കൂടുതല്‍ വിമാന സര്‍വീസുകള്‍: ഖത്വറിന്റെ ആവശ്യം ഇന്ത്യ തള്ളി

Posted on: November 14, 2015 7:14 pm | Last updated: November 16, 2015 at 10:40 pm

Qatar airദോഹ :ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനുള്ള ഖത്വറിന്റെ ആവശ്യത്തോട് ഇന്ത്യക്ക് വിമുഖത. പകരം സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു ശേഷിയില്ലെന്നു ചൂണ്ടിക്കാട്ടി ഖത്വറിന്റെ ആവശ്യം ഇന്ത്യ തള്ളി. ഇതോടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള ഖത്വര്‍ എയര്‍വേയ്‌സ് ആലോചന തത്കാലം മുന്നോട്ടു പോകില്ല.
അതേസമയം, ഗള്‍ഫില്‍ ഒമാനിലേക്കും തിരിച്ചും സര്‍വീസ് വര്‍ധിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഫിന്‍ലാന്‍ഡ്, കസാഖിസ്ഥാന്‍, കെനിയ, സ്വീഡന്‍, നോര്‍വേ, ഡന്‍മാര്‍ക്ക്, എതോപ്യ എന്നീ രാജ്യങ്ങളുമായും സര്‍വീസ് ഉയര്‍ത്താന്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന വകുപ്പു ധാരണയിലെത്തിയിട്ടുണ്ട്. ഖത്വറിനൊപ്പം സെര്‍ബിയ, ഗ്രീസ്, യൂറോപ്യന്‍ കമ്മീഷന്‍, ബ്രൂണേ എന്നീ രാജ്യങ്ങളുമായും വിമാന സര്‍വീസ് സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ നെഗോസിയേഷന്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് വിവിധ രാജ്യങ്ങളിലെ സിവില്‍ വ്യോമയാന വകുപ്പുകളുമായി ഇന്ത്യന്‍ അധികൃതര്‍ ചര്‍ച്ച നടത്തിയത്.
പരസ്പരം സര്‍വീസ് നടത്തുന്നതിന് വിമാന സീറ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വ്യോമയാന വകുപ്പുകള്‍ കരാറിലെത്തുക. ഒരു രാജ്യത്തു നിന്നു ദേശീയ വിമാനമോ സ്വകാര്യ വിമാനങ്ങളോ കരാറിലെത്തുന്ന രാജ്യത്തേക്കു വഹിക്കുന്ന അത്രയും സീറ്റുകള്‍ ആ രാജ്യത്തെ വിമാനങ്ങള്‍ക്ക് തിരിച്ചും സര്‍വീസ് നടത്താന്‍ അനുവദിച്ചു കൊണ്ടായിരിക്കും കരാറുകള്‍. ഇന്ത്യയിലേക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഖത്വര്‍ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ ഖത്വറുമായി ഉള്ള കരാര്‍ അനുസരിച്ചുള്ള സീറ്റുകള്‍ ഉപയോഗപ്പെടുത്തി സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇനിയും സര്‍വീസ് ഉയര്‍ത്താനാകില്ലെന്നുമായിരുന്നു ഇന്ത്യ അറിയിച്ചത്. ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ നെഗോസിയേഷന്‍ കോണ്‍ഫറന്‍സിനു ശേഷം അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ചര്‍ച്ചകളുടെ വിവരങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ വിമാനങ്ങളുടെ പിടിപ്പു കേടില്‍ നേരത്തെയും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കാതെ പോയിട്ടുണ്ട്. ഗള്‍ഫ് വിമാനങ്ങളോട് സര്‍വീസ് രംഗത്തും പ്രമോഷന്‍ രംഗത്തും മത്സരിക്കാന്‍ കഴിയാത്തതാണ് ഇന്ത്യന്‍ വിമാനങ്ങളെ കൈയൊഴിയാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഖത്വര്‍ എയര്‍വേയ്‌സില്‍ സീറ്റുകള്‍ ലഭ്യമാകുമ്പോള്‍ സ്വാഭാവികിമായും യാത്രക്കാര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപേക്ഷിക്കുന്നു. നിരക്കിളവും 40 കിലോ വരെ ലഗേജും അനുവദിച്ച് ഖത്വര്‍ എയര്‍വേയ്‌സ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ വിമാന കമ്പനികളില്‍ നിന്ന് ഇത്തരം ഓഫറുകള്‍ ഉണ്ടാകാറില്ല. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും പുറമേ ജെറ്റ് എയര്‍വേയ്‌സ് മാത്രമാണ് ഖത്വറില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ മറ്റു ഗള്‍ഫ് നഗരങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഖത്വറില്‍ നിന്നും സര്‍വീസുകളില്ല. സ്വകാര്യ വിമാനങ്ങള്‍ ഖത്വറില്‍ താത്പര്യം പ്രകടിപ്പിക്കാത്തതും ഖത്വര്‍ എയര്‍വേയ്‌സിനു സര്‍വീസ് വര്‍ധിപ്പിക്കാന്‍ തടസ്സം സൃഷ്ടിക്കുകയാണ്.
അതിനിടെ അടുത്ത വര്‍ഷത്തോടെ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് ഖത്വര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാനങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സമ്മതിക്കാത്ത സാഹചര്യത്തില്‍ കണ്ണൂരിലേക്ക് സര്‍വീസ് അനുമതി നേടി നിലവില്‍ മറ്റു നഗരങ്ങളിലേക്കുള്ള സീറ്റുകള്‍ കുറച്ച് കണ്ണൂരിലേക്ക് വിമാനം പറത്തുകയായിരിക്കും പോംവഴി. തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചയില്‍ ഒമാനിലേക്ക് 5131 സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തില്‍ കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് ഇരട്ടിയാകും. ഇത് യാത്രക്കാര്‍ക്ക് നിരക്കിളവ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭിക്കും. ഖത്വര്‍ എയര്‍വേയ്‌സിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നെങ്കില്‍ കേരളത്തിലേതുള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് വര്‍ധിക്കാനും നിരക്കു കുറയാനും സഹായകമായിരുന്നു. എന്നാല്‍ ദേശീയ വിമാന കമ്പനികളുടെയും സ്വകാര്യ വിമാന കമ്പനിയുടെയും സമ്മര്‍ദംകൂടിയുണ്ടായതോടെ അധികൃതര്‍ ചുവപ്പു കൊടി കാട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.