ശമ്പളമുറപ്പു സംവിധാനത്തില്‍ ചേര്‍ന്നത് 14.5 ശതമാനം കമ്പനികള്‍ മാത്രം

Posted on: November 4, 2015 7:32 pm | Last updated: November 5, 2015 at 4:58 pm
SHARE

Untitled-1 copyദോഹ: രാജ്യത്ത് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന തൊഴിലാളികളുടെ വേതന സംരക്ഷണം നിയമം പാലിച്ച് രജിസ്‌ട്രേഷന്‍ നടത്തിയത് 14.5 ശതമാനം മാത്രം സ്ഥാപനങ്ങള്‍. രാജ്യത്തെ തൊഴില്‍ സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുമെന്ന് പ്രതീക്ഷിച്ച സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിനോട് തണുത്ത പ്രതികരണമാണ് കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ റായ അറബി പത്രമാണ് വിവരം പുറത്തു വിട്ടത്.
വേതന സംരക്ഷണ സംവിധാനം നടപ്പില്‍ വരുത്താത്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമം. ഓരോ നിയമലംഘനത്തിനും പിഴയും തടവു ശിക്ഷയും കമ്പനികള്‍ക്ക് വിസ അനുവദിക്കുുന്നത് നിര്‍ത്തി വെക്കുന്നതുള്‍പെടെയുള്ള ശിക്ഷാ രീതികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നേരത്തേ നല്‍കിയ ആറു മാസത്തെ സാവകാശം അവസാനിച്ചിട്ടും ഭൂരിഭാഗം കമ്പനികളും പദ്ധതി നടപ്പില്‍ വരുത്തി തൊഴിലാളികള്‍ക്ക് ബേങ്കുവഴി ശമ്പളം ഉറപ്പു വരുത്താന്‍ സന്നദ്ധമായിട്ടില്ല. നിയമലംഘനം കണ്ടെത്താന്‍ പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്ക് ഒരു ഇളവും ഉണ്ടാകില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
അതിനിടെ വേതന വിതരണ സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച ദിവസം അവസാനിക്കുകയും ഇളവ് അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കമ്പനികള്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കമ്പനി പ്രതിനിധികള്‍ തൊഴില്‍ മന്ത്രാലയം കാര്യാലയങ്ങളിലെത്തി പദ്ധതിയില്‍ ചേരുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വേതന സുരക്ഷാ നിയമം സംബന്ധിച്ച് കമ്പനികള്‍ക്ക് മതിയായ അറിവില്ലാത്തതാണ് വൈകാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. ബേങ്കുകളുമായി ബന്ധപ്പെട്ട് സംവിധാനം ഏര്‍പെടുത്തുന്നതിനും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കുണ്ടായി. ഇതു ബേങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വൈകിയതിന്റെ കാരണംബോധിപ്പിച്ച് മന്ത്രാലയത്തില്‍ നിന്നും സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സാവകാശം നേടുന്നതിനുള്ള ശ്രമവും കമ്പനികള്‍ നടത്തി വരുന്നതായി അല്‍ റായ പത്രം പറയുന്നു. അതേസമയം, ബേങ്കുകളിലും എ ടി എമ്മുകളിലും തിരക്കു കൂടിയതോടെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂരിഭാഗം കമ്പനികളും വേതന സംരക്ഷണ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നതോടെ തിരക്കു കൂടുമെന്നും മാസാദ്യം ശമ്പളം സ്വീകരിക്കുന്നതിന് കൂടുതല്‍ സംവിധാനം വേണ്ടി വരുമെന്നും നിരീക്ഷണണങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here