗജേ അഖ്ബാര്‍’ എന്ന പേരില്‍ ഉര്‍ദു പത്രം ആരംഭിച്ചു. ജന്‍മിത്വവും ഫ്യൂഡലിസവും അവസാനിപ്പിച്ചു. കൃഷി ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നികുതി സാര്‍വത്രികമാക്കി. വ്യാപാരത്തിനായി പാണ്ടികശാലകള്‍ നിര്‍മിച്ചു. രാജ്യമെങ്ങും റോഡുകളുണ്ടാക്കി. കന്നുകാലികള്‍ക്ക് മാത്രമായി കുളങ്ങള്‍ നിര്‍മിച്ചു. വിദേശത്ത് വ്യാപാര ഏജന്റുമാരെ നിയോഗിച്ചു. കയറ്റുമതി വര്‍ധിപ്പിച്ചു. ഗ്ലാസ്, പേപ്പര്‍, പാത്രങ്ങള്‍ എന്നിവ നിര്‍മിക്കാനുള്ള ഫാക്ടറികള്‍ തുടങ്ങി. കല്ലുകളും പാറകളും പോളീഷ് ചെയ്തു കയറ്റുമതി ചെയ്യാന്‍ തുടങ്ങി. മദ്യനിരോധം നടപ്പാക്കി. സംബന്ധം, തൊട്ടുകൂടായ്മ, നഗ്‌നത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ജാതി നിയമങ്ങള്‍ അവസാനിപ്പിച്ചു. കന്നട, പേര്‍ഷ്യന്‍ ഭാഷകളുടെ വികസനത്തിന് പദ്ധതികളാവിഷ്‌കരിച്ചു.
തന്റെ പതിനേഴ് വര്‍ഷത്തെ ഭരണത്തിനുള്ളിലാണ് (1782-99) ഈ പ്രവര്‍ത്തനങ്ങളൊക്കെ അദ്ദേഹം ചെയ്തുകൂട്ടിയത്. അതും ഭരണകാലം മുഴുവന്‍ നീണ്ടുനിന്ന പേരാട്ടങ്ങള്‍ക്കിടക്ക്. അന്നത്തെ ഒരിന്ത്യന്‍ ഭരണാധികാരിയും ചിന്തിക്കാത്ത പരിഷ്‌കരണങ്ങളായിരുന്നു ടിപ്പുവിന്റേത് എന്ന് കൂടി ഓര്‍ക്കണം. ഇതൊന്നും വായിക്കാതെയും കാണാതെയും ‘ടിപ്പു മതഭ്രാന്തനാണേ’ എന്ന് വിളിച്ചുകൂവുന്നവര്‍ക്ക് ഇനിയും ചരിത്രത്തിന്റെ വായ് മൂടിക്കെട്ടാനാകില്ലെന്നതിന് തെളിവാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. ടിപ്പു ജയന്തിയിലൂടെ ആ മഹാഭരണാധികാരി അനുസ്മരിക്കപ്പെടട്ടെ. ടിപ്പുവിന്റെ ശത്രുക്കള്‍ രാജ്യത്തിന്റേയും ശത്രുക്കളാണെന്ന് ജനം തിരിച്ചറിയട്ടെ.
‘വ്യാഘ്രമാകുവിന്‍ നിമിഷമെങ്കിലൊരു നിമിഷം
അജമായി ജീവിക്കുവതെന്തിന് നൂറു വര്‍ഷം
സര്‍വേശ്വര സമര്‍പ്പണമാണെന്നും ജീവ സത്ത
മരണമൊരു ഭാവനാവിലാസം, കേവലം മിഥ്യ’
(ടിപ്പുവിനെ കുറിച്ച് ഇഖ്ബാല്‍)

LEAVE A REPLY

Please enter your comment!
Please enter your name here