Connect with us

Gulf

നാലാം ക്ലാസുകാരനെ സ്റ്റോറില്‍ അടച്ചിട്ട സംഭവം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ സ്ഥാപനത്തിന്റെ സ്റ്റോറില്‍ പൂട്ടിയിട്ടതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്‌കൂളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് പരാതിക്ക് നിദാനം.
ക്ലാസ്മുറികളില്‍ നിന്നും ഓഫീസില്‍ നിന്നും അല്‍പം മാറി സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ സ്റ്റോറിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ആവശ്യമായ പുസ്തകങ്ങളും പേനയും വാങ്ങാനെത്തിയ ഒമ്പതുവയസുകാരനെയാണ് സ്റ്റോര്‍കീപ്പര്‍ പുറത്തിറങ്ങാനനുവദിക്കാതെ പൂട്ടിയിട്ടതായി മാതാവ് അധികൃതരുടെ മുമ്പില്‍ പരാതിയുമായെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയെല്ലാം സ്റ്റോറില്‍ നിന്ന് പുറത്താക്കിയ സ്റ്റോര്‍കീപ്പര്‍ നാലാം ക്ലാസുകാരനെ മാത്രം അകത്താക്കി 10 മിനിറ്റിലധികം പൂട്ടിയിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ സ്റ്റോര്‍കീപ്പര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മാതാവിന്റെ പരാതി സ്വീകരിച്ച ഷാര്‍ജ എജ്യുക്കേഷണല്‍ സോണ്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഷാര്‍ജയിലടക്കം ചിലയിടങ്ങളില്‍ ചില അധ്യാപകര്‍ ക്ലാസ്മുറികളില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ വെച്ച് ഈയിടെ വിദ്യാര്‍ഥികളെ അടിക്കുന്ന സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് ഏറെ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മൊബൈല്‍ഫോണ്‍ കര്‍ശനമായി നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാഭ്യാസവകുപ്പ് വെളിപ്പെടുത്തിയിരുന്നു.