ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യം: കേന്ദ്ര നിയമ മന്ത്രി

Posted on: October 14, 2015 11:42 pm | Last updated: October 14, 2015 at 11:42 pm
SHARE

sadanantha goudaന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നടപ്പാക്കേണ്ടത് ദേശീയ താത്പര്യമാണെന്നും നിയമമന്ത്രി സദാനന്ദ ഗൗഡ. എല്ലാ വിഭാഗവുമായും സമവായമുണ്ടാക്കാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ട എല്ലാവരുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏക സിവില്‍ കോഡ് വേണമെന്നാണ് താത്പര്യമെങ്കില്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നായിരുന്നു ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതോടെ ദേശീയോദ്ഗ്രഥനത്തില്‍ നല്ലരീതിയിലുള്ള പ്രതിഫലനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിലില്‍ പാര്‍ലിമെന്റിലും ഇതേ അഭിപ്രായമാണ് താന്‍ പ്രകടിപ്പിച്ചത്. രാജ്യം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പല നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളിലൂടെയുമാണ് മുന്നോട്ടുപോകുന്നത്. രണ്ട് ദിവസം കൊണ്ട് ഇക്കാര്യത്തിലൊരു മാറ്റംവരുത്താന്‍ കഴിയില്ല. ഭരണഘടനയുടെ ആമുഖവും 44 ഖണ്ഡികയും ഏക സിവില്‍ കോഡ് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, ഇത് സങ്കീര്‍ണമായ പ്രശ്‌നമാണ്.
വിവിധ മതങ്ങള്‍ക്കും കക്ഷികള്‍ക്കുമിടയില്‍ ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണ്. ഏക സിവില്‍ കോഡ്, ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നീ മൂന്ന് വിഷയങ്ങളെ നയപരമായ പ്രശ്‌നമെന്ന നിലയിലാണ് ബി ജെ പി സമീപിക്കുന്നത്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ എല്ലാവരുമായുള്ള ചര്‍ച്ച തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം പിരിഞ്ഞ് കഴിഞ്ഞ ശേഷം മാത്രമേ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയൂവെന്ന ചട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ മുന്നാഴ്ചക്കകം ഭേദഗതി നിര്‍ദേശിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here