Connect with us

National

സാഹിത്യ അക്കാദമിയില്‍ കൂട്ട രാജി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സാഹിത്യലോകം തുടങ്ങിയ പ്രതിഷേധത്തില്‍ മലയാളി എഴുത്തുകാരും ഭാഗമാകുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവളും എഴുത്തുകാരിയുമായ നയന്‍താര സെഹ്‌വാള്‍ തുടങ്ങിവെച്ച പ്രതിഷേധം സാഹിത്യലോകത്ത് കൊടുങ്കാറ്റായി മാറുകയാണ്. കവി കെ സച്ചിദാനന്ദന്‍, നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫ്, കഥാകൃത്ത് പി കെ പാറക്കടവ് എന്നിവരാണ് മലയാള സാഹിത്യ ലോകത്ത് നിന്ന് ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയത്.
സച്ചിദാനന്ദനും മിനിക്കഥകളിലൂടെ ശ്രദ്ധേയനായ പി കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സാറാ ജോസഫ് തിരിച്ചു നല്‍കി. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ അപലപിച്ച് പ്രമേയം പാസ്സാക്കാന്‍ പോലും കേന്ദ്ര സാഹിത്യ അക്കാദമി തയ്യാറാകാത്തതിനെ ചോദ്യം ചെയ്ത കെ സച്ചിദാനന്ദന്‍, സാഹിത്യ അക്കാദമിയും ജനറല്‍ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്നും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗത്വത്തില്‍ നിന്നും രാജിവെച്ചുകൊണ്ട് കത്ത് നല്‍കി. 2003ല്‍ “അലാഹയുടെ പെണ്‍മക്കള്‍” എന്ന നോവലിന് ലഭിച്ച അക്കാദമി പുരസ്‌കാരമാണ് സാറാ ജോസഫ് തിരികെ നല്‍കിയത്. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് ശശി ദേശ്പാണ്ഡെ സാഹിത്യ അക്കാദമി കൗണ്‍സിലില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഹനിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നയങ്ങള്‍ വര്‍ഗീയ ഫാസിസത്തെ പിന്തുണക്കുന്നതാണെന്ന് മൂവരും വ്യത്യസ്ത പ്രസ്താവനകളില്‍ അറിയിച്ചു. സാഹിത്യ നിരൂപകനായ സി ആര്‍ പ്രസാദും കെ എസ് രവികുമാറും അക്കാദമി അംഗത്വം രാജിവെച്ചു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സാഹിത്യകാരന്‍ ആനന്ദ് കേന്ദ്ര സാഹിത്യ അക്കാദമിക്ക് കത്തയച്ചു. പുരസ്‌കാരം തിരികെ നല്‍കുന്നതിനേക്കാള്‍ ക്രിയാത്മക നടപടികളാണ് ആവശ്യമെന്നും അക്കാദമികളെ ഉപേക്ഷിക്കുന്നതിനെക്കാള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് വേണ്ടതെന്നും ആനന്ദ് അഭിപ്രായപ്പെട്ടു. കവി അശോക് വാജ്പയിയും നെഹ്‌റുവിന്റെ സഹോദരിപുത്രി നയന്‍താര സെഹ്‌വാളും കന്നഡ സാഹിത്യകാരന്‍ ഉദയപ്രകാശും കഴിഞ്ഞ ദിവസങ്ങളില്‍ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.
എഴുത്തുകാരെ കേന്ദ്ര സര്‍ക്കാര്‍ തന്നെ വധിക്കുകയാണെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തി. രാജ്യം ഏറ്റവും ഭയജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍ ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വരതയെയും തകര്‍ക്കാന്‍ മാത്രം ശക്തമാണെന്ന തിരിച്ചറിവുണ്ടാകണം. അത്തരത്തില്‍ വിസ്‌ഫോടനകരമായ ഒരന്തരീക്ഷം ഭാവിയില്‍ വരാതിരിക്കാനെങ്കിലും ചെറുത്തു നില്‍പ്പും പ്രതിരോധവും എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സാറാ ജോസഫ് പറഞ്ഞു. ധബോല്‍ക്കറെയും പന്‍സാരയെയും കല്‍ബുര്‍ഗിയെയും വധിച്ചതിനു മുമ്പുണ്ടായ സംഭവങ്ങള്‍, പെരുമാള്‍ മുരുഗന് എതിരായുണ്ടായ ആക്രമണം, അതിനു മുമ്പും നടന്നു കൊണ്ടിരുന്ന വര്‍ഗീയ അജന്‍ഡ വെച്ചുള്ള പ്രയോഗങ്ങള്‍, പ്രസ്താവനകള്‍ ഇതിനൊന്നും മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും സാറാ ജോസഫ് പറഞ്ഞു.
സ്വാതന്ത്ര്യ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പദവി രാജിവെക്കുന്നതെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തരാവസ്ഥക്ക് സമാനമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. എന്ത് ഭക്ഷിക്കണം, ചിന്തിക്കണം, എഴുതണം എന്ന് ചിലര്‍ തീരുമാനിക്കുന്നു. അല്ലാത്തവരെ ഹീനമായി കൊലപ്പെടുത്തുന്നു. ഫാസിസ്റ്റ്‌വത്കരണത്തിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ നീക്കമെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
അദൃശ്യമായ അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് തന്റെ രാജിയെന്ന് പി കെ പാറക്കടവ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകാലത്ത് ഭരണാധികാരികള്‍ മൗനം പാലിക്കുന്നു. എഴുത്തുകാരനെന്ന നിലയില്‍ ഇതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയെന്നും പാറക്കടവ് പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിക്കാന്‍ പുരസ്‌കാരം തിരികെ നല്‍കിയിട്ട് ഫലമില്ലെന്ന് സുഗതകുമാരി പ്രതികരിച്ചു. പ്രതിഷേധമുണ്ടെങ്കിലും പുരസ്‌കാരം തിരികെ നല്‍കില്ലെന്ന് എം ടി വാസുദേവന്‍ നായരും പറഞ്ഞു.

Latest