തിരൂരില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പിടിവലി

Posted on: November 9, 2015 7:04 am | Last updated: November 9, 2015 at 7:04 am
SHARE

തിരൂര്‍: നഗരസഭാ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി മുന്നണിക്കകത്ത് പിടിവലി തുടങ്ങി. തിരൂര്‍ ഡവലപ്പ്‌മെന്റ് ഫോറം, സി പി എം, ചേളാരി വിഭാഗം സുന്നികള്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി കച്ചമുറുക്കിയിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി വാര്‍ഡ് 36 തുഞ്ചന്‍ പറമ്പില്‍ നിന്നും മത്സരിച്ചിരുന്ന സി പി എമ്മിന്റെ അഡ്വ. വി ചന്ദ്രശേഖരന്‍ തോറ്റതോടെയാണ് ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററും സി പി എം ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. എസ് ഗിരീഷിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടു വരാനാണ് സി പി എമ്മിന്റെ ശ്രമം. എന്നാല്‍ ടി ഡി എഫിന് ഗിരീഷിനെ കൊണ്ടുവരുന്നത് സ്വീകാര്യമല്ല. വി അബ്ദുര്‍റഹ്മാനുമായി അടുത്ത ബന്ധമുള്ളവരെയാണ് ടി ഡി എഫ് ഉദ്ദേശിക്കുന്നത്. ടി ഡി എഫ് സ്ഥാനാര്‍ഥിയായി വാര്‍ഡ് 29 പാട്ടുപറമ്പില്‍ നിന്നും വിജയിച്ച കെ ബാവ, സി പി എം സ്ഥാനാര്‍ഥിയായി വാര്‍ഡ് നാല് പൂക്കയില്‍ നിന്നും വിജയിച്ച ഇസ്ഹാഖ് മുഹമ്മദാലി എന്നീ പേരുകളാണ് ടി ഡി എഫ് മുന്നോട്ടു വെയ്ക്കുന്നത്. ഇതില്‍ നിന്നും വിട്ടു വീഴ്ച ചെയ്യേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന ടി ഡി എഫ് യോഗത്തിലെ തീരുമാനം. ടി ഡി എഫിന്റെ ആവശ്യം പൂര്‍ണമായും തള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് സി പി എം വ്യക്തമായ ഭൂരിപക്ഷമുള്ള ടി ഡി എഫിന്റെ പിന്തുണ ഭരണത്തിന് അനിവാര്യമാണ്. ഇതിനാല്‍ സി പി എം ടി ഡി എഫിന് വഴങ്ങാനാണ് സാധ്യത. എന്നാല്‍ സി പി എം ഘടകങ്ങള്‍ ഗിരീഷിനെ ചെയര്‍മാനാക്കണമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. അതേസമയം, വാര്‍ഡ് പതിനാല് പരന്നേക്കാട് നിന്നും ഇടത് സ്വതന്ത്രനായി വിജയിച്ച ചേളാരി വിദ്യാര്‍ഥി വിഭാഗം നേതാവ് തറമ്മല്‍ അശ്‌റഫിന് വേണ്ടിയും ചരടുവലി നടത്തുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പ് ഉണ്ടായതോടെ ഈ ആവശ്യം ടി ഡി എഫ് അംഗീകരിച്ചിട്ടില്ല.