കാനഡയില്‍ ലിബറല്‍ പാര്‍ട്ടിക്ക് ചരിത്ര വിജയം

Posted on: October 20, 2015 10:55 pm | Last updated: October 21, 2015 at 12:56 am
SHARE

Montreal, Quebecഒട്ടാവ: കാനഡ പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് ചരിത്ര വിജയം. പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായ ഭരണം നടത്തുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ആധിപത്യം അവസാനിപ്പിച്ചാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നിരിക്കുന്നത്. ലിബറല്‍ പാര്‍ട്ടി നേതാവ് 43 കാരനായ ജസ്റ്റിന്‍ ട്രുഡോ പുതിയ പ്രധാനമന്ത്രിയാകും. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസ്റ്റിന്‍ ട്രുഡോ. 1968 മുതല്‍ 1984 വരെ കാനഡയില്‍ പ്രധാനമന്ത്രി പദത്തിലിരുന്ന പിയറി ട്രുഡോവിന്റെ മകനാണ് ഇദ്ദേഹം. രാജ്യത്തെ സാമ്പത്തികമായി പുരോഗതിയിലേക്ക് നയിക്കുന്ന അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് 7.7 മില്യണ്‍ ഡോളര്‍ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ലിമെന്റില്‍ റെക്കോര്‍ഡ് സീറ്റുകളാണ് ലിബറല്‍ പാര്‍ട്ടി കരസ്ഥമാക്കിയത്. ആകെയുള്ള 338 സീറ്റുകളില്‍ 184 എണ്ണവും ലിബറല്‍ പാര്‍ട്ടിക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താണുണ്ടായിരുന്നത്. ഇടതുപക്ഷ അനുകൂല ഡെമേക്രാറ്റിക് പാര്‍ട്ടിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രധാന പ്രതിപക്ഷമായിരിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ പരാജയം സമ്മതിച്ചു. ഒമ്പത് വര്‍ഷത്തിലധികമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു അധികാരത്തില്‍. ഇറാനുമായി അമേരിക്ക നടത്തിയ ആണവ കരാറിന്റെ വിഷയത്തില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ സമീപനത്തില്‍ മാറ്റം വരുത്തുമെന്ന് പുതിയ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ട്രുഡോ രംഗത്തെത്തിയപ്പോള്‍ തന്നെ പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള അനുഭവമില്ലാത്ത ആളാണെന്നും അദ്ദേഹം ജനിച്ചുവളര്‍ന്ന ഒട്ടാവയിലേക്ക് പ്രധാനമന്ത്രിയുടെ വസതി മാറ്റേണ്ടിവരുമെന്നും കളിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മൂന്നാം സ്ഥാനമാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആക്രമണത്തെ പ്രതിരോധിച്ച് അദ്ദേഹം വന്‍ മുന്നേറ്റം നടത്തിയിരുന്നു. മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പലരും കരുതിയതെങ്കിലും അവിചാരിതമായ വിജയമാണ് ഉണ്ടായിരിക്കുന്നത്.
ട്രുഡോയുടെ വിജയം ഉറപ്പായതോടെ പാര്‍ട്ടി ആസ്ഥാനത്തും തെരുവുകളിലും അദ്ദേഹത്തിന്റെ അനുയായികള്‍ ആവേശഭരിതമായി രംഗത്തിറങ്ങി.
.

LEAVE A REPLY

Please enter your comment!
Please enter your name here