താനൂരിലെ ബി ജെ പി സ്ഥാനാര്‍ഥികള്‍ സുന്നി പ്രവര്‍ത്തകരല്ല

Posted on: October 31, 2015 10:45 am | Last updated: October 31, 2015 at 10:45 am

12115582_987946934601082_8576530572947102061_nതാനൂര്‍: താനൂര്‍ മുന്‍സിപ്പാലിറ്റിയിലെ 16-ാം ഡിവിഷന്‍ ബി ജെ പി സ്ഥാനാര്‍ഥി സുന്നി പ്രവര്‍ത്തകനാണെന്ന പ്രചാരണം സ്ഥാനാര്‍ഥി മുഹമ്മദ് റഫീഖ് നിഷേധിച്ചു. ബി ജെ പി അംഗമായിട്ട് രണ്ട് വര്‍ഷമായെന്നും ഇതിന് മുമ്പ് പതിനഞ്ച് വര്‍ഷക്കാലം മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടക്കാലത്ത് തന്നെ മുറിവേല്‍പ്പിക്കുന്ന പ്രവണത ലീഗില്‍ നിന്ന് ഉണ്ടായതാണ് മാറിച്ചിന്തിക്കാന്‍ കാരണം. ഇസ്‌ലാംമത വിശ്വാസിയായ താന്‍ മദ്‌റസ പത്താംതരം മാത്രമേ പഠനം നടത്തിയിട്ടുള്ളു. മതഭൗതിക, ബിരുദം നേടിയിട്ടില്ല. മര്‍കസ് എന്നല്ല, ഒരു മതസ്ഥാപനവുമായും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മത പണ്ഡിതന്‍മാരെ ഇഷ്ടപ്പെടുന്നയാളാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ എല്ലാവരും അറിയുന്ന പോലെ തനിക്കും അറിയാം. സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കുണ്ടൂര്‍ ഉസ്താദിന്റെ ഒമ്പതാം ഉറൂസുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ഥി ജലീല്‍ പനയത്തില്‍ സ്റ്റേജ് പങ്കിട്ടതായുള്ള വാര്‍ത്ത ദുരുദ്ദേശ്യപരമാണെന്ന് കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ ലത്വീഫ് ഹാജി പറഞ്ഞു. ഉസ്താദിന്റെ ജീവിത കാലത്ത് തന്നെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ ഇവിടെ വരാറുള്ളതാണ്. ആ ബന്ധം എക്കാലത്തും നില നിന്നു വരുന്നതുമാണ്. ഇവിടെത്തെ ഓരോ ഉറൂസിനും വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. ഒന്‍പതാം ഉറൂസിന്റെ ഭാഗമായി അഖിലേന്ത്യാ ന്യൂന പക്ഷ മോര്‍ച്ച അധ്യക്ഷനായ അഡ്വ. നസീര്‍ ആലുവയെ ക്ഷണിച്ചപ്പോള്‍ അവരുടെ കൂടെയെത്തിയതായിരുന്നു ജലീല്‍ പനയത്തെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടാം ഡിവിഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയായ മുസ്തഫക്കും സുന്നി പ്രസ്ഥാനവുമായി ബന്ധമില്ല. ഇദ്ദേഹത്തിന്റെ മക്കളെല്ലാം ഇ കെ വിഭാഗത്തിന്റെ മദ്‌റസയില്‍ പഠിക്കുന്നവരാണ്. താനൂര്‍ മുന്‍സിപ്പാലിറ്റിയിലെ 12,16,17 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലേക്ക് പൊന്‍മുണ്ടത്തുനിന്നും മത്സരിക്കുന്ന ബിജെ പി സ്ഥാനാര്‍ഥികള്‍ സുന്നി പ്രവര്‍ത്തകരാണെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് താനൂര്‍ സോണ്‍ എസ് വൈ എസ് കമ്മിറ്റി അറിയിച്ചു. വര്‍ഷങ്ങളായി കണ്ണന്തളിയിലുള്ള ചികിത്സകനായ ബാദുഷാ തങ്ങളെ ചുറ്റിപ്പറ്റി ജീവിച്ചുവരുന്ന നാലു പേരാണിവര്‍. ബാദുഷാ തങ്ങളും എസ് എസ് എഫ്, എസ് വൈ എസ് സംഘടനാ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടില്ല. ഈ സ്ഥാനാര്‍ഥികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്നു പിന്നില്‍ ചേളാരികള്‍ക്ക് വലിയ പങ്കുണ്ട്. പത്രത്തില്‍ പറയുന്ന തരത്തില്‍ താനൂരിലെ മുസ്‌ലിംകളെല്ലാം ബി ജെ പിയിലേക്കന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുക കൂടിയാണിവരെന്ന് എസ് വൈ എസ് ഭാവാഹികളായ പി ടി ഫൈസല്‍, അബ്ദുല്‍ കരീം ഹാജി, യൂനുസ് സഖാഫി പറഞ്ഞു.