വെെദ്യശാസ്ത്ര നൊബേല്‍ വില്യം കാംപ്‌ബെല്‍, സതോഷി ഒമുറ, യുയു ടു എന്നിവര്‍ക്ക്

Posted on: October 5, 2015 3:57 pm | Last updated: October 6, 2015 at 8:55 am

MEDICINE NOBEL 2015

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് വില്യം സി കാമ്പെല്‍, സതോഷി ഒമൂറ, യുയു തു എന്നിവര്‍ അര്‍ഹരായി. നാടവിര മൂലമുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തിയതിനാണ് കാമ്പെലും ഒമൂറയും നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്. മലേറിയക്ക് മരുന്ന് കണ്ടെത്തിയത് യുയു തുവിനെയും അവാര്‍ഡിന് അര്‍ഹയാക്കി. വില്യം സി കാമ്പെല്‍ അയര്‍ ലാന്‍ഡ് സ്വദേശിയും സതോഷി ഒമൂറ ജപ്പാനീസ് വംശജനും യുയു തു ചൈനക്കാരിയുമാണ്. കാമ്പെലിനും ഒമൂറക്കും പുരസ്‌കാര തുകയില്‍ പകുതി ലഭിക്കും. ബാക്കി പകുതി യുയു തുവിന് അര്‍ഹതപ്പെട്ടതാണ്.
നാടവിര വഴിയുണ്ടാകുന്ന റിവര്‍ ബ്ലൈന്‍ഡ്‌നസ്, മന്ത് രോഗബാധകള്‍ വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുന്ന അവര്‍മെക്ടിന്‍ എന്ന മരുന്നാണ് വില്യം കാമ്പെലും സതോഷി ഒമൂറയും ചേര്‍ന്ന് വികസിപ്പിച്ചത്. മലേറിയ ബാധിച്ചുള്ള മരണനിരക്ക് ഗണ്യമായി കുറക്കാന്‍ ഉപകരിച്ച ആര്‍ട്ടെമിസിനിന്‍ എന്ന മരുന്ന് വികസിപ്പിച്ചെടുത്തതിനാണ് യുയു തുവിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ലോകത്താകമാനം ഇത്തരം രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വലിയ ആശ്വാസമാകുന്ന കണ്ടുപിടിത്തങ്ങളാണ് സമ്മാന ജേതാക്കള്‍ നടത്തിയിട്ടുള്ളതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
ന്യൂജേഴ്‌സി മാഡിസണിലെ ഡ്ര്യൂ സര്‍വകലാശാലയില്‍ മുന്‍ റിസര്‍ച്ച് ഫെലോയാണ് കാമ്പെല്‍. ജപ്പാനിലെ കിതാസാതോ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു ഒമൂറ. ചൈനാ അക്കാദമി ഓഫ് ട്രഡീഷനല്‍ ചൈനീസ് മെഡിസിനില്‍ ചീഫ് പ്രൊഫസറാണ് യുയു തു.