Connect with us

Gulf

കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം

Published

|

Last Updated

ദോഹ: ഗള്‍ഫ് നാടുകള്‍ നികുതി നയം ശക്തിപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധരുടെ ശിപാര്‍ശ. മാറുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ മൂല്യവര്‍ധിത നികുതി വ്യാപിപ്പിക്കുന്നത് സാമ്പത്തിക സ്ഥിരതക്ക് സഹായിക്കുമെന്നാണ് ഉപദേശം. ജി സി സി രാജ്യങ്ങളുടെ പരിഗണനയിലുള്ള നിര്‍ദിഷ്ട നികുതി നിര്‍ദേശം തന്നെ രാജ്യങ്ങളെ കൂടുതല്‍ ഭദ്രമാക്കുമെന്ന് ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സെന്റര്‍ മുന്‍ ചീഫ് എകണോമിസ്റ്റും എക്‌സ്റ്റേണല്‍ റിലേഷന്‍സ് മേധാവിയുമായ ഡോ. നാസര്‍ സെയ്ദി പറഞ്ഞു. ഖത്വര്‍ ഗവണ്‍മെന്റിന്റെ നികുതി നയം പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ദോഹയിലെത്തിയ അദ്ദേഹം ഗള്‍ഫ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സുസ്ഥിരതക്കുമായി വ്യത്യസ്തമായ വഴികള്‍ തേടണമെന്ന് നേരത്തേ ഖത്വര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞിരുന്നു. ചെലവുകള്‍ നിയന്ത്രിക്കുകയും മൂലധന വിനിയോഗത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളില്‍, പ്രത്യേകിച്ച് നികുതി നയത്തില്‍ മാറ്റം വരുത്തണമെന്നാണ് തന്റെ ശിപാര്‍ശയെന്ന് ഡോ. നാസര്‍ പറഞ്ഞു. നാം ഇപ്പോള്‍ വ്യാപകമായി പറയുന്ന പുതിയ എണ്ണ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടിയിതാണ്. 60 ശതമാനം വിലിയിടിവാണ് എണ്ണ, വാതക വിപണി നേരിടുന്നത്.
ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുകയും പുകയില ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്തുകയും ചെയ്യണം. എണ്ണയുത്പന്നങ്ങള്‍, കാറുകള്‍ തുടങ്ങിയവക്കും നികുതി ചുമത്തണം. ജി സി സി രാജ്യങ്ങളില്‍ പുതിയ നികുതി സംസ്‌കാരത്തിന് തുടക്കമിടാന്‍ പറ്റിയ സമയമാണിത്. ഇറക്കുമതിത്തീരുവ ചുമത്തിയാല്‍ അതുവഴി നല്ല വരുമാനമുണ്ടാക്കാം. കൂടാതെ മലിനീകരണം, കാലാവസ്ഥാ മാറ്റം എന്നിവ നിയന്ത്രിക്കാനും ഹാനികരമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കാനും കഴിയും.
റോഡ് പോലെ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തണം. സര്‍ക്കാറുകള്‍ സ്ഥിരമായ വരുമാന സ്രോതസ്സിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുക തന്നെ വേണം. കഴിഞ്ഞ കാലങ്ങളില്‍ എല്ലാ സമയത്തും വരുമാനം ഇടിഞ്ഞിരുന്നു. ചെലവും ഇടിഞ്ഞു. പ്രധാനമായും നിക്ഷേപമേഖലയില്‍ കുറവുണ്ടായി. ഈ പ്രവണതകള്‍ ബിസിനസ് രംഗത്തേയും ബാധിച്ചു. അടുത്ത നാലഞ്ചു വര്‍ഷംകൂടി എണ്ണ വില സങ്കീര്‍ണമായി തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതുകൊണ്ടു തന്നെ ഗള്‍ഫ് നാടുകള്‍ സബ്‌സിഡി കുറച്ചും മറ്റു വഴികളിലൂടെയും സാമ്പത്തിക സ്ഥിതി സംരക്ഷിക്കണം. എണ്ണവിലിയിടവ് ഗള്‍ഫിന് വലിയ ഷോക്കേല്‍പ്പിച്ചിട്ടുണ്ട്. കയറ്റുമതി വരുമാനം കുറഞ്ഞു. അപ്പോള്‍ ഇതു തന്നെയാണ് സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താന്‍ അനുയോജ്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു.