ശൈഖ് മുഹമ്മദിന്റെ കവിതകള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി എമിഗ്രേഷന്‍

Posted on: October 14, 2015 6:00 pm | Last updated: October 14, 2015 at 6:15 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മികവുറ്റ കവിതകള്‍ക്ക് വര്‍ണക്കാഴ്ച്ച ഒരുക്കി ദുബൈ എമിഗ്രേഷന്റെ ഓപ്പണ്‍ എയര്‍ മ്യുസിയം.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ മ്യൂസിയമായ ദുബൈ താമസ-കുടിയേറ്റ വകുപ്പ് മ്യൂസിയത്തിന്റെ രണ്ടാം ഘട്ട പതിപ്പിലാണ് ശൈഖ് മുഹമ്മദിന്റെ കവിതകള്‍ സ്ഥാനം പിടിച്ചത്. യു എ ഇയിലെ അറിയപ്പെടുന്ന ചിത്രക്കാരന്‍ നര്‍ജെസ് നൂറുദ്ദീനാണ് ഭരണാധികാരിയുടെ കവിതകള്‍ കാലിഗ്രാഫി എഴുത്ത് രീതിയില്‍ ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ ഒരുക്കിയത്. ദുബൈ
എമിഗ്രേഷന്റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ആസ്ഥാനമന്ദിരത്തിന്റെ ഗേറ്റ് നമ്പര്‍ ഒന്നിന്റെ മുകള്‍ ഭാഗമാണ് ഓപ്പണ്‍ എയര്‍ മ്യൂസിയമായത്. ബ്രാന്റ്് ദുബൈക്ക് കീഴില്‍ എമിറേറ്റിനെ തുറന്ന കാന്‍വാസാക്കി മാറ്റുമെന്ന് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനത്തിന് ചുവടുപിടിച്ചാണ് ഇത്തരത്തിലുള്ള ഓപ്പണ്‍ എയര്‍ മ്യൂസിയം വകുപ്പ് സ്ഥാപിച്ചത്. മ്യൂസിയത്തിന്റെ രണ്ടാം ഘട്ട പതിപ്പിന്റെ ഉദ്ഘാടനം ദുബൈ താമസ-കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറിയാണ് നിര്‍വഹിച്ചത്.
താമസ-കുടിയേറ്റ വകുപ്പിന്റെ വിവിധ മേധാവികള്‍, അബുദാബി താമസ-കുടിയേറ്റ വകുപ്പ്, ഫുജൈറ താമസ-കുടിയേറ്റ വകുപ്പ്്, ദുബൈ കസ്റ്റംസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.